മാര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡ് ദാനം നടത്തി; ഒന്നാം സമ്മാനം ജോസ് അക്കക്കാട്ടിന്
Friday, October 3, 2014 5:12 AM IST
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൌണ്ടിയുടെ (മാര്‍ക്ക്) കര്‍ഷകശ്രീ അവാര്‍ഡ് ജേതാവായി രണ്ടാം തവണയും ജോസ് അക്കക്കാട്ടിനെ തെരഞ്ഞെടുത്തു. ഓണത്തോടനുബന്ധിച്ച് മാര്‍ക്ക് എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ഷകശ്രീ അവാര്‍ഡ് മത്സരം സാമൂഹ്യമാറ്റത്തിന്റെ വഴി തെളിക്കുന്നു. എവര്‍റോളിംഗ് ട്രോഫിയും 201 ഡോളര്‍ ക്യാഷ് അവാര്‍ഡും അടങ്ങുന്ന ഒന്നാം സമ്മാനമാണ് ജോസ് അക്കക്കാട്ടിന് ലഭിച്ചത്.

മണ്ണിന്റെ പരുവപ്പെടുത്തല്‍, ചെടിയുടെ വളര്‍ച്ച, കായ്ഫലം, കൃഷി ചെയ്തിരിക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, വിവിധയിനം കൃഷികളുടെ സംരക്ഷണം എന്നിവയൊക്കെ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

പാവല്‍, പടവലം, മത്ത, വെള്ളരി, കമ്പളം, പീച്ചില്‍, ചീര, ബീന്‍സ്, ബീറ്റ് റൂട്ട്, വെണ്ട, വഴുതന, മുളക് വര്‍ക്ഷങ്ങള്‍, വിവിധയിനം പയര്‍ വര്‍ക്ഷങ്ങള്‍, കോളിഫ്ളവര്‍, സ്ട്രോബറി, മുന്തിരി, താറാവ് വളര്‍ത്തല്‍ എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള ജോസിന്റെ കൃഷിയിടം ആരേയും ആകര്‍ഷിക്കുന്നതാണ്.

രണ്ടാം സമ്മാനത്തിന് സണ്ണി ജയിംസും (ഇന്ത്യന്‍ ബസാര്‍), മൂന്നാം സമ്മാനം മത്തായി പാറക്കാട്ടിനും ലഭിച്ചു. പ്രോത്സാഹന സമ്മാനത്തിന് തോമസ് ചാക്കോ, പൌലോസ് ജോണ്‍, വര്‍ക്കി പള്ളിത്താഴത്ത്, കത്രീന തോമസ്, അലക്സ് മണക്കാട്ട്, പൌലോസ് ജോസ്, ബെന്നി ജോര്‍ജ് എന്നിവരും അര്‍ഹരായി.

തോമസ് അലക്സ്, വിന്‍സെന്റ് ജോണ്‍, സിജി ജോര്‍ജ് എന്നിവര്‍ അടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിധിനിര്‍ണ്ണയം നടത്തിയത്.

വിജയികള്‍ക്ക് പ്രശസ്ത സാഹിത്യകാരനായ മനോഹര്‍ തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാര്‍ക്ക് പ്രസിഡന്റ് സണ്ണി കല്ലൂപ്പാറ, സെക്രട്ടറി സിബി ജോസഫ്, ട്രഷറര്‍ സന്തോഷ് മണലില്‍, ജോയിന്റ് ട്രഷറര്‍ മാത്യു വര്‍ഗീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം