ഹജജിന്റെ പുണ്യം തേടി അറഫയില്‍ സംഗമിച്ചത് 20 ലക്ഷത്തോളം തീര്‍ഥാടകര്‍
Friday, October 3, 2014 3:34 AM IST
മക്ക: ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നായി ഹജ്ജിന്റെ പുണ്യം നുകരാന്‍ എത്തിയ തീര്‍ഥാടകര്‍ മിനയില്‍ നിന്നു അറഫയില്‍ സംഗമിച്ചതോടെ അറഫ ശുഭ്ര വസ്ത്രധാരികളുടെ സാഗരമായി മാറി. മിനയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സുബഹ് നമസ്കാരം കഴിഞ്ഞതിനുശേഷമാണ് ഇഹ്റാമിന്റെ വെള്ളവസ്ത്രത്തിലുള്ള തീര്‍ഥാടക ലക്ഷങ്ങളുടെ അറഫയിലേക്കുള്ള ഒഴുക്ക് ആരംഭിച്ചത്.

അറഫയിലെ നമിറ മസ്ജിദിലും പരിസരങ്ങളിലുമായി ഒരേ വേഷത്തിലും ഒരേ പ്രാര്‍ഥനയിലുമായി ഇരുപതുലക്ഷത്തോളം തീര്‍ഥാടകര്‍ സംഗമിച്ചതോടെ അറഫ പാല്‍ക്കടലായി മാറുകയായിരുന്നു. വെള്ളിയാഴ്ചയും അറഫ സംഗമവും ഒരേദിവസത്തിലെത്തിയ 'ഹജ്ജുല്‍ അക്ബര്‍'എന്ന ശ്രേഷ്ഠദിനത്തില്‍ പങ്കുകൊള്ളാനായതിലെ ആത്മനിര്‍വൃതിയിലായിരുന്നു തീര്‍ഥാടകര്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 13,89,053 തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജിനായി എത്തിയത്. ശേഷിക്കുന്നവര്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരാണ്. ഇന്ത്യയില്‍ നിന്നു സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളടക്കം ഒരുലക്ഷത്തി മുപ്പത്തിയാറായിരം പേരാണ് ഹജ്ജിനായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8,545 പേര്‍ ഈവര്‍ഷം കൂടുതലാണ്്. കനത്ത പരിശോധനയും സുരക്ഷയുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ അനധികൃതമായി ഹജ്ജിനെത്തുന്നവരെ തടയുന്നുമുണ്ട്.

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിലേക്കു മുഴുവന്‍ തീര്‍ഥാടകരെയും എത്തിക്കാന്‍ ആയിട്ടുണ്ട്. മക്കയിലും മദീനയിലുമായി ആശുപത്രികളില്‍ കഴിഞ്ഞ 32 തീര്‍ഥാടകരെ ആംബുലന്‍സുകളിലായി അറഫയിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ഒമ്പതു തീര്‍ഥാടകര്‍ ഇതിനകം മരണപ്പെട്ടിട്ടുണ്ട്. മലയാളികളില്‍ മൂന്നുപേരും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പുറപ്പെട്ടവരാണ്. ഒന്നേകാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള നമിറ മസ്ജിദില്‍ വച്ച് സൌദി ഗ്രാന്‍ഡ് മുഫ്തി ഷൈക്ക് അബ്ദുള്‍ അസീസ് അല്‍ അല്‍-അഷൈക്ക് അറഫ പ്രഭാഷണം നടത്തി. അറഫയില്‍ സംഗമിക്കാത്തവര്‍ക്കു ഹജ്ജിന്റെ പുണ്യം ലഭിക്കില്ലെന്നാണ് നബിവചനം. പ്രവാചകന്‍ ഇബ്രാഹിം നബി, പത്നി ഹാജറ, മകന്‍ ഇസ്മായില്‍ എന്നിവരുടെ ജീവിത ത്യാഗത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ് ഹജ്ജ്. അറഫയില്‍ സംഗമിച്ച തീര്‍ഥാടകര്‍ ഇന്നു വൈകുന്നേരത്തോടെ മുഫ്തലിഫയിലേക്കു പോകും. ബലികര്‍മം, ജംറയിലെ കല്ലേറ് തുടങ്ങിയ കര്‍മങ്ങളില്‍ വ്യാപ്തരാകും. അറഫയോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോക മുസ്ലിങ്ങള്‍ നോമ്പു അനുഷ്ഠിച്ചുവരുന്നുണ്ട്.

മക്കയിലെ കിസ്വ മാറ്റി

മക്ക: പരിശുദ്ധ മക്കയുടെ കിസ്വ മാറ്റി വെക്കല്‍ കര്‍മം നടന്നു. ഇന്നു പുലര്‍ച്ചെയാണ് സുബ്ഹി നമസ്കാരത്തിനു ശേഷം മക്കയിലെ കഅ്ബ ഷെരീഫിനെ ചുറ്റുന്ന കിസ്വ തുണി മാറ്റിവെക്കല്‍ കര്‍മം നടന്നത്. കിസവ ഫാക്ടറി മേധാവി മുഹമ്മദ് ബഹീദിന്റെയും ഹറം കാര്യ വകുപ്പിന്റെയും നേതൃത്വത്തില്‍ 86 പേരടങ്ങുന്ന സംഘമാണ് കിസ്വ മാറ്റിവെച്ചത്. 22 കോടി റിയാല്‍ ചെലവഴിച്ചാണ് കിസ്വ ഒരുക്കിയിട്ടുള്ളത്. വര്‍ഷത്തില്‍ ഹജ്ജ് വേളയിലാണ് കിസ്വ മാറ്റിവെക്കല്‍ ചടങ്ങ് നടത്താറുള്ളത്.