നൂതന കര്‍മ്മപരിപാടികളുമായി ഫൊക്കാന
Saturday, October 11, 2014 3:52 AM IST
ടൊറാന്റോ: ഫൊക്കാനായുടെ ആദ്യ ദേശീയ കമ്മിറ്റി യോഗം 2014 ഒക്ടോബര്‍ നാലിന് ടൊറന്റോയിലുള്ള ടൊറാന്റോ മലയാളി സമാജത്തില്‍ വെച്ച് നടത്തപ്പട്ടു. യോഗത്തില്‍ പ്രസിഡന്റ് ജോണ്‍. പി. ജോണ്‍ ആദ്ധ്യക്ഷത വഹിച്ചു.

കലാകായിക മേഖലകളില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാന്നിദ്ധ്യം ഉറപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും ഉള്ള നടപടികള്‍ സ്വീകരിക്കുക, പുത്തന്‍ തലമുറയെ മാതൃരാജ്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക, സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുവാന്‍ ദേശീയ കമ്മിറ്റി തീരുമാനിച്ചു. ജനഹൃദയങ്ങളില്‍ ഇതിനോടകം ചിര പ്രതിഷ്ഠ നേടിയ 'ഭാഷയ്ക്കൊരു ഡോളര്‍' സ്പെല്ലിംഗ് ബീ കോമ്പറ്റീഷന്‍, ജില്ലക്കൊരു കാല്‍ തുടങ്ങിയ പരിപാടികള്‍ വിപുലീകരിക്കുവാനും യോഗം തീരുമാനിച്ചു.

ജനറല്‍ സെക്രട്ടറി വിനോദ് കെ.ആര്‍.കെ സ്വാഗതവും അസിസ്റന്റ് ട്രഷറര്‍ സണ്ണി ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. ട്രഷറര്‍ ജോയ് ഇട്ടന്‍ 2014 2016 ലേക്കുള്ള ഫൊക്കാനാ ബഡ്ജറ്റ് അവതരിപ്പിച്ച് സംസാരിച്ചു.

ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ , അസിസ്റന്റ് ജോയിന്റ് ട്രഷറര്‍ ഡോ. മാത്യൂ വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം