കേളി സ്കൂള്‍ യുവജനോല്‍സവം വെള്ളിയാഴ്ച സമാപനം
Friday, October 10, 2014 6:42 AM IST
റിയാദ്: ആറാമത് കേളി സ്കൂള്‍ യുവജനോല്‍സവത്തിന് ഒക്ടോബര്‍ 10ന് (വെള്ളി) സമാപനം കുറിക്കും. ഇന്ന് നടക്കുന്ന മല്‍സരങ്ങളോടെ വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ് ഇനങ്ങളും അടക്കം 42 ഇനങ്ങളിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാകും. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പതിമൂന്നോളം ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ നിന്നായി മലയാളികള്‍ക്കു പുറമെ അന്യഭാഷാ കുട്ടികള്‍ സഹിതം ആയിരത്തി ഇരുന്നൂറോളം കുട്ടികളാണ് നാലു ദിവസങ്ങളിലായി നടന്ന മല്‍സരങ്ങളില്‍ തങ്ങളുടെ പ്രതിഭ മാറ്റുരച്ചത്. സമാപനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ മലയാള സാഹിത്യകാരനും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ പങ്കെടുക്കും. സമാപന ചടങ്ങുകളോടനുബന്ധിച്ച് മല്‍സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.

വ്യക്തിഗത ഇനങ്ങളിലെ മല്‍സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി രണ്ട് ഗ്രാം സ്വര്‍ണ മെഡലാണ് നല്‍കുന്നത്. രണ്ടാം സമ്മാനമായി വെള്ളി മെഡലും മൂന്നാം സമ്മാനമായി വെങ്കല മെഡലുമാണ് നല്‍കുക. ഗ്രൂപ്പിനങ്ങളിലെ മല്‍സര വിജയികള്‍ക്ക് ട്രോഫികളാണ് സമ്മാനമായി നല്‍കുന്നത്. എല്ലാ മല്‍സര വിജയികളും സമാപന ചടങ്ങില്‍ തന്നെ സമ്മാനങ്ങള്‍ ഏറ്റുവാങ്ങേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കുന്ന സ്കൂളിന് അഞ്ചു പവന്റെ ഓവറോള്‍ ചമ്പ്യന്‍ഷിപ് ട്രോഫി ലഭിക്കും. ആറാമത് കേളി സ്കൂള്‍ യുവജനോല്‍സവത്തിന്റെ എല്ലാ മെഡലുകളും ഓവറോള്‍ ചാമ്പ്യന്‍ഷിപ് ട്രോഫിയും നല്‍കുന്നത് യുവജനോല്‍സവത്തിന്റെ മുഖ്യ പ്രായോജകരായ സോന ജൂവലറിയാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍