പ്രവാസി മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
Saturday, October 11, 2014 6:04 AM IST
ജിദ്ദ: പ്രവാസി സാംസ്കാരികവേദി മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദ അഡ്ഹോക് കമ്മിറ്റി ആക്ടിംഗ് ചെയര്‍മാന്‍ ശ്യാംഗോവിന്ദ്,

മാഹിര്‍ ബാലുശേരിക്ക് പ്രാഥമികാംഗത്വം നല്‍കി കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മരുഭൂമിയുടെ കത്തുന്ന ചൂടില്‍ അന്നം തേടി ഒടുങ്ങിയമരുന്ന പ്രവാസിയുടെ ജീവിത സമസ്യകള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്െടത്തുക, പ്രവാസിയുടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ ചിന്താ മണ്ഡലങ്ങളില്‍ ദിശാബോധം നല്‍കുക, തിരിച്ച് നാട്ടില്‍ ചെല്ലുമ്പോള്‍ പുനരധിവാസം ഉറപ്പ് വരുത്തുക എന്നീ ഉദ്ദേശങ്ങളോടെ സൌദി അറേബ്യ കേന്ദ്രീകരിച്ച് രൂപം കൊടുത്ത പുതിയ കൂട്ടായ്മയാണ് പ്രവാസി സാംസ്കാരിക വേദി.

അസീസിയ, അല്‍ഹംറ, ശറഫിയ, സനാഇയ്യ എന്നീ മേഘലകളിലായി നാല് അഡ്ഹോക് കമ്മറ്റികളാണ് ജിദ്ദയില്‍ ഇപ്പോള്‍ നിലവിലുള്ളത്. കൂടാതെ റിയാദ്, ദമാം, അല്‍കോബാര്‍ എന്നിവിടങ്ങളിലും പ്രവാസി സാംസ്കാരിക വേദിക്ക് ഘടകങ്ങളുണ്ട്.

ക്ഷേമ രാഷ്ട്രം സ്വപ്നം കണ്ട പൂര്‍വികരുടെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ്, കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ തുറന്നുകൊടുത്തു

കൊണ്ടിരിക്കുകയാണ് മാറി മാറി വരുന്ന സര്‍ക്കാരുകളെന്നും പ്രവാസികള്‍ ഇക്കാര്യത്തില്‍ ബോധാവാന്മാരാകണമെന്നും ശ്യാംഗോവിന്ദ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഖലീല്‍റഹ്മാന്‍ പാലോട് പ്രവാസി സാംസ്കാരിക വേദിയെ സദസിന് പരിചയപ്പെടുത്തി. അഴിമതി രഹിത ഇന്ത്യക്ക് നേരിന്റെ രാഷ്ട്രീയം ഉണ്ടാക്കാന്‍ പ്രവാസികള്‍ രാഷ്ട്രീയ സാക്ഷരതയുള്ളവരാകണമെന്നു ഖലീല്‍ സദസിനെ ഓര്‍മപെടുത്തി. കാമ്പയിന്‍ ആസൂത്രണത്തെ കുറിച്ച് ഫദല്‍ കൊച്ചി ക്ളാസെടുത്തു. ഇസ്മായില്‍ കല്ലായി സ്വാഗതവും അലവി തുറക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍