നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: അശോകന്‍ ചരുവില്‍
Friday, October 10, 2014 6:41 AM IST
റിയാദ്: മലയാളി നാളിതുവരെ ആര്‍ജിച്ച സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനം നവോഥാന മൂല്യങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രമുഖ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍.

മാറിയ സാമൂഹികക്രമത്തില്‍ എഴുത്തുകാരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്. വ്യക്തികള്‍ ആള്‍ക്കൂട്ടം മാത്രമായി അവശേഷിക്കുമ്പോള്‍ അവര്‍ അവനവനിലേക്കുതന്നെ ഒതുങ്ങിക്കൂടുന്നു. എന്നാല്‍ ആള്‍ക്കൂട്ടം സമൂഹമായി മാറുമ്പോഴാണ് അവര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച്ച രാത്രി എട്ടിന് കേളി കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ബത്ത സഫ മക്ക പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ 'അവനവനിലേക്ക് ഒതുങ്ങുന്ന മലയാളി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേളി സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ദയാനന്ദന്‍ മോഡറേറ്ററായിരുന്നു. റിയാദിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പ്രവാസി എഴുത്തുകാരം സംഘടനാപ്രതിനിധികളും പരിപാടയില്‍ പങ്കെടുത്തു. ജോസഫ് അതിരുങ്കല്‍, ജയചന്ദ്രന്‍ നെടുവമ്പ്രം, നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര, ഉബൈദ് എടവണ്ണ, ഷക്കീല വഹാബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ചു. കേളി സെക്രട്ടറി റഷീദ് മേലേതില്‍ സ്വാഗതവും ജോ. സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, രക്ഷാധികാര സമിതി അംഗങ്ങളായ ദസ്തഗീര്‍, ബി.പി. രാജീവന്‍, സജീവന്‍ ചൊവ്വ, ഗീവര്‍ഗീസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍