എം.എ.യൂസുഫലി ഈസ്റ് ഇന്ത്യ കമ്പനി ഉടമയാകുന്നു
Monday, October 6, 2014 7:43 AM IST
അബുദാബി: അന്താരാഷ്ട്ര പ്രസിദ്ധമായ ഈസ്റ് ഇന്ത്യ കമ്പനി(ഇഐസി)യുടെ ഉടമകളിലൊരാളായി എം.എ.യൂസഫലിയും മാറുന്നു. ലോകചരിത്രത്തില്‍ തന്നെ സവിശേഷ സ്ഥാനമുള്ള കമ്പനിയുടെ പത്തുശതമാനം ഓഹരികളാണ് യൂസഫലി വാങ്ങുന്നതെന്നാണ് വിവരം. അടുത്തയാഴ്ച ലണ്ടനില്‍ ഇതുസംബന്ധിച്ച അവസാന തീരുമാനമുണ്ടാകുമെന്ന് ഈസ്റ് ഇന്ത്യ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

സുവര്‍ണകാലഘട്ടത്തില്‍ ലോക വിപണിയുടെ പകുതിയും നിയന്ത്രിച്ചിരുന്നത് ഈസ്റ് ഇന്ത്യ കമ്പനി. ചായ, കാപ്പി, ചോക്കളേറ്റ്, ബിസ്കറ്റ് അടക്കമുള്ള ഭക്ഷ്യോത്പന്ന വിപണനിയിലാണ് ഇപ്പോള്‍ കമ്പനി പ്രധാനമായുമുള്ളത്.

എത്ര തുകയ്ക്കുള്ള ഓഹരിയാണ് ഇഐസിയില്‍ നിന്ന് യൂസുഫലി സ്വന്തമാക്കുന്നതെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നടത്തിയ നിക്ഷേപങ്ങളെ കവച്ചുവയ്ക്കുന്നതാകും ഈസ്റ് ഇന്ത്യ കമ്പനിയിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ലണ്ടനിലുള്ള യൂസുഫലിയുടെ ഇതുസംബന്ധിച്ച പ്രതികരണം ഇതുവരെ ലഭ്യമല്ല.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള