ദൃശ്യ വിരുന്നൊരുക്കി തനിമ 'ഈദ് ഫെസ്റ് 2014'
Friday, October 10, 2014 8:07 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ തനിമ ഈദ് ഫെസ്റ് 2014 പ്രവാസികള്‍ക്ക് വ്യത്യസ്ത അനുഭവമായി. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഫെസ്റില്‍ മലര്‍വാടി, സ്റുഡന്റ്സ് ഇന്ത്യ, യൂത്ത് ഇന്ത്യ തുടങ്ങി വിവിധ വിഭാഗത്തില്‍ പെട്ടവരുടെ കലാ വിഭവങ്ങള്‍ അരങ്ങേറി.

മിമിക്സ് പ്രോഗ്രാം, ഷാഡോ പ്ളേ, സ്കിറ്റ്, വില്‍പ്പാട്ട്, സംഗീത ശില്‍പ്പം, ഒപ്പന, കോല്‍ക്കളി, മാര്‍ച്ച് പാസ്റ് തുടങ്ങി ആകര്‍ഷകമായ ഇനങ്ങളാണ് ഒരുക്കിയത്. സിറാജ് ആലപ്പി സംവിധാനം ചെയ്ത ഷാഡോ പ്ളേ മരണത്തെ കുറിച്ചും ജീവിതത്തിന്റെ നൈമിഷികതയെകുറിച്ചും ഓര്‍മപ്പെടുതുന്നതായി. നര്‍മത്തിന്റെ മേമ്പൊടിയോടെ ബിജു മുണ്ടക്കയം, അതുല്‍ മണത്തറ തുടങ്ങിയവര്‍ ചേര്‍ന്ന് അവതരിപ്പിച്ച മിമിക്സ് സദസിന് ആസ്വാദ്യകരമായി. ജിന്‍ഷ ഹരിദാസ്, ഗോപിക സുനില്‍, സിറാജ് ആലപ്പി, നൌഷാദ് മാള, രാജു നായിഡു, ഇബ ഷരീഫ്, നുഹ ഷബീര്‍, സ്വാലിഹ സക്കീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ആനുകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി അര്‍ഷദലിയും സംഘവും വില്‍പ്പാട്ട് അവതരിപ്പിച്ചു. ടൊയോട്ട, അദാമ, ദമാം, റബിഅ ഏരിയകളിലെ മലര്‍വാടി കുട്ടികള്‍ അറബ് സ്വാഗത ഗാനം, ഒപ്പന, ആക്ഷന്‍ സോംഗ്, സംഗീത ശില്‍പ്പം എന്നിവ അവതരിപ്പിച്ചു.

തനിമ പ്രസിഡന്റ് പി.എം അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അല്‍ മുന സ്കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു മാസ്റര്‍ ഉദ്ഘാടന പ്രസംഗം നടത്തി. മൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡന്റ് അമീന്‍ ചൂനൂര്‍ ഈദ് സന്ദേശം നല്‍കി. ഇബ്രാഹിം പ്രവാചകന്റെ ഏക മാനവികതക്ക് വേണ്ടിയുള്ള ത്യാഗത്തിന്റെ തുടര്‍ച്ചയെ ഈ കാലഘട്ടത്തില്‍ നാം ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലം ഗ്രാമം ബുക്സ് പുറത്തിറക്കിയ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി സൈനാ ഫാത്തിമ ആറാട്ടുപുഴയുടെ 25 കവിതകളുടെ സമാഹാരമായ 'തേന്മാവും കൂട്ടുകാരും' ഗായിക ജിന്‍ഷ ഹരിദാസിന് കോപ്പി നല്‍കി അല്‍മുന സ്കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു മാസ്റര്‍ നിര്‍വഹിച്ചു.

അസ്കര്‍ എന്‍.വി സ്വാഗതം പറഞ്ഞു. ജോസഫ് കളത്തിപറമ്പില്‍, ജയരാജ് തെക്കെപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹാറൂണ്‍, ശുഐബ് ഷാജി എന്നിവര്‍ ഖിറാഅത്ത് അവതരിപ്പിച്ചു. സാജിദ് ആറാട്ടുപുഴ (മീഡിയ വണ്‍), റൂബി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സുബൈര്‍ പുല്ലാളൂര്‍, ഷബീര്‍ ചാത്തമംഗലം, ജോഷി ബാഷ, ഷരീഫ് കൊച്ചി,നാസര്‍ പാലക്കാട്, ദിലീപ് അനിരുദ്ധന്‍, അര്‍ഷദ് വി.എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം