മാര്‍ത്തോമ ദേവാലയങ്ങളില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ വിവിധ തരത്തിലുള്ള നവതി ആഘോഷങ്ങള്‍ നടത്തുന്നു
Tuesday, October 7, 2014 6:18 AM IST
ഡാളസ്: 90 വര്‍ഷങ്ങള്‍ പിന്നിടുന്ന മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം ലോകത്താകമാനമുള്ള മാര്‍ത്തോമ ദേവാലയങ്ങളില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ വിവിധ തരത്തിലുള്ള നവതി ആഘോഷങ്ങള്‍ നടത്തുന്നു.

അതിന്റെ ഭാഗമായി ഒക്ടോബര്‍ അഞ്ചിന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ നവതി ദിനമായി ആചരിച്ചു. റവ. ഒ.സി കുര്യന്‍, റവ. മാത്യു ജോസഫ് എന്നവരുടെ മേല്‍നോട്ടത്തില്‍ വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കി. സന്നദ്ധ സുവിശേഷ സംഘം പ്രവര്‍ത്തകനും ഗായക സംഘം ലീഡറുമായ ചാപ്ളെയിന്‍ ജോണ്‍ തോമസ് സുവിശേഷ സംഘം പ്രവര്‍ത്തനത്തെപറ്റിയും ഇടവകയിലെ ഓരോ അംഗങ്ങളുടെ കടമയെപറ്റിയും വിശദമായി തന്റെ പ്രസംഗത്തിലൂടെ ഉദ്ബോധിപ്പിച്ചു.

പുതിയ നിയമത്തിലെ നല്ല ശമേര്യക്കാരന്റെ ഉപമയിലൂടെ നിത്യജീവന്‍ അവകാശമാക്കുവാന്‍ സമയം, ധനം, കഴിവുകള്‍, അശരണര്‍ക്കുവേണ്ടി മാറ്റിവയ്ക്കുവാന്‍ തയാറാകണമെന്നും സ്വന്തം വീട്ടിലും സമൂഹത്തിലും നല്ല സാക്ഷികളായി തീരുവാനും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.

നവതി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ഡാളസിലെ വിവിധ മാര്‍ത്തോമ പള്ളികളില്‍ ഇടവക മിഷന്‍ യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ ആറ് (തിങ്കള്‍) സെന്റ് പോള്‍സ് പള്ളിയില്‍ വൈകുന്നേരം ഏഴിന് പ്രാസംഗികന്‍: റവ. ജോസ് സി. ജോസഫ.്

8ന് (ബുധന്‍) സെഹിയോണ്‍ പള്ളിയില്‍ വൈകിട്ട് ഏഴിന്
പ്രാസംഗികന്‍: റവ. ഒ.സി കുര്യന്‍

10ന് (വെള്ളി) കാരോള്‍ട്ടണ്‍ മാര്‍ത്തോമ പള്ളിയില്‍ വൈകിട്ട് ഏഴിന് പ്രാസംഗികന്‍: റവ. സജി തോമസ്

12ന് (ഞായര്‍) സമാപന സമ്മേളനം ലൂണാ മാര്‍ത്തോമ പള്ളിയില്‍ വൈകിട്ട് ആറിന്. പ്രാസംഗികന്‍: റവ. ജോര്‍ജ് ജേക്കബ്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ