'പാട്രിക്ക് മിഷന്‍ പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം'
Saturday, October 4, 2014 6:41 AM IST
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി യുവജനങ്ങളുടെ മനസില്‍ ജാതി, മത ചിന്തകള്‍ക്ക് അതീതമായി സ്ഥിര പ്രതിഷ്ഠ നേടിയെടുക്കുകയും സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃക സ്വന്തം ജീവിതത്തിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്ത് 26-ാം വയസില്‍ കാലയവനികയ്ക്കുളളില്‍ മറഞ്ഞ പാട്രിക്ക് മരുതുംമൂട്ടിലിന്റെ സ്മരണ സജീവമായി നിലനിര്‍ത്തുന്നതിന് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം രൂപം നല്‍കിയ പാട്രിക് മിഷന്‍ പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കുന്നു.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ജൂബിലി വര്‍ഷം നേറ്റീവ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ ആവശ്യവുമായി യാത്ര ചെയ്യുന്നതിനിടെയാണ് ഒരു അപകടത്തില്‍പ്പെട്ട് പാട്രിക് 2013 ജൂണ്‍ മൂന്നിന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

2003 ല്‍ വിദ്യാര്‍ഥിയായാണ് വെണ്‍മണി മരുതുംമൂട്ടില്‍ ഉമ്മന്‍ ചെറിയാന്റെയും ജെസി ചെറിയാന്റെയും ഏക മകനായ പാട്രിക്ക് അമേരിക്കയില്‍ എത്തിയത്. പഠനത്തില്‍ അതിസമര്‍ഥനായിരുന്ന പാട്രിക്ക് എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി ടെക്സസ് ഇന്‍ ബ്രുമെന്റില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അധികനാള്‍ കഴിയും മുമ്പാണ് വിധി പാട്രിക്കിന്റെ ജീവന്‍ കവര്‍ന്നെടുത്തത്.

ചുരുങ്ങിയ കാലത്തിനുളളില്‍ തനതായ വ്യക്തി വൈശിഷ്യവും സ്വഭാവ ശ്രേഷ്ഠതയും സഹകരണ മനോഭാവവും കൊണ്ട് യുവ ജനങ്ങളെ ആകര്‍ഷിക്കാന്‍ പാട്രിക്കിന് കഴിഞ്ഞു. മനുഷ്യ ജീവിതം വിലയിരുത്തപ്പെടേണ്ടത് ആയുസിന്റെ ദൈര്‍ഘ്യത്തിലല്ല മറിച്ച് ലഭിച്ച ആയുസ് എങ്ങനെ പ്രയോജനപ്പെടുത്തി എന്നതിനെ ആശ്രയിച്ചാണ്. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ പാട്രിക്കിനെ കുറിച്ചുളള സാക്ഷ്യമായിരുന്നു അത്. ഭദ്രാസന എപ്പിസ്കോപ്പ ഫാ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസാണ് പാട്രിക്ക് മിഷന്‍ പ്രോജക്ട് എന്ന ആശയം മുന്നോട്ടു വച്ചത്. പ്രോജക്ട് ഫണ്ടിലേക്ക് മെത്രാപോലീത്തയാണ് ആദ്യ സംഭാവന ആയിരം ഡോളര്‍ നല്‍കി അനുഗ്രഹിച്ചത്. ഭദ്രാസന ജൂബിലി ആഘോഷ സമാപന സമ്മേളനത്തില്‍ പ്രകാശനം ചെയ്ത ഭദ്രാസന എപ്പിസ്കോപ്പായുടെ പുസ്തകം വിറ്റ് ലഭിക്കുന്ന തുക ഫണ്ടിലേക്ക് സംഭാവന നല്‍കുമെന്ന് പ്രഖ്യാപനം കരഘോഷത്തോടെയാണ് ജനങ്ങള്‍ ശ്രവിച്ചത്. പാട്രിക്കിന്റെ ജീവിതത്തില്‍ ആകൃഷ്ടരായ കുരുന്നുകള്‍ക്ക് ലഭിച്ച നാണയ തുട്ടുകള്‍ സമാഹരിച്ചു. 300 ഡോളര്‍ ഫണ്ടിലേക്കു സംഭാവന നല്‍കിയ എല്ലാവരിലും ആവേശം ഉയര്‍ത്തി.

2013 നവംബര്‍ 13 ന് ചേര്‍ന്ന ഭദ്രാസന കൌണ്‍സില്‍ ഒക്ലഹോമ ചോക്ടൊയില്‍ 3000 ചതുരശ്ര അടിയില്‍ 300,000 ഡോളര്‍ ചെലവഴിച്ചു കെട്ടിടം നിര്‍മിക്കണമെന്ന് സൌത്ത് വെസ്റ്റ് റീജിയണില്‍ ആക്റ്റിവിറ്റി കമ്മിറ്റി നിര്‍ദ്ദേശം അംഗീകരിക്കുകയും പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രോജക്ടിന്റെ വിജയത്തിനായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പ്രോജക്ട് ഫണ്ട് സ്വരൂപീകരിക്കുന്നതിന് പ്രത്യേക കല്‍പ്പന വഴി ഇടവകാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ജൂബിലിയോടനുബന്ധിച്ചും പ്രഖ്യാപിച്ച പ്രോജക്ടുകളുടെ പ്രവര്‍ത്തനം എവിടെ എത്തി നില്‍ക്കുന്നു എന്ന് വിലയിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഭദ്രാസനത്തിലെ ജനങ്ങള്‍ക്കൊപ്പം പാട്രിക്ക് അംഗമായിരുന്ന ഡാളസ് സെന്റ് പോള്‍സ് ഇടവകാംഗങ്ങളും ഇതില്‍ ആശങ്കാകുലരും നിരാശരുമാണ്. പാട്രിക്കിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ (2014 ജൂണ്‍ 4) ഉദ്ഘാടനം ചെയ്യപ്പെടേണ്ട സ്മരാക മന്ദിര നിര്‍മാണം പ്രഖ്യാപിച്ചിടത്തു തന്നെ നില്‍ക്കുന്നു എന്നത് ഖേദകരമാണ്. ഭരണഘടനാ വിധേയമായി എപ്പിസ്കോപ്പാ പുറപ്പെടുവിപ്പിച്ച കല്‍പ്പനകള്‍ യഥാവിഥി നടപ്പാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്െടങ്കില്‍ അത് പരിഹരിച്ച് പാട്രിക്ക് മിഷന്‍ പ്രോജക്ട് സഫലീകൃതമാക്കേണ്ട ഉത്തരവാദിത്തം ഭരണ നേതൃത്വത്തില്‍ നിക്ഷിപ്തമാണ്. പാട്രിക്ക് മിഷന്‍ പ്രോജക്ട് ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ സന്നദ്ധരായ ചെറുപ്പക്കാരെ കണ്െടത്തി അവരെ ചുമതല ഏല്‍പ്പിക്കുന്നതാണ് പാട്രിക് മിഷനോട് ചെയ്യാവുന്ന ഏറ്റവും അനുയോജ്യമായ നീതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 203 29181, 214 450 4107

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍