തുള്‍സി ഗബാര്‍ഡ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു
Saturday, October 11, 2014 6:02 AM IST
ഇര്‍വിംഗ്: ഹവായില്‍ നിന്നുളള യുഎസ് കോണ്‍ഗ്രസ് വനിതാ അംഗം തുള്‍സി ഗബാര്‍ഡ് ഇര്‍വിംഗില്‍ പുതിയതായി നിര്‍മിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ച് മഹാത്മാഗന്ധിയുടെ പ്രതിമയ്ക്കു മുമ്പില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.

ഒക്ടോബര്‍ മൂന്നിന് രാവിലെ പുതിയതായി നിര്‍മിച്ച ഹിന്ദു ടെമ്പിള്‍ ഓഫ് ഗ്രേറ്റ് ഫോര്‍ട്ട്വര്‍ത്തില്‍ എത്തിയ വനിതാ അംഗത്തെ ചെയര്‍മാന്‍ ഡോ. സുബ്രഹ്മണ്യം, പ്രസിഡന്റ് ലക്ഷ്മി, സെക്രട്ടറി ഡോ. വെങ്കിട്ട്, ട്രഷറര്‍ മുരളി എന്നിവര്‍ ചേര്‍ന്ന് പൂര്‍ണ കുംഭത്തോടെയാണ് സ്വീകരിച്ചാനയിച്ചത്. രണ്ടു വര്‍ഷം മുമ്പ് നടന്ന ഗ്രൌണ്ട് ബ്രേക്കിംഗ് സെറിമണിയില്‍ പങ്കെടുത്ത തുള്‍സി, ടെമ്പിളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ചുമതലക്കാരെ പ്രത്യേകം അഭിനന്ദിച്ചു.

തുടര്‍ന്ന് ഇര്‍വിംഗിലുളള മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ തുള്‍സിയെ എംജിഎം എന്‍.ടി. പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടകൂറ, സെക്രട്ടറി റാവു കല്‍വാല, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുമ്പില്‍ അല്‍പ്പസമയം മൌനമായി നിന്നതിനുശേഷം പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. ഭാവി തലമുറക്ക് ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തെകുറിച്ചും അതിനു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുളളവരെ കുറിച്ചും അവബോധം നല്‍കുന്നതിന് ഇത് ഇടയാകട്ടെ എന്ന് ആശംസിച്ചു.

ചെറുപ്പം മുതല്‍ ഹിന്ദു വിശ്വാസത്തില്‍ വളരുന്നതിനും എവിടെ പോകുമ്പോഴും ഭഗവത്ഗീത കൈവശം വയ്ക്കുന്നതിനും യുഎസ് കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ തുള്‍സി പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ പറഞ്ഞു. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ ഹിന്ദു വിശ്വാസികള്‍ക്ക് തുള്‍സി എന്നും ഒരു പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരക്കു പിടിച്ച പരിപാടികള്‍ക്കിടയിലും ഡാളസില്‍ രണ്ടു ദിവസം ചെലവഴിച്ച വനിതാ അംഗത്തിന് സംഘാടകര്‍ നന്ദി പറഞ്ഞു. ലോഡ് കൃഷ്ണയുടെ മരത്തില്‍ കൊത്തിയെടുത്ത മനോഹരമായ ഒരു പ്രതിമ മൊമന്റോയായി നല്‍കി. ഹിന്ദു സമൂഹം നല്‍കിയ സ്വീകരണത്തിനു തുള്‍സി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍