അമേരിക്കയിലെ നാല് വിമാനത്താവളങ്ങളില്‍ എബോള സ്ക്രീനിംഗ്
Thursday, October 9, 2014 7:45 AM IST
ന്യൂയോര്‍ക്ക്: എബോള വൈറസിന്റെ ആക്രമണം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും യാത്രക്കാരായി അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ പനിയുടെ തോത് അളക്കുന്നതിനും എബോള രോഗലക്ഷണങ്ങള്‍ക്കുള്ള സ്ക്രീനിംഗ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ന്യൂയോര്‍ക്ക് ജെഎഫ്കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒക്ടോബര്‍ 11 (ശനി) മുതല്‍ സ്വീകരിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

അടുത്ത ആഴ്ച മുതല്‍ ഷിക്കാഗോ, ഒഹെയര്‍, അറ്റ്ലാന്റ എയര്‍പോര്‍ട്ടുകളിലും ഈ സൌകര്യം ഒരുക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

സെക്യൂരിറ്റി അകമ്പടിയോടെയാവും യാത്രക്കാരെ സ്ക്രീനിംഗ് ഏരിയായിലേക്ക് കൊണ്ടുപോകുകയെന്നും ഹോം ലാന്റ് സെക്യൂരിറ്റി അറിയിച്ചു.

ലൈബീരിയ, സിറ ലിയോണ്‍, കെനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 94 ശതമാനം യാത്രക്കാരും ഈ നാലു വിമാനത്താവളങ്ങളിലാണ് വന്നിറങ്ങുന്നത്.

അമേരിക്കന്‍ പൌരന്മാരെ എബോള വൈറസില്‍നിന്നും സംരക്ഷിക്കുന്നതിനും ഈ രോഗം രാജ്യത്ത് വ്യാപകമാകാതിരിക്കാനുമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് സിഡിസി പ്രിവന്‍ഷന്‍ ഡയറക്ടര്‍ ടോം ഫ്രഡി പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും വരുന്ന യാത്രക്കാര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്യുമെന്നും 21 ദിവസം രാവിലെ ശരീരതാപനില അളന്നു രേഖപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കുമെന്നും ടോം പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍