കാതോലിക്കേറ്റിന്റെ പ്രൌഡിയും മഹത്വവും മാഹാത്മ്യവും വിളിച്ചോതി കാതോലിക്കദിന വിഹിതം പരിശുദ്ധ ബാവ ഏറ്റുവാങ്ങി
Friday, October 3, 2014 8:14 AM IST
ഡ്രെക്സല്‍ ഹില്‍ (ഫിലാഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസം, സംസ്കാരം, ആധ്യാത്മികത, ചരിത്രം എന്നിവയിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയും കാതോലിക്കേറ്റിന്റെ പ്രൌഡി വെളിവാക്കിയും മഹത്വവും മാഹാത്മ്യവും വിളിച്ചോതിയും സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന കാതോലിക്കാ ദിന വിഹിതം ഏറ്റുവാങ്ങുന്ന പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ആതിഥേയ ഇടവക ഡ്രെക്സല്‍ ഹില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തെ പരിശുദ്ധ ബാവ അഭിസംബോധന ചെയ്തു.

ഇവിടെ വന്നപ്പോള്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിച്ചു. ഒന്ന് ദൈവസാന്നിധ്യനിറവിലുള്ള സൌന്ദര്യബോധം ഇവിടെയുണ്ട്. ഇത് ബ്യൂട്ടി പാര്‍ലറില്‍ കിട്ടുന്നതോ കാണുന്നതോ ആയ സൌന്ദര്യമല്ല. അനാവശ്യമായ സംഗീതമേളങ്ങളില്ല. തകര്‍പ്പൊന്നും ഇല്ല. നാട്ടില്‍ അതല്ല സ്ഥിതി. തൃശൂര്‍ പൂരത്തിന്റെ ബഹളമാണ്. നിശബ്ദതയും സൌമ്യതയും ശാന്തതയും ഇവിടെ കാണുന്നു. ഇവിടെ ഉള്ളത് പ്രതിവാക്യം പറയുവാന്‍ മടി കാണിക്കാത്തവരും നിറമനസോടെ ദൈവമുമ്പാകെ നില്‍ക്കുന്നവരുമാണ്. ഇത് ഇന്ന് നാട്ടില്‍ അന്യം നിന്നുകൊണ്ടിരിക്കയാണ്. ഇവിടുത്തെ വൃത്തിയും വെടിപ്പും; അതൊരു പക്ഷേ ഈ രാജ്യത്തിന്റെ പ്രത്യേകതയാവാം. നിങ്ങളുടെ പ്രത്യേകതയുമാവാം. ഇത് രണ്ടുംകൂടി ചേരുമ്പോഴാണ് നേരത്തെ പറഞ്ഞ സൌന്ദര്യം വെളിവാകുന്നത്. ഇത് മനസിന്റെ സൌന്ദര്യമാണ്. രണ്ടാമത്, ആരാധന അര്‍പ്പിക്കുമ്പോഴുണ്ടാകുന്ന സംതൃപ്തി. അത് ശരിക്കനുഭവിച്ചു.

ഇടവക വികാരിയായിരിക്കുന്ന സിബി വര്‍ഗീസ് അച്ചന് അഭിനന്ദന വാക്കുകള്‍ ചൊരിഞ്ഞു കൊണ്ടാണ് പരിശുദ്ധ ബാവ പ്രസംഗം ആരംഭിച്ചത്. കുങ്കിരിപ്പെട്ടി എന്ന ഗ്രാമത്തില്‍ നിന്നും അമേരിക്കയിലെത്തിയ നാലര-അഞ്ച് അടി പൊക്കമുള്ള സിബി അച്ചന്‍ ഇത്ര സമര്‍ഥനാണെന്ന് അറിഞ്ഞിരുന്നില്ല. അഞ്ചുവര്‍ഷക്കാലം കൊണ്ട് ഇടവക കെട്ടിപ്പടുത്ത് ഇടവകാംഗങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ഇത്രയും ബഹുലമായ ഒരു പള്ളി സമുച്ചയം വാങ്ങുവാന്‍ ദൈവം അച്ചനെ കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടവകാംഗങ്ങള്‍ ആത്മാര്‍ഥമായി സഹകരിക്കുകയും ചെയ്തു. സിബി അച്ചനും ഷിനോജ് തോമസ് അച്ചനും (ക്ളിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി) ഒക്കെ കാലം ചെയ്ത പ. കാതോലിക്ക ബാവാമാരെ കാര്യമായി ശുശ്രൂഷിച്ചവരാണ്. അവര്‍ക്കതിനുള്ള ദൈവകൃപ ലഭിക്കുകയും ചെയ്തു.

ഇപ്പോഴത്തേത് ഒരു അപ്പോസ്തോലിക സന്ദര്‍ശനമാണ്. നിങ്ങള്‍ തരുന്ന കാഴ്ച ഏറ്റുവാങ്ങാന്‍ വന്നിരിക്കയാണ്. ഒപ്പം കാതോലിക്കേറ്റിനെപ്പറ്റി ഒരു ബോധവത്കരണം ഉണ്ടാക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമായി തോന്നി. വളരെ പുരാതനമായ സഭയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ. കാര്യമായ പീഢനങ്ങള്‍ അനുഭവിക്കാത്ത ലോകത്തെ ചുരുക്കം ചില സഭകളിലൊന്ന്. നമ്മുടേത് കുടിയേറ്റ പ്രകൃതം ഉള്ള ഒരു സഭയാണ്. കുരുമുളക്, ഏലം, ഇഞ്ചി എന്നിവ കയറ്റി അയച്ചിരുന്ന നമ്മള്‍ ഇപ്പോള്‍ മനുഷ്യനെ കയറ്റി അയയ്ക്കുന്നു. ലോകത്ത് നമ്മള്‍ എവിടെ ചെന്നാലും ഒന്നാം സ്ഥാനത്താണ്. ഐക്യു, കഴിവ്, പെരുമാറ്റം. നിങ്ങളെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നു. ഒറ്റക്കാര്യം മാത്രം, കൊള്ളാവുന്നവരെല്ലാം, അതായത് ക്രീമിലെയര്‍ ആയവരെല്ലാം കേരളത്തില്‍ നിന്നും രക്ഷപെടുകയാണ്. വിദേശത്തുള്ളവര്‍ കേരളത്തില്‍ വന്നാല്‍ പെട്ടെന്ന് തിരികെ പോകണം എന്നു വിചാരിക്കുന്നവരാണ്. അധ്വാനിക്കരുത് എന്നാണ് ഭരണകൂടം പഠിപ്പിക്കുന്നത്.

മലങ്കര മക്കള്‍ക്ക് ആവശ്യമെങ്കില്‍ ആശുപത്രി നടക്കും- നടത്തും. സംശയമുണ്െടങ്കില്‍ സമീപ ആശുപത്രികളില്‍ പോയി തിരക്ക്. നന്നായി നടക്കുന്ന ആശുപത്രി ആണ് പരുമലയിലേത്. നഴ്സ്-പേഷ്യന്റ് അനുപാതം എല്ലാം കവര്‍ ചെയ്ത് നന്നായി പോകുന്നു. ജീവനക്കാര്‍ക്ക് ആവശ്യമായതെല്ലാം കൊടുക്കാമെന്ന് പറഞ്ഞു. അതിന് സമരത്തിന്റെ ആവശ്യമില്ല. ആശുപത്രി നടന്നില്ലെങ്കില്‍ വേണ്ട. വേണ്െടന്ന് വയ്ക്കും. ഇതിന്റെ ഡിവിഡണ്ട് വാങ്ങാനൊന്നും ഞാന്‍ വരുന്നില്ല. ഏതായാലും കൊള്ളാം. പിന്നീടിതുവരെ അവിടെ സമരം ഉണ്ടായിട്ടില്ല, പരുമല ആശുപത്രി എക്സിക്യൂട്ടീവ് ഓഫീസര്‍ ഫാ. ഷാജി മൂകുടിയും സന്നിഹിതനായിരുന്ന സദസിനെ നോക്കിയാണ് പരിശുദ്ധ ബാവ ഇങ്ങനെ പറഞ്ഞത്.

വിശുദ്ധ മാര്‍ത്തോമാശ്ളീഹാ വന്ന കാലം മുതല്‍ സമീപകാല സംഭവങ്ങള്‍ വരെ ഹൃസ്വമായി പരാമര്‍ശിച്ചുപോയ ബാവാ വികാരഭരിതനായാണ് കാതോലിക്കാദിന ഫണ്ട് ശേഖരണത്തെക്കുറിച്ച് പ്രതിപാദിച്ചത്.

15-ാം നൂറ്റാണ്ടു വരെ മഹാരാജാക്കന്മാരുടെ വാത്സല്യം ഏറ്റുവാങ്ങിയാണ് സഭ വളര്‍ന്നത്. പിന്നീടങ്ങോട്ട് പീഢനങ്ങളുടെ കാലമായിരുന്നു. 1912-ല്‍ കാതോലിക്കേറ്റ് സ്ഥാപിതമായി. സഭയ്ക്ക് സ്വാതന്ത്യ്രം കിട്ടി. ഇന്നിത് ദേശീയ പരമാധികാരസഭയാണ്. സ്വയം ശീര്‍ഷകത്വവും സ്വാതന്ത്യ്രവും ലഭിച്ച സഭ. 1935-ല്‍ കാതോലിക്കാ നിധി ശേഖരണം തുടങ്ങി. 1958-ല്‍ സഭാതര്‍ക്കം തീര്‍ന്നു. 1972-ല്‍ പിന്നെയും വഴക്ക് തുടങ്ങി. 1975-ല്‍ കാലം ചെയ്ത പ. ബസേലിയോസ് മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ നിധി ശേഖരണാര്‍ഥം പള്ളികള്‍ സന്ദര്‍ശിച്ചു തുടങ്ങി. അന്നു മുതല്‍ എല്ലാ വര്‍ഷവും മലങ്കര സഭയുടെ കേരളത്തിലെ എല്ലാ ഭദ്രാസനത്തിലും സന്ദര്‍ശനം നടത്തി വരുന്നു. ഇപ്പോള്‍ സഭയ്ക്ക് കേരളത്തിനകത്ത് 20ഉം കേരളത്തിന് പുറത്ത് 12ഉം ഇന്ത്യയ്ക്ക് പുറത്ത് മൂന്നും ഭദ്രാസനങ്ങളുണ്ട്. സഭാ സെക്രട്ടരിയായി ഡോ. ജോര്‍ജ് ജോസഫ് വരുന്നതുവരെ ഒരു കോടിയായിരുന്നു സഭയുടെ വാര്‍ഷിക ബഡ്ജറ്റ്. പിന്നീടത് ഒന്നേകാലായി, രണ്ടായി. 2013-ല്‍ 5 കോടിയായി ടാര്‍ജറ്റ് നിശ്ചയിച്ചപ്പോള്‍ ലഭിച്ചത് 5 കോടി 16 ലക്ഷം. ഈ വര്‍ഷത്തെ ടാര്‍ജറ്റ് 10 കോടിയാണ്.

ഇതൊരു പിരിവല്ല എന്ന് നിങ്ങള്‍ മനസിലാക്കണം. എല്ലാവര്‍ക്കും ഓണര്‍ഷിപ്പ് ഉള്ള ഒരു സഭയാണ് നമ്മുടേത്. സഭ എന്റേതാണ് എന്ന് പറയാന്‍ എല്ലാവര്‍ക്കും കഴിയണം. പുതിയ തലമുറയ്ക്ക് കതോലിക്കേറ്റിനെപ്പറ്റി പറഞ്ഞു കൊടുക്കുകയല്ല, മറിച്ച് പകര്‍ന്നുകൊടുക്കുകയാണ് വേണ്ടത്. ഞാനും നിങ്ങളും നിങ്ങളുടെ തലമുറയും കാതോലിക്കേറ്റിനെ സ്നേഹിക്കുന്നവരും നെഞ്ചിലേറ്റുന്നവരായി മാറണം. കാതോലിക്കേറ്റിനെപ്പറ്റിയുള്ള ഒരു ബോധവത്കരണം മാത്രമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.

സഭയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമാണ് കാതോലിക്കാദിന വിഹിതം ഉപയോഗിക്കുന്നത്. ഭദ്രാസനങ്ങള്‍ക്കും മെത്രാപോലീത്തമാര്‍ക്കുമുള്ള വിഹിതം, കാതോലിക്കേറ്റ് ഓഫീസ്/ അരമന/ ഓര്‍ത്തഡോക്സ് സെമിനാരി തുടങ്ങിയവയ്ക്കുള്ള വിഹിതം, അവികസിത പള്ളികള്‍ക്കും ഭദ്രാസനങ്ങള്‍ക്കുമുള്ള ഗ്രാന്റ്, ഭവന നിര്‍മാണം/കര്‍ഷകസഹായം/വിവാഹസഹായം/കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്/സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സഭ അംഗങ്ങള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കൂനന്‍ കുരിശ് തീര്‍ഥാടന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ സ്മാരക മന്ദിര ഗ്രാന്റ് തുടങ്ങി സഭയിലെ വൈദികശമ്പള പദ്ധതി, വൈദിക ഇന്‍ഷുറന്‍സ് പദ്ധതി, ആധ്യാത്മിക സംഘടനകള്‍, ദയറാകള്‍, ആശുപത്രികള്‍ തുടങ്ങിയവയ്ക്കുള്ള ഗ്രാന്റുകള്‍ എന്നിവയെല്ലാം നടപ്പാക്കുന്നത് ഈ വിഹിതം ഉപയോഗിച്ചാണ്.

നിങ്ങള്‍ അമേരിക്കയില്‍ ജീവിക്കുന്നവര്‍ പിരിവുകൊണ്ട് വലഞ്ഞു കൊണ്ടിരിക്കുകയാണെന്നറിയാഞ്ഞിട്ടല്ല. സഭക്കുള്ള പ്രധാന വരുമാനമാര്‍ഗമാണ് കാതോലിക്കേറ്റ് ദിനപിരിവ്. പരുമല തിരുമേനിയുടെ കബറിങ്കല്‍ നിന്നുള്ള വരുമാനമാണ് മറ്റൊന്ന്. കോട്ടയത്തെ എംഡി കൊമേഴ്സല്‍ സെന്ററാണ് മറ്റൊരു വരുമാന മാര്‍ഗം. പക്ഷെ അവിടെയും പ്രശ്നമാണ്. 108 മുറികളാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. വളരെ തുച്ഛമായ വാടക മാത്രമാണ് അവിടെനിന്ന് ലഭിക്കുന്നത്. സ്ക്വയര്‍ ഫീറ്റിന് 85 രൂപ പുറത്തുള്ളപ്പോള്‍ നമുക്ക് കിട്ടുന്നത് 7 രൂപാ മാത്രം ആണ്. സഭയ്ക്ക് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, നമ്മുടെ ധൈര്യവും ദൈവ കാരുണ്യവുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന നിങ്ങള്‍ക്ക് സഭയോടുള്ള കൂറ് ബോധ്യപ്പെടുവാന്‍ ഈ സന്ദര്‍ശനം പ്രയോജനപ്പെട്ടു. ഇനി എല്ലാവര്‍ഷവും വരാന്‍ ശ്രമിക്കാം. നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയിലും നടത്തിപ്പിലും ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് കാണിക്കുന്ന ഉത്സാഹത്തെയും ഔത്സുക്യത്തെയും പരിശുദ്ധ ബാവ പ്രകീര്‍ത്തിച്ചു. തികഞ്ഞ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഭദ്രാസന ജനങ്ങള്‍, ഭദ്രാസനത്തോടും ഭദ്രാസന അധ്യക്ഷനോടും കാണിക്കുന്ന വിധേയത്വവും കൂറും ശ്ളാഘനീയമാണെന്നും പരിശുദ്ധ ബാവ പറഞ്ഞു.

കാതോലിക്കാ നിധി ശേഖരണത്തിന്റെ ഫിനാന്‍സ് കമ്മിറ്റി എക്സിക്യുട്ടീവുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത, സഭാ സെക്രട്ടറി ഡോ ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ഭദ്രാസനത്തിലെ ഓരോ ഇടവകയും വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ കാതോലിക്കാ ദിന വിഹിതം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ശതമാനക്കണക്കനുസരിച്ച് ടാര്‍ജറ്റിലും കൂടുതല്‍ സമാഹരിച്ച വെസ്റ്ചെസ്റ്റര്‍ അണ്ടര്‍ഹില്‍ സെന്റ് ഗ്രിഗോറിയോസ് (203%), ക്വീന്‍സ് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് (115%), ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് (113%) എന്നീ ഇടവകകള്‍ക്ക് ഉപഹാരം നല്‍കി.

നൂറു ശതമാനം സമാഹാരം നടത്തിയ താഴെപ്പറയുന്ന ഇടവകകളിലെ വൈദികര്‍ക്ക് സഭാ ഡയറി സമ്മാനമായി നല്‍കി.

വാഷിംഗ്ടണ്‍ ഡിസി സെന്റ് തോമസ്, ന്യൂജേഴ്സി പ്ളെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ്, ന്യൂയോര്‍ക്ക് ഹോളി ക്രോസ്, നോര്‍ത്ത് വിര്‍ജീനിയ സെന്റ് മേരീസ്, ക്വീന്‍സ് എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ്, റോച്ചസ്റ്റര്‍ സെന്റ് തോമസ്, ഒണ്‍ടാറിയോ സെന്റ് തോമസ്, റോക്ലാന്‍ഡ് സഫേണ്‍, സെന്റ് മേരീസ് പോര്‍ട്ട്ചെസ്റ്റര്‍, സെന്റ് ജോര്‍ജ് മേരിലാന്റ്, ദമാസ്കസ് സെന്റ് തോമസ്്.

ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപോലീത്താ നന്ദി പക്രാശനം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ് കല്പന വായിച്ചു. വേദിയില്‍ പരിശുദ്ധ ബാവായോടും മാര്‍ ക്രിസോസ്റ്റമോസ്, മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തമാരോടുമൊപ്പം സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ്, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ. ഷിബു ഡാനിയല്‍, അജിത് വട്ടശേരില്‍, ഫിലിപ്പോസ് ഫിലിപ്പ്, ഡോ.സാഖ് സഖറിയ, ഷാജി വര്‍ഗീസ്, ബോര്‍ഡ് ഓഫ് ട്രസ്റി അംഗം വര്‍ഗീസ് പോത്താനിക്കാട്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായ ഫാ. വര്‍ഗീസ് പുല്ലേലില്‍, പോള്‍ കറുകപ്പിള്ളില്‍, കോരസണ്‍ വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

കാലം ചെയ്ത പ. വലിയ ബാവായുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥന അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്.

സെന്റ് ജോണ്‍സ് ഇടവക വികാരി ഫാ. സിബി വര്‍ഗീസ്, ട്രസ്റി തോമസ് തൊമ്മന്‍, സെക്രട്ടറി നൈനാന്‍ ജെ. പൂവത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും സമ്മേളനം വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചു. നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നു മാത്രമായി 1,80,000 ഡോളര്‍ സമാഹരിക്കുവാന്‍ കഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. എം.കെ കുറിയാക്കോസ് അറിയിച്ചു. രണ്ട് അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നുമായി രണ്ടു കോടി രൂപ സമാഹരിക്കാന്‍ സാധിച്ചത് ചാരിതാര്‍ഥ്യജനകമാണെന്നും ഫാ.എം.കെ കുറിയാക്കോസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍