ആറാമത് സോന -കേളി യുവജനോല്‍സവം പ്രവാസ ബാല്യത്തിന്റെ കലാമാമാങ്കത്തിന് കൊടിയിറങ്ങി
Monday, October 13, 2014 4:45 AM IST
റിയാദ്: പ്രവാസത്തിന്റെ ഊഷരതയില്‍ കലയുടെയും സാഹിത്യത്തിന്റെയും രചനയുടെയും നടനത്തിന്റെയും വര്‍ണശബളമായ ചക്രവാളത്തിന്റെ വാതായനങ്ങള്‍ പ്രവാസ ബാല്യങ്ങള്‍ക്കായി തുറക്കപ്പെട്ട നാലു നാളുകളില്‍ സര്‍ഗവാസനയുടെ മുകിലുകള്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ മല്‍സരവേദികള്‍ക്ക് തിരശീല വീണു. പ്രവാസലോകത്തെ വിദ്യാര്‍ഥികള്‍ക്കായുള്ള ഏറ്റവും വലിയ കലാ മാമാങ്കമായ ആറാമത് സോന-കേളി സ്കൂള്‍ യുവജനോല്‍സവത്തിന് സമാപനമായി.

വെള്ളിയാഴ്ച്ച നടന്ന സമാപന സമ്മേളനവും സമ്മദാന ചടങ്ങും പ്രമുഖ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. യുവജനോല്‍സവ സംഘാടക സമിതി കണ്‍വീനര്‍ കുഞ്ഞിരാമന്‍ മയ്യില്‍ അധ്യക്ഷത വഹിച്ചു.

ആറാമത് കേളി സ്കൂള്‍ യുവജനോല്‍സവത്തിന്റെ മുഖ്യ പ്രായോജകരായ സോന ജൂവലേഴ്സിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുരജ്, സഫാമക്ക പോളി ക്ളിനിക്ക് മാര്‍ക്കറ്റിംഗ് മാനേജര്‍ യഹ്യ, ക്ളിക്കോണ്‍ എംഡി നാസര്‍

അബൂബക്കര്‍, പാരഗണ്‍ ഗ്രൂപ്പ് എംഡി ബഷീര്‍ മുസ്ലിയാരകത്ത്, കോസ്മോ ട്രാവല്‍ കണ്‍ട്രി മാനേജര്‍ സെയ്ദ് താജ്, ജി-മാര്‍ട്ട് എംഡി ശശി, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, സാംസ്കാരിക പ്രവര്‍ത്തകരായ ബാലചന്ദ്രന്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ബഷീര്‍ പാങ്ങോട്, മോഡേണ്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷാഫി, മഹാത്മ സ്കൂള്‍ മാനേജര്‍ ജബാര്‍, മാധ്യമപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര, ഒഐസിസി പ്രതിനിധി അഡ്വ. എല്‍.കെ. അജിത്, കേളി കുടുംബവേദി സെക്രട്ടറി സിന്ധു ഷാജി, പ്രസിഡന്റ് ഷമീം ഹുസൈന്‍, കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി അംഗം ദസ്തഗീര്‍, യുവജനോല്‍സവ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ.ടി. ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. കേളി സെക്രട്ടറി റഷീദ് മേലേതില്‍ സ്വാഗതവും യുവജനോല്‍സവ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന സമ്മാനദാന ചടങ്ങില്‍ 42 ഇനങ്ങളിലെ വിജയികള്‍ക്ക് മെഡലുകളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മല്‍സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സ്കൂളുകള്‍ മുഖേന വിതരണം ചെയ്യുന്നതിനായി പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ പ്രതിനിധികള്‍ക്ക് ചടങ്ങില്‍ കൈമാറി. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയ സ്കൂളിനുള്ള സോന ജൂവലറി നല്‍കുന്ന അഞ്ചു പവന്റെ ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് സോന-കേളി റോളിംഗ്് ട്രോഫി 286 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദ് (ഐഐഎസ്ആര്‍) കരസ്ഥമാക്കി. കാണികളുടെയും ഐഐഎസ്ആര്‍ വിദ്യാര്‍ഥികളുടെയും ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ മുഖ്യാതിഥി അശോകന്‍ ചരുവില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് ട്രോഫി ഐഐഎസ്ആര്‍ പ്രതിനിധി പത്മിനി ടീച്ചര്‍ക്ക് കൈമാറി.

121 പോയിന്റുകള്‍ നേടി യാരാ സ്കൂള്‍ രണ്ടാം സ്ഥാനത്തും, 100 പോയിന്റുകള്‍ നേടി മോഡേണ്‍ സ്കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി. പതിനാറ് സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് യുവജനോല്‍സവത്തില്‍ പങ്കെടുത്തത്. ഏറ്റവും കൂടുതല്‍ കുട്ടികളെ മല്‍സരത്തില്‍ പങ്കെടുപ്പിച്ചതിനുള്ള ട്രോഫിയും ഐഐഎസ്ആര്‍ ആണ് കരസ്ഥമാക്കിയത്. കേളി ന്യൂ സനയ്യ ഏരിയയിലെ അറൈഷ് യുണിറ്റ് അംഗമായ ആര്‍ട്ടിസ്റ് ശ്രീകുമാര്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച ട്രോഫി അറൈഷ് യുണിറ്റ് പ്രവര്‍ത്തകരായ ചെല്ലപ്പന്‍, ഷമീര്‍ ഇടപ്പള്ളി, സുരേഷ് ബാബു, കൃഷ്ണകുമാര്‍, ആര്‍ട്ടിസ്റ് ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഐഐഎസ്ആര്‍ പ്രതിനിധി പത്മിനി ടീച്ചര്‍ക്ക് ചടങ്ങില്‍ കൈമാറി.

സമാപന ദിവസമായ വെള്ളിയാഴ്ച്ച നടന്ന മല്‍സരങ്ങളില്‍ കഥപറയല്‍ ഇംഗ്ളീഷ് കിഡ്സ് (ഷാന്‍സെ ആരിഫ് ഷാ, ഡിപിഎസ്), മപ്പിളപാട്ട് സീനിയര്‍ (നസറുദ്ദീന്‍ കെ. നൂറുദ്ദീന്‍, യാര), ഉപകരണ സംഗീതം (ജോണ്‍ സണ്ണി അല്‍യാസ്മിന്‍), ഫാന്‍സി ഡ്രസ് ജൂണിയര്‍ (പ്രണവ് മേനോന്‍, ഐഐഎസ്ആര്‍), ഫാന്‍സി ഡ്രസ്സ് സീനിയര്‍ (സൌരവ് മോഹന്‍, ഐ.ഐ.എസ്.ആര്‍), ഗ്രൂപ്പ് ഡന്‍സ് (വിസ്മയ വിനോദന്‍ ആന്‍ഡ് ടീം, ഐഐഎസ്ആര്‍), ഒപ്പന (ഫാത്തിമ തസ്നി, അലിഫ്), വട്ടപ്പാട്ട് (പ്രണവ് മേനോന്‍, ഐഐഎസ്ആര്‍) എന്നിവര്‍ വിജയികളായി. ഗ്രൂപ്പ് ഡാന്‍സ്, ഒപ്പന, വട്ടപ്പാട്ട്, ഫാന്‍സി ഡ്രസ്, ഉപകരണ സംഗീതം എന്നിവയിലെ മല്‍സരം മികച്ച നിലവാരം പുലര്‍ത്തി. സൌദി അറേബ്യയുടെ വിവിധപ്രദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത അതത് വിഷയങ്ങളിലെ പ്രഗല്‍ഭരായിരുന്നു വിധികര്‍ത്താക്കള്‍.

യുവജനോല്‍സവത്തിലെ വിധികര്‍ത്താക്കള്‍, അപ്പീല്‍ കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, യുവജനോല്‍സവത്തിന്റെ ലോഗോ രൂപകല്‍പന ചെയ്ത നജിം കൊച്ചുകലുങ്ക്, മനോഹരമായ രണ്ട് സ്റേജുകള്‍ ഒരുക്കിയ സ്റേജ് കമ്മിറ്റി അംഗങ്ങള്‍, കഴിഞ്ഞ കേളി ഓണാഘോഷ പരിപാടികളിലെ വിധികര്‍ത്താക്കള്‍ എന്നിവരെ ചടങ്ങില്‍ മെമെന്റോ നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍