ഫുട്ബോള്‍ ടാലന്റ് അക്കാഡമി ആരംഭിക്കുന്നു
Wednesday, October 1, 2014 6:30 AM IST
കുവൈറ്റ് സിറ്റി: സ്പോര്‍ട്സ് ആന്‍ഡ് എഡ്യുക്കേഷന്‍ പ്രൊഫഷണല്‍ ട്രെയ്നിംഗ് (സെപ്റ്റ് കുവൈറ്റ്) ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്നു. സെപ്റ്റ് യുഎഇയുമായി സഹകരിച്ചാണ് കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ ട്രയിനിംഗ് അക്കാഡമി കുവൈറ്റില്‍ തുടക്കമാകുന്നത്.

ഇന്ത്യക്കാരായ ആറുമുതല്‍ 16 വയസു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുക. എല്ലാ ആഴ്ചകളിലും രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിന് വിദഗ്ധരായ വിദേശ കോച്ചുമാരോടൊപ്പം പ്രമുഖരായ ഇന്ത്യന്‍ പരിശീലകരും നേതൃത്വം നല്‍കും. മിശ്രിഫിലെയും ബയാനിലേയും പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് പരിശീലനം.

2017ല്‍ ഇന്ത്യയില്‍ നടക്കാന്‍ സാധ്യതയേറെയുള്ള ഫിഫ യൂത്ത് വേള്‍ഡ് കപ്പില്‍ കളിക്കാനുള്ള ഇന്ത്യന്‍ ടീമില്‍ മികച്ച താരങ്ങളെ ഒരുക്കിയെടുക്കുക എന്ന മുഖ്യലക്ഷ്യമാണ് സെപ്റ്റിനുള്ളത്. ലോക ഫുട്ബോളില്‍ തിളങ്ങി നില്‍ക്കുന്ന അന്താരാഷ്ട്ര സോക്കര്‍ പ്രതിഭകളുമായി സംവദിക്കാനും പ്രത്യേക പരിശീലന സെഷനുകള്‍ക്കും കുട്ടികള്‍ക്ക് അവസരമുണ്ടായിരിക്കും. ലോകജനത ഒന്നാകെ നെഞ്ചിലേറ്റുന്ന സോക്കറിന്റെ ബാലപാഠങ്ങള്‍, പ്രൊഫഷണലിസം, തന്ത്രങ്ങള്‍ എന്നിവ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് വ്യവസ്ഥാപിതമായ പരിശീലനത്തിലൂടെ സെപ്റ്റ് കുവൈറ്റ് പകര്‍ന്നു നല്‍കും.

സെപ്റ്റ് കുവൈറ്റില്‍ പ്രത്യേക കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് യുഎഇ സെപ്റ്റ് ടീമുമായി മത്സരിക്കുവാനുള്ള അവസരമൊരുക്കും.

രജിസ്ട്രേഷനും മറ്റു വിശദാംശങ്ങള്‍ക്കും: 99708812, 50320400.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍