എമിറേറ്റ്സ് എയര്‍ലൈന്‍സ് ഡാളസ് -ദുബായ് എയര്‍ബസ് സര്‍വീസ് ആരംഭിച്ചു
Thursday, October 2, 2014 6:05 AM IST
ഡാളസ്: എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ അഭിമാനമായ സൂപ്പര്‍ ജംബോ എ380 എയര്‍ബസ് ഡാളസില്‍ നിന്നും ഒക്ടോബര്‍ ഒന്നു മുതല്‍ സര്‍വീസ് ആരംഭിച്ചു.

ക്വാന്‍റ്റാസ് എയര്‍ലൈന്‍സിനുശേഷം ഡാളസ് ഫോര്‍ട്ട്വര്‍ത്ത് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും എ380 എയര്‍ബസ് സര്‍വീസ് ആരംഭിക്കുന്ന രണ്ടാമത്തെ എയര്‍ലൈന്‍സാണ് എമിറേറ്റ്സ്.

ദുബായ് നിന്നും കന്നി പറക്കല്‍ നടത്തി ഡിഎഫ്ഡബ്ള്യു എയര്‍പോര്‍ട്ടില്‍ രാവിലെ കൃത്യം 9.30ന് എത്തിയ എ380 എമിറേറ്റ്സ് വിമാനത്തെ ഡിഎഫ്ഡബ്ള്യു എയര്‍പോര്‍ട്ട് ഫയര്‍ എന്‍ജിനുകള്‍ പരമ്പരാഗതമായ രീതിയില്‍ വെള്ളമൊഴിച്ച് സ്വാഗതം ചെയ്തു.

ഈ പറക്കലിനോടനുബന്ധിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സും എയര്‍പോര്‍ട്ട് അധികൃതരും ചേര്‍ന്നു നടത്തിയ ചടങ്ങില്‍ ഡിഎഫ്ഡബ്ള്യു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷോണ്‍ ഡൊണാഹു, എമിറേറ്റ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഹ്യൂബേര്‍ട്ട് ഫ്രാക്, ഡാളസ് മേയര്‍ മൈക്ക് റോളിംഗ്സ്, ഫോര്‍ട്ട്വര്‍ത്ത് മേയര്‍ ബെറ്റ്സി പ്രൈസ് എന്നിവര്‍ പ്രസംഗിച്ചു. എമിറേറ്റ്സിന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

പ്രത്യേക ക്ഷണിതാക്കളായി വിവിധ ഇന്ത്യന്‍ സാംസ്കാരിക വ്യവസായിക സംഘടനാ നേതാക്കളും ട്രാവല്‍ ഏജന്റുകളും പങ്കെടുത്തു. അതിഥികള്‍ക്കായി വിമാനത്തിനുള്ളില്‍ ഗൈഡഡ് ടൂറും ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു.

രണ്ട് നിലകളിലായി 489 സീറ്റുകള്‍ ഉള്ള എ380 എയര്‍ബസില്‍ എല്ലാവിധ അത്യാധുനിക സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1800 മ്യൂസിക്ക് ചാനലുകള്‍, വൈഡ് സ്ക്രീന്‍ ടെലിവിഷന്‍, ഫസ്റ് ക്ളാസ് യാത്രക്കാര്‍ക്കായി കുളിമുറി, സ്പാ, ലോഞ്ച് ഏരിയ ഒക്കെ സൂപ്പര്‍ ജംബോ എ380 എയര്‍ബസിന്റെ പ്രത്യേകതകളാണ്.

എമിറേറ്റ്സിന്റെ ഡിഎഫ്ഡബ്ള്യു സര്‍വീസില്‍ അഭിമാനം കൊള്ളുന്നതായി ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ മലയാളിയായ ആദ്യചെയര്‍മാന്‍ തിയോഫിന്‍ ചാമക്കാല പറഞ്ഞു. ദിവസേന 1850 വിമാനങ്ങള്‍ പറന്നുയരുന്ന ഡിഎഫ്ഡബ്ള്യു ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ തിരക്കേറിയ എയര്‍പോര്‍ട്ട് ആണ്. എ380 എയര്‍ബസിന്റെ വരവോടെ ടെക്സസിന്റേയും ഡിഎഫ്ഡബ്ള്യുവിന്റെയും ബിസിനസ് ടൂറിസം മേഖലയില്‍ എമിറേറ്റ്സ് ശക്തമായ സാന്നിധ്യമായി മാറുമെന്ന് ലോയല്‍ ട്രാവല്‍സ് മാനേജര്‍ ജോജി ജോര്‍ജ് അഭിപ്രായപെട്ടു.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി