കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ ഓണാഘോഷം നവ്യാനുഭവമായി
Friday, October 3, 2014 5:10 AM IST
സിയാറ്റില്‍ : കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ (കെഎഡബ്ള്യു) ഓണാഘോഷചടങ്ങുകള്‍ സിയാറ്റില്‍ മലയാളികള്‍ക്ക് അനുഭവമായി. അമേരിക്കയിലെ മലയാളി കൂട്ടായ്മകളില്‍ 24 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം ഉള്ള കെ.എ.ഡബ്ള്യു, ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 20നു എഡ്മണ്ട് സെന്റര്‍ ഫോര്‍ആര്‍ട്സ് ഓഡിറ്റോറിയത്തില്‍ വെച്ചുനടത്തി.

താലപ്പൊലിയേന്തിയ യുവതികളുടെയും അസ്സോസിയേഷന്‍ ഭാരവാഹികളുടെയും അകമ്പടിയോടെ നടന്ന മാവേലിമന്നന്റെ എഴുന്നെള്ളത്ത് തികച്ചും മലയാളിയുടെ പാരമ്പര്യത്തിന്റെ ഒരു ഓര്‍മ്മപുതുക്കല്‍ ആയിമാറി. സിനിമാനടിയും മികച്ചനടിക്കുള്ള ദേശീയ പുരസ്കാര നോമിനിയുമായിരുന്ന മോഹിനി ഈവര്‍ഷത്തെ ഓണാഘോഷത്തിനു വിശിഷ്ടാതിഥിയായി എത്തിയിരുന്നു. മുപ്പതോളം കവിതാസമാഹാരങ്ങളുടെ രചനയിലൂടെ മലയാളസാഹിത്യലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയും 'ചമത' എന്ന കവിതസമാഹാരത്തിനു കേരളസാഹിത്യ അക്കാദമി, അവാര്‍ഡ് നല്കി ആദരിക്കുകയും ചെയ്തിട്ടുള്ള നീലംപേരൂര്‍ മധുസൂദനന്‍നായര്‍ ഓണസന്ദേശം കൈമാറാന്‍ എത്തിയിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് രാജഗോപാല്‍ മാര്‍ഗെശ്ശേരി, സെക്രട്ടറി ജ്യോതിഷ് നായര്‍, മോഹിനി, മധുസൂദനന്‍നായര്‍ എന്നിവര്‍ സംയുക്തമായി നിലവിളക്ക് കൊളുത്തി ഔപചാരികമായി (കെ.എ.ഡബ്ള്യു 2014 ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. പ്രസിഡന്റ് രാജഗോപാല്‍ മാര്‍ഗെശ്ശേരി എല്ലാവരെയും ഔപചാരികമായി ഓണാഘോഷത്തിലേക്ക് സ്വാഗതംചെയ്തു.

നാടന്‍വിഭവങ്ങളോടെ ഓണസദ്യ ഗംഭീരമായി. അസോസിയേഷന്‍ അംഗങ്ങളുടെ തന്നെ കൂട്ടായ്മയില്‍ ആണ് വിഭവങ്ങള്‍ ഉണ്ടാക്കിയത്. സദ്യയെ തുടര്‍ന്ന്, അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. തിരുവാതിര, പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, ലഘുനാടകം എന്നിവ ഉള്‍പ്പെടെ, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആയി ഇരുപത്തിരണ്േടാളം പരിപാടികള്‍ കാണികളെ ഒരു മായാലോകത്ത് എത്തിച്ചു. സെക്രട്ടറി ജ്യോതിഷ് നായര്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം