ഒഐസിസി മദ്യവിരുദ്ധ ദിനാചരണം നടത്തി
Thursday, October 9, 2014 4:18 AM IST
മസ്കറ്റ്: ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റി മധ്യവിരുദ്ധ ദിനമായി ആചരിച്ചു. റൂവി പാര്‍ക്ക് വേ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 'കേരളത്തിലെ പുതിയ മദ്യനയം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ നെടിയിരുപ്പ് പഞ്ചായത്തംഗം മൂന്നാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. മുന്‍ എംപി ഡോ. കെ.എസ് മനോജ് വിഷയം അവതരിപ്പിച്ചു. നാഷനല്‍ പ്രസിഡന്റ് സിദ്ദീഖ് ഹസന്‍ മദ്യ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്യമോ മയക്കു മരുന്നോ ഉപയോഗിക്കില്ലെന്നും മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു.

മദ്യം ഉപയോഗിക്കാതെ ജീവിച്ച് മാതൃകയാകണമെന്ന് കെഎംസിസി ജനറല്‍ സെക്രട്ടറി പി.എ.വി അബൂബക്കര്‍ പറഞ്ഞു. എന്നാല്‍ സമ്പൂര്‍ണ മദ്യ നിരോധം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന് മൈത്രി പ്രതിനിധി ബിനുരാജ് പറഞ്ഞു. മദ്യ നയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ തിന്മകള്‍ക്കെതിരെയുള്ള പ്രഖ്യാപനമാണെന്ന് ഐസിഎഫ് നാഷണല്‍ സെക്രട്ടറി നിസാര്‍ സഖാഫി പറഞ്ഞു. മദ്യനിരോധനത്തില്‍ ഓര്‍ക്കേണ്ടത് ശ്രീ നാരായണ ഗുരുവിനെയാണെന്ന് ശിവഗിരി മഠത്തിലെ കൌണ്‍സിലര്‍ ജയപ്രകാശ് പറഞ്ഞു. എന്നാല്‍ ഗുരുവിന്റെ അനുയായികള്‍ പോലും മദ്യത്തിന് പിറകെയാണെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ പ്രശ്നങ്ങളുടെയും കാരണം മദ്യമാണെന്ന് കെഐഎ പ്രതിനിധി അര്‍ഷാദ് പെരിങ്ങാല പറഞ്ഞു.

ബിജു പരുമല, കെഡിഇ എ.ജി.കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം മാന്നാര്‍ അയൂബ് സംഘടനാ നിലപാട് വിശദീകരിച്ചു. ജന. സെക്രട്ടറി എന്‍.ഒ ഉമ്മന്‍ സ്വാഗതവും ഉപാധ്യക്ഷന്‍ എസ്.പി നായര്‍ നന്ദിയും പറഞ്ഞു. മദ്യ നിരോധം വഴി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനര്‍ജനി പുനരധിവാസ പദ്ധതിയിലേക്ക് ഒഐസിസി അംഗങ്ങള്‍ ഒരു ദിവസത്തെ വേതനം നല്‍കുമെന്നും സെമിനാറില്‍ പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം