ലുബിലകപ്പെട്ട് ചികിത്സ കിട്ടാതിരുന്ന രാജേഷിന് നവയുഗം ചികിത്സ സഹായവും നിയമ സഹായവും നല്‍കും
Thursday, October 9, 2014 4:20 AM IST
ദമാം: തൃശൂര്‍ ചാവക്കാട് മുല്ലശേരി വലിയപുരക്കല്‍ വി.എസ്. രാജേഷ് (50) 1991ല്‍ ഹെവി എക്യുപ്മെന്റ് ഓപ്പറേറ്റര്‍ ആയി സൌദിയിലെത്തിയതാണ് തുടര്‍ച്ചയായി 20 വര്‍ഷം ഇവിടെ ജോലി ചെയ്തു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ രാജേഷ് 2012ല്‍ വീണ്ടും സൌദിയിലെത്തിയത് അബഹയില്‍ ഷവല്‍ ഓപ്പറേറ്റര്‍ ആയിട്ടായിരുന്നു ഇത്തവണ ജോലി. പറഞ്ഞിരുന്ന ശമ്പളമോ സൌകര്യങ്ങളോ ഒന്നും നല്‍കാന്‍ സ്പോണ്‍സര്‍ തയാറായിരുന്നില്ല മൂന്നു മാസം ജോലി ചെയ്തിട്ടും ശമ്പളം പോലും കിട്ടാതിരുന്നതിനാല്‍ സ്പോണ്‍സറെ വിട്ടു ഓടി പോന്നു മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തെത്തി ജോലി തുടര്‍ന്നു. ഇതിനിടയില്‍ രാജേഷിന്റെ സ്പോണ്‍സര്‍ തന്റെ വാഹനം കേടാക്കി ഓടിപ്പോയി എന്ന് കേസ് കൊടുത്തു. നഷ്ട പരിഹാരമായി 30,000 റിയാലിന് വേണ്ടി കേസ് കൊടുത്തു. പോലീസിനു രാജേഷിനെ കണ്െടത്താന്‍ കഴിയാഞ്ഞതിനാല്‍ ഹുറൂബ് (ഒളിച്ചോട്ടം), മത്ലൂബ് (പിടികിട്ടാപ്പുള്ളി) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി.

കഴിഞ്ഞ നിതാഖാത്തുമായി (തൊഴില്‍ പരിഷ്കരണ പദ്ധതി) ബന്ധപ്പെട്ട ഇളവു കാലത്തില്‍ രാജേഷിനെ നാട്ടില്‍ എത്തിക്കാനായി നവയുഗം പ്രവര്‍ത്തകരായ മണിക്കുട്ടന്‍ പെരുമ്പാവൂര്‍ (0530642511) കുപ്പം കുഞ്ഞു (0507983532) എന്നിവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മത് ലൂബ് ആയതിനാല്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ രാജേഷിന്റെ പ്രമേഹം ക്രമാതീതമായി വര്‍ധിച്ചിരുന്നു. രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ ആവശ്യമായ ചികിത്സ നടത്താന്‍ കഴിഞ്ഞില്ല. ഈ കാലയളവില്‍ കുപ്പം കുഞ്ഞ് ആണ് രാജേഷിന് ആവശ്യമായ സംരക്ഷണവും താമസവും നല്‍കിയിരുന്നത്. പ്രമേഹം മൂലം രാജേഷിന് കാലില്‍ ഉണ്ടായ ഒരു മുറിവ് ഉണങ്ങാതെ കാല്‍ പഴുപ്പ് കയറി വേദന സഹിക്ക വയ്യാതെ സഹായത്തിനായി നവയുഗം അല്‍കോബാര്‍ മേഖല ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍ തിരുവനന്തപുരത്തെ (0557133992) സമീപിച്ചു. പല ഹോസ്പിറ്റലുകളിലും രാജേഷിനെ ചികിത്സിക്കാനായി കൊണ്ടുപോയെങ്കിലും ആരും ചികിത്സിക്കാന്‍ തയാറായില്ല. സൌദി ഗവണ്‍മെന്റ് ഹോസ്പിറ്റലുകളും ചികിത്സ നിരസിക്കുകയാണ് ഉണ്ടായത്.

ഷിബുകുമാര്‍ തിരുവനന്തപുരത്തിന്റെ അപേക്ഷ പ്രകാരം അടിയന്തര ഘട്ടത്തില്‍ അല്‍കോബാര്‍ അല്‍ ദോസരി ഹോസ്പിറ്റലില്‍ അഡ്മിനിസ്ട്രേറ്റര്‍ രാജ് കുമാറിന്റെ സഹായത്തോടെ നവയുഗം പ്രവര്‍ത്തകന്‍ ആല്‍ഫ ഷാജി (0569477042) നല്‍കിയ ഡെപ്പോസിറ്റില്‍ അഡ്മിറ്റ് ചെയ്യുകയും അടിയന്തര ശസ്ത്രക്രിയയിലൂടെ രാജേഷിന്റെ ഒരു കാല്‍ പൂര്‍ണമായും മുറിച്ചു മാറ്റി. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്.

നാട്ടില്‍ ഭാര്യ പ്രമീള, മക്കള്‍ അതുല്‍ രാജ് (14), അഭിനവ് (12) എന്നിവര്‍ രാജേഷിന്റെ വരവും പ്രതീക്ഷിച്ചു ഇരിക്കുകയാണ്.

രാജേക്ഷിന്റെ മത് ലൂബ് ഒഴിവാക്കാന്‍ സ്പോണ്‍സറെ കണ്െടത്താനുള്ള ശ്രമം തുടരുന്നു. അതോടൊപ്പം തര്‍ഹീല്‍ (നാട് കടത്തല്‍ കേന്ദ്രം) വഴി നാട്ടില്‍ എത്തിക്കാന്‍ നാസ് വക്കവും ശ്രമിക്കുന്നു.

എംബസി ഉദ്യോഗസ്ഥരായ രാജ് കുമാര്‍, വസിഉള്ള എന്നിവര്‍ രാജേഷിനെ സന്ദര്‍ശിച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഇടപെടാനുള്ള നിസഹായത അവര്‍ അറിയിച്ചു.

നവയുഗം പ്രവര്‍ത്തകരാണ് ഇപ്പോള്‍ രാജേഷിന്റെ സഹായത്തിനുള്ളത്. ഭീമമായ ഹോസ്പിറ്റല്‍ ബില്‍ എങ്ങനെ അടയ്ക്കാന്‍ കഴിയും എന്ന ചിന്തയിലാണ് പ്രവര്‍ത്തകര്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം