മഹാത്മാഗാന്ധി പ്രതിമ ഇര്‍വിംഗില്‍ അനാഛാദനം ചെയ്തു
Friday, October 3, 2014 5:12 AM IST
ഇര്‍വിംഗ്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഓര്‍മ പുതുക്കലും പ്രതിമയുടെ അനാഛാദനവും ഇര്‍വിംഗിലെ ജെഫേഴ്സണ്‍ പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ വൈകിട്ട് 4.30 ന് നടത്തപ്പെട്ടു.

നെല്‍സണ്‍ മണ്ഡേലയുടെ പൌത്രന്‍ ഡാബാ മണ്ഡേല മുഖ്യാതിഥിയായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് റവ. ജെറോം ലെഡോക്സ്, ഹൂസ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പി. ഹരീഷ്, ഇര്‍വിംഗ് സിറ്റി മേയര്‍ ബെത്ത് വാന്‍ ഡ}യ്നി, സേവാഗ്രാം സബര്‍മതി ആശ്രമത്തെ പ്രതിനിധീകരിച്ച് പ്രസാദ് ഗൊലാനപള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഇര്‍വിംഗ് സിററിയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ഉന്നത ഉദ്യോഗസ്ഥരും വിവിധ മത നേതാക്കളും ഡാളസ് ഫോര്‍ട്ട് വര്‍ത്ത് പ്രദേശത്തെ എഴുപത്തഞ്ചിലധികം ഇന്‍ഡ്യന്‍ സാംസ്ക്കാരിക സംഘടനകളുടെ പ്രതിനിധികളും പൊതുജനങ്ങളും അഭിമാനകരമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൌണ്‍സിലും ഇന്ത്യാ അസോസിയേഷനും സംയുക്തമായി ചേര്‍ന്നു രൂപീകരിച്ച മഹാത്മഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സാസ് എന്ന സംഘടനയാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ കമ്മറ്റിയുടെ ചെയര്‍മാനായി പ്രസാദ്് തോട്ടക്കുറ പ്രവര്‍ത്തിച്ചു.

ഏഴ് അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ഗാന്ധിജിയുടെ പ്രതിമയും മഹാത്മാവിന്റെ വാക്കുകള്‍ എഴുതി ചേര്‍ത്ത ഗ്രാനൈറ്റ് ഫലകവും ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രതിമ സ്ഥാപിക്കുവാനുള്ള സ്ഥലം ഇര്‍വിംഗ് സിററി സൌജന്യമായി നല്‍കി. ഡാളസിലെ ഇന്ത്യന്‍ വംശജരുടെ ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കുവാന്‍ സഹായിച്ച ഇര്‍വിംഗ് സിററി കൌണ്‍സിലിനെ യോഗം അനുമോദിച്ചു.

എല്ലാ വര്‍ഷവും ഇന്‍ഡ്യന്‍ റിപ്പബ്ളിക്ക് ദിനം ഗാന്ധിജയന്തി ദിനം ഇവയോടനുബന്ധിച്ച് മഹാത്മാഗാന്ധി മെമ്മോറിയലില്‍ പരിപാടികളും പദയാത്രയും ക്രമീകരിക്കുന്നതായിരിക്കും.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി