ഡല്‍ഹിയില്‍ ചക്കുളത്തമ്മ പൊങ്കാല ഒക്ടോബര്‍ 25, 26 തീയതികളില്‍
Thursday, October 9, 2014 7:45 AM IST
ന്യൂഡല്‍ഹി: വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വന്നണഞ്ഞ സൌഭാഗ്യവുമായി മറ്റൊരു ചക്കുളത്തമ്മ പൊങ്കാലകൂടി സമാഗതമാവുന്നു. ഒക്ടോബര്‍ 25, 26 (ശനി, ഞായര്‍) തീയതികളില്‍ മയൂര്‍ വിഹാര്‍ ഫേസ് 3ലെ പൊങ്കാല പാര്‍ക്കില്‍ (എ1 പാര്‍ക്ക്) പന്ത്രണ്ടാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിനു തിരി തെളിയും.

നോയിഡ, ഫരിദാബാദ്, ഗാസിയാബാദ്, ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മയൂര്‍ വിഹാര്‍ ഫേസ് 3ലെ പൊങ്കാല പാര്‍ക്കിലേക്ക് അവിടങ്ങളിലെ സംഘാടകര്‍ യാത്രാ സൌകര്യം ഒരുക്കും. അവരില്‍നിന്നും പൊങ്കാല കൂപ്പണുകളും മറ്റു വിശേഷാല്‍ പൂജകളായ ഗണപതി ഹോമം, മഹാകലശം, കുട്ടികളുടെ വിദ്യാഭിവൃത്തിക്കായി വിദ്യാകലശം, ശനിദോഷ നിവാരണ പൂജ, രക്ത പുഷ്പാഞ്ജലി എന്നിവയും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

ചക്കുളത്തുകാവില്‍ നിന്നും ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തിരുമേനിമാരാണ് ഇത്തവണയും പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത്.

ശനി രാവിലെ അഞ്ചിന് സ്ഥല ശുദ്ധിക്കുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാ ദീപാരാധന, 6.45 മുതല്‍ രമേഷ് ഇളമണ്‍ നമ്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടര്‍ന്ന് ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയോടെ ആദ്യ ദിവസത്തെ പരിപാടികള്‍ സമാപിക്കും.

രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ എട്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഒമ്പതിന് പൊങ്കാല പാര്‍ക്കില്‍ നിര്‍മിക്കുന്ന താത്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്നും ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുമ്പോള്‍ ഭക്ത സഹസ്രങ്ങള്‍ വായ്കുരവകളാല്‍ ചക്കുളത്തമ്മക്കു സ്വാഗതമോതും. തുടര്‍ന്ന് ഭക്ത ജനങ്ങള്‍ സ്വയം അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് ദീപനാളങ്ങള്‍ തെളിക്കുമ്പോളുയരുന്ന ധൂമപടലങ്ങളാല്‍ ക്ഷേത്രാങ്കണം ഒരു യാഗശാലയായി മാറും. ദേവീ മന്ത്രജപങ്ങള്‍ അലയടിച്ചുയരുന്ന അന്തരീക്ഷത്തില്‍ മയൂര്‍ വിഹാര്‍ ഫേസ് 3ലെ ശ്രീകൃഷ്ണ ഭജന സമിതിയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും ഭക്തി നിര്‍ഭരമാക്കും. തുടര്‍ന്ന് മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളുടെ താളപ്പെരുമഴയുതിര്‍ക്കും.

തുടര്‍ന്ന് തിളച്ചു തൂവിയ പൊങ്കാല കലങ്ങളില്‍ തിരുമേനിമാര്‍ തീര്‍ഥം തളിക്കുന്നതോടെ ഭക്തര്‍ ദക്ഷിണ അര്‍പ്പിച്ചു പൊങ്കാലയുടെ പുണ്യവുമായി ദേവീ ദര്‍ശനത്തിനുള്ള തിരക്കിലമരും. ഉച്ചക്ക് ചക്കുളത്തമ്മയുടെ പ്രധാന പ്രസാദമായ അന്നദാനത്തില്‍ പങ്കെടുത്ത് വ്രതശുദ്ധിയുടെ പുണ്യവുമായി മടക്കയാത്ര.

പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കുവാനായി ഡല്‍ഹിയില്‍ നിന്നും പ്രാന്ത പ്രദേശങ്ങളില്‍ നിന്നുമായി നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്ന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ് പ്രസിഡന്റ് സി.എം. പിള്ള, സെക്രട്ടറി ഇ.ആര്‍. പദ്മകുമാര്‍, ട്രഷറാര്‍ സി.ബി. മോഹനന്‍ എന്നിവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9717494980, 9310214182, 9899760291.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി