പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റിന്റെ ഓണാഘോഷ പരിപാടി 'ശ്രാവണപൌര്‍ണമി 2014' അരങ്ങേറി
Wednesday, October 8, 2014 8:00 AM IST
കുവൈറ്റ്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണപൌര്‍ണമി 2014 സെപ്റ്റംബര്‍ 26ന് (വെള്ളി) റിഗായ് ജവഹാര അല്‍സലാഹ് അല്‍ അഹലിയ അറബിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രസിഡന്റ് ഉമ്മന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കുവൈറ്റിലെ ഇന്ത്യന്‍ എംബസി കോണ്‍സല്‍ ജെ.എസ് ദാംഗി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട സ്വദേശിയും കുവൈറ്റിലെ വ്യാവസായിക രംഗത്തെ പ്രമുഖനും സാഹിത്യകാരനുമായ ജോണ്‍ മാത്യു മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി ബിജു കുമ്പഴ സ്വാഗതം ആശംസിച്ചു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജയകുമാര്‍, വൈസ് പ്രസിഡന്റ് മുരളി പണിക്കര്‍, ട്രഷറര്‍ ശാമുവല്‍ കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ബെന്നി പത്തനംതിട്ട നന്ദി പറഞ്ഞു.

ശ്രാവണ പൌര്‍ണമി 2014 നോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീയറിന്റെ പ്രകാശനം അഡ്വൈസറി ബോര്‍ഡ് അംഗം അജിത് പണിക്കര്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയിലെ മസര്‍ഥരും എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ കുട്ടികളെ കണ്െടത്തി അവരുടെ വിദ്യാഭ്യാസ സംബന്ധമായ ചെലവുകള്‍ വഹിക്കുന്നതിനുവേണ്ടി അസോസിയേഷന്‍ ആവിഷ്കരിച്ചിട്ടുള്ള ഹോപ് സ്കോളര്‍ഷിപ്പ് പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജയകുമാറിന് ഫണ്ട് കൈമാറി അഡ് വൈസറി ബോര്‍ഡ് അംഗം ബിനു ജോണ്‍ ഫിലിപ്പ് നിര്‍വഹിച്ചു.

അസോസിയേഷന്റെ പുതുക്കിയ വെബ്സൈറ്റിന്റെ പ്രകാശനം ചടങ്ങില്‍ നടന്നു. തുടര്‍ന്ന് 10, 12 ക്ളാസുകളില്‍ നിന്നും മികച്ച വിജയം നേടിയ വിസ്മയ റേച്ചല്‍ ഡിസില്‍വ, റോഷ്നി മാത്യു എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പിഡിഎ സോഷ്യല്‍ പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ്-മാനവീയം 2014 കല കുവൈറ്റിന്റെ പ്രവര്‍ത്തകനായ സജി തോമസ് മാത്യുവിന് സമ്മാനിച്ചു.

തുടര്‍ന്ന് കേരളത്തിന്റെ സാംസ്കാരിക പെരു വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. ചലച്ചിത്ര പിന്നണി ഗായകന്‍ അബ്ദുള്‍ റഹ് മാന്‍, പ്രീതി വാര്യര്‍, അന്‍വര്‍ സാരംഗ്, ബിനോയ് ജോണി, ഹന്നാ മറിയം, ഫിലിപ്പ്, വിനീത് അലക്സാണ്ടര്‍, പ്രീത് എന്നിവര്‍ നയിച്ച ഗാനമേള, ഹാസ്യ കലാകാരന്‍ നരിയാപുരം വേണുഗോപാലിന്റെ കോമഡി ഷോ എന്നിവയും ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി. ഹൈ ഡൈന്‍ റസ്ററന്റ് അബാസിയ തയാറാക്കിയ ഓണസദ്യ ഏവരും ആസ്വദിച്ചു.

കൂര്യാക്കോസ് കടമ്മനിട്ട, തോമസ് ജോണ്‍ അടൂര്‍, ബിജി മുരളി, ജിതിന്‍ ജോസ് പുതിയത്ത്, ഷിഫിന്‍ ഫിലിപ്പ്, ബിജു വര്‍ഗീസ്, അബു പീറ്റര്‍ സാം, ജോമി ജോര്‍ജ്, ഗിരീഷ് കുമാര്‍, അദര്‍ശ് വള്ളിക്കോട്, എം.കെ ജോര്‍ജ്, മോഹന്‍ദാസ്, ഇപ്പന്‍ ജോര്‍ജ്, മാത്യു പി. ഈശോ, മാത്യു വി. ചാക്കോ, രണ്‍ദീപ് ജോര്‍ജ് മാത്യു, ശക്തി മൂണ്‍ ദേവ്, കലൈവാണി, സാലി സാമുവല്‍ തുടങ്ങിയവരടങ്ങിയ സമിതിയാണ് പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചത്.

വിസ്മയ റേച്ചല്‍ ഡിസില്‍വയും ബിജു കുമ്പഴയും മോഡറേറ്ററായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും മെംബര്‍ഷിപ്പിനും 99722437, 97117492, 90040564.