കെസ്റര്‍ ലൈവ് ഡിവോഷണല്‍ മ്യൂസിക്കല്‍ സ്റേജ് ഷോ 2015
Tuesday, October 7, 2014 6:22 AM IST
ന്യൂജേഴ്സി: സുവിശേഷ ഗീതികള്‍ കൊരുത്തൊരുക്കുന്ന മ്യൂസിക്കല്‍ സ്റേജ് ഷോ- കെസ്റര്‍ ലൈവ് 2015ന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഡിവോഷണല്‍ ഗീതികള്‍ പാടാന്‍ ദൈവത്തിന്റെ സ്വന്തം ഗായകന്‍ കെസ്റര്‍ ഇതാദ്യമായാണ് അമേരിക്കയിലേക്ക്. അമേരിക്കയിലെ പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്ററിന്റെ ആദ്യ അമേരിക്കന്‍ പര്യടനം. 2013ലും 2014ലും അമേരിക്കയിലും കാനഡയിലുമായി നിരവധി ക്രിസ്റ്യന്‍ ഡിവോഷണല്‍ സോംഗ് സ്റേജ് ഷോ പ്രോഗ്രാമുകള്‍ വിജയകരമായി സംഘടിപ്പിച്ച ചരിത്രമുണ്ട് കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്.

തെന്നിന്ത്യയിലെ പേരെടുത്ത ഡിവോഷണല്‍ ഗായകനായ കെസ്ററിന്റെ സ്വദേശം എറണാകുളമാണ്. സംഗീതപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. സംഗീതത്തെ സ്നേഹിച്ച് ജീവിച്ച അമ്മ തന്നെയായിരുന്നു സംഗീതവഴികളില്‍ കെസ്ററിന് ആദ്യഗുരു. ചെറിയ പ്രായത്തിലേ കര്‍ണാടിക് സംഗീതം പഠിച്ചു തുടങ്ങി. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് മ്യൂസിക് ബിരുദമെടുത്ത കെസ്റര്‍ കോളജ് പഠനത്തിന് പിന്നാലെ ഡിവോഷണല്‍ ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവോഷണല്‍ ഗായകനെന്ന് പേരെടുത്ത കെസ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഇന്ന് കെസ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ.

നിന്‍ സ്നേഹം എത്രയോ അവര്‍ണനീയം, ഇന്നയോളം എന്നെ നടത്തി... ,നന്മ മാത്രമേ.. ,അമ്മെ അമ്മെ തായേ ...,നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍... ,നിത്യ സ്നേഹത്താല്‍ ...,എന്നേശുവെ എന്‍ നാഥനെ... ,എനിക്കായി കരുതുന്നവന്‍...ഇസ്രയേലിന്‍ നായകാ.....എന്റെ മുഖം വാടിയാല്‍..., കണ്ണുനീര്‍ താഴ്വരയില്‍..., സീറോ മലബാര്‍ ആരാധനാക്രമത്തിലെ വിശുദ്ധകുര്‍ബാനയില്‍ ആലപിക്കുന്ന അംബരമനവരതം...., സര്‍വശക്തതാതനാം....തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്ററിന്റെ സ്വരമധുരിമയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

പബ്ളിക് സ്റേജ് ഷോ പ്രോഗ്രാമുകളില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷപെടാറുള്ള കെസ്റര്‍ സ്റുഡിയോകളില്‍ റെക്കോഡിംഗിന് പാടാനാണിഷ്ടപ്പെടുന്നത്. ഇന്ത്യയ്ക്ക് പുറത്തും അദ്ദേഹം അധികം യാത്ര ചെയ്തിട്ടില്ല.

2015 ഓഗസ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് കെസ്ററിന്റെ അമേരിക്കന്‍ ട്രിപ്പ്.

വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി: 201 (926) 7477.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍