ബിന്ദുവിന് നവയുഗം ചികിത്സ സഹായം നല്‍കി
Wednesday, October 8, 2014 7:59 AM IST
ദമാം: ഇരു വൃക്കകളും തകരാറിലായി ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന കൊല്ലം നെടുമ്പന മീയ്യണ്ണൂര്‍ മലേവയല്‍ കൃഷ്ണ വിലാസത്തില്‍ ബിന്ദു ബ്രൈറ്റ് (36) ന് നവയുഗം സാംസ്കാരിക വേദി ദമാം അമാമ്ര യൂണിറ്റിന്റെ ചികിത്സ സഹായം പ്രവാസി ഫെഡറേഷന്‍ കൊട്ടാരക്കര മണ്ഡലം സമ്മേളന വേദിയില്‍ നവയുഗം വൈസ് പ്രസിഡന്റ് സഫിയ അജിത് ബിന്ദുവിന്റെ ഭര്‍ത്താവ് ബ്രൈറ്റിനു കൈമാറി.

എല്ലാവര്‍ക്കും പ്രിയങ്കരിയായ സാമൂഹിക പ്രവര്‍ത്തകയായിരുന്നു ബിന്ദു ബ്രൈറ്റ്. ആര്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അവിടെ ഓടിയെത്തിയിരുന്നു. എല്ലാവര്‍ക്കും ആദരണീയയായ ബിന്ദു ബ്രൈറ്റ് ഇപ്പോള്‍ രോഗകിടക്കയിലാണ്. ഇരു വൃക്കകളും തകര്‍ന്ന് ഇവരിന്ന് സുമനസുകളുടെ സഹായം തേടി കഴിയുകയാണ്. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഏവരുടേയും അംഗീകാരം നേടിയെടുത്ത ബിന്ദു ബ്രൈറ്റ് ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് അംഗമായി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകകയും ചെയ്തു. ബ്ളോക്ക് പഞ്ചായത്തില്‍ അഞ്ച് വര്‍ഷം സ്ഥിരം സമിതി അധ്യക്ഷയും ആയിരുന്നു.

കൊല്ലം നെടുമ്പന മീയ്യണ്ണൂര്‍ മലേവയല്‍ കൃഷ്ണ വിലാസത്തില്‍ ബിന്ദു ബ്രൈറ്റ് (36) അസുഖങ്ങള്‍ മറച്ചു വച്ച് പുഞ്ചിരിയോടെ പ്രവര്‍ത്തിച്ചിരുന്നു. ബിന്ദുവിന്റെ രോഗം മൂര്‍ച്ഛിച്ചപ്പോഴാണ് ചികിത്സ തേടിയത്. ഇരു വൃക്കകളും തകരാറിലായ ബിന്ദു രണ്ടു വര്‍ഷമായി രോഗ കിടക്കയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആണ് ചികിത്സ. ചികിത്സയ്ക്കാവശ്യമായ പണം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. ആകെയുണ്ടായിരുന്ന പതിനഞ്ച് സെന്റ് വസ്തു രണ്ടു ബാങ്കുകളിലായി പണയം വച്ചും ചികിത്സയ്ക്ക് ചെലവാക്കി. ബിന്ധ്യ, ബിപിന്‍ എന്നീ വിദ്യാര്‍ഥികളായ രണ്ടു മക്കളുണ്ട്. ബിന്ദു രോഗ കിടക്കയിലായതോടെ കുട്ടികളുടെ പഠന കാര്യങ്ങളും ബുദ്ധിമുട്ടിലായി. നാട്ടുകാര്‍ക്കുവേണ്ടിയും ജനങ്ങളെ സഹായിക്കാനും ഓടി നടന്ന ബിന്ദുവും ബ്രൈറ്റും ഇപ്പോള്‍ മറ്റുള്ളവരുടെ സന്മനസിനും സഹായത്തിനും കാതോര്‍ക്കുകയാണ്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ജീവന്‍ സംരക്ഷിക്കാനുള്ള ഏക മാര്‍ഗമെന്നു ഡോക്ടര്‍ വ്യക്തമാക്കി കഴിഞ്ഞു. വൃക്ക നല്‍കാന്‍ ഒരാള്‍ സന്നദ്ധനായിട്ടുണ്ട്.

ചടങ്ങില്‍ പ്രസിഡന്റ് വെളിയം മോഹനന്‍, സെക്രട്ടറി ഹനീഫ, സിറാജുദീന്‍ എസ്എന്‍ ജൂവലറി, കൊല്ലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍, സിപിഐ പ്രവര്‍ത്തകരായ ഷിജു കുമാര്‍, ഗീതാഞ്ജലി വെളിയം, കെപിഎസി. ലീല കൃഷ്ണന്‍, സ്റാര്‍ സിംഗര്‍ ജാനകി എസ്. നായര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം