രാജ്ദീപ് സര്‍ദേശായിക്ക് നേരെയുള്ള കൈയേറ്റശ്രമത്തില്‍ മലയാളി പ്രസ് കൌണ്‍സില്‍ പ്രതിഷേധിച്ചു
Thursday, October 2, 2014 5:57 AM IST
ഹൂസ്റണ്‍: ന്യൂയോര്‍ക്കിലെ മാഡിസന്‍ സ്ക്വയര്‍ ഓഡിറ്റോറിയത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയ സ്വീകരണ സമ്മേളനം വളരെ പോസിറ്റീവായി തന്നെ റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരുന്ന പ്രമുഖ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ ദേശായിയെ മോദിയുടെ ആരാധകരും അനുകൂലികളും കൈയേറ്റം ചെയ്ത നടപടിയില്‍ ഹൂസ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമങ്ങളുടെ സംഘടനയായ മലയാളി പ്രസ് കൌണ്‍സില്‍ അപലപിക്കുകയും വേണ്ടപ്പെട്ട യുഎസിലെയും ഇന്ത്യയിലെയും അധികാരികളെ പ്രതിഷേധമറിയിക്കുകയും ചെയ്തു.

ഏതു രാഷ്ട്രീയ പാര്‍ട്ടിയേയും നേതാക്കളെയും വമ്പന്മാരെയും മുഖം നോക്കാതെ സത്യസന്ധമായി വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ഒരു പാരമ്പര്യമാണ് രാജ്ദീപ് സര്‍ ദേശായിക്കുള്ളത്. ഗുജറാ ത്ത് കലാപത്തേയും അതില്‍ മോദിക്കുള്ള പങ്കിനേയും അതിനിശിതമായി വിമര്‍ശിച്ച സര്‍ദേശായിയുടെ ചരിത്രമറിയാവുന്ന മോദി അനുകൂലികളാകണം അദ്ദേഹത്തെ ചതിയന്‍ വഞ്ചകന്‍ എന്നെല്ലാം വിളിച്ച് കൈയേറ്റം ചെയ്തത്.

ഇന്ത്യയെന്ന വലിയ ജനാധിപത്യ രാജ്യത്തുനിന്ന് അമേരിക്കയെന്ന മഹത്തായ ജനാധിപത്യ രാജ്യത്തു വെച്ച് ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന് നേരെയുണ്ടായ കൈയേറ്റം തങ്ങള്‍ക്കെല്ലാം എതിരെയുള്ള ഒരു കൈയേറ്റമായി കരുതി പ്രതിഷേധിക്കുന്നതായി മലയാളി പ്രസ് കൌണ്‍സില്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മാത്രമല്ല മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, ചരണ്‍സിംഗ്, രാജീവ് ഗാന്ധി, വി.പി. സിംഗ്, ചന്ദ്രശേഖര്‍, പി.വി. നരസിംഹറാവു, അടല്‍ ബിഹാരി വാജ്പേയ്, എച്ച്.ഡി. ദേവഗൌഡ, ഐ.കെ. ഗുജ്റാള്‍, മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ക്കും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സ്വീകരണങ്ങള്‍ നല്‍കിയ ചരിത്രമുണ്ട്. എന്നാല്‍ അന്നൊന്നും രാഷ്ട്രീയ അസഹിഷ്ണുതയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്ന് ഹൂസ്റണ്‍ മലയാളി പ്രസ് കൌണ്‍സില്‍ പ്രസിഡന്റ് എ.സി. ജോര്‍ജ്, സെക്രട്ടറി ബ്ളസന്‍ ഹൂസ്റണ്‍ എന്നിവര്‍ ഒരു സംയുക്ത പത്രപ്രസ്താവനയില്‍ അറിയിച്ചു.

മലയാളി പ്രസ് കൌണ്‍സില്‍ പ്രവര്‍ത്തകരായി അലക്സാണ്ടര്‍ തോമസ്, ജോളി വില്ലി, ജോര്‍ജ് മണ്ണിക്കരോട്ട്, സുഗുണന്‍ ഞെക്കാട്, ജോര്‍ജ് പുത്തന്‍കുരിശ്, ജോണ്‍ മാത്യു, ഡോ. മോളി മാത്യു, ജീമോന്‍ റാന്നി, ജോസ് ജോണ്‍, ചാര്‍ലി പടനിലം, ചാക്കൊ കല്ലുകുഴി, ബോസ് കുര്യന്‍, അഡ്വ. മാത്യു വൈരമണ്‍, ജോയി തുമ്പമണ്‍, രവി വര്‍ഗീസ്, കോശി തോമസ്, സണ്ണി എഴുമറ്റൂര്‍, സജി പുല്ലാട്്, ജോര്‍ജ് തെക്കേമല, ജോര്‍ജ് പോള്‍, പീറ്റര്‍ ജി. പൌലോസ്, മാത്യു കുരവക്കല്‍, റവ. ഫാ. എം.ടി. ഫിലി പ്പ്, ഈശോ ജേക്കബ്, കുട്ടപ്പന്‍ ഹൂസ്റണ്‍, ഫാന്‍സി മോള്‍ പള്ളാത്തുമഠം, ജോസഫ് തച്ചാറ, റോയി ചിറയില്‍, പൊന്നുപിള്ള, ജോണ്‍ തൊമ്മന്‍, ജോണ്‍സണ്‍ ചെറിയാന്‍, ടോം വിരിപ്പന്‍, തോമസ് കൊരട്ടി, ആന്റണി ചെറു, രഞ്ജിത്ത് പിള്ള തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.