പ്രസ്ക്ളബ് മാധ്യമശ്രീ: സൌഹൃദപൂക്കള്‍ ഇതള്‍ വിടര്‍ത്തി
Wednesday, October 1, 2014 6:26 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ് മാധ്യമശ്രീ പുരസ്കാര പദ്ധതി സഹൃദയരുടെയും സുമനസുകളുടെയും പിന്തുണയാല്‍ വിജയാഘോഷത്തിന് ഒരുങ്ങുകയാണ്. മാധ്യമശ്രീയുടെ മൂല്യവും സുഹൃത്തുക്കളുടെ സംഭാവനയും തുലാസിലിട്ടാല്‍ ഒരു തട്ടും താഴാത്ത ഇഴയടുപ്പം. പ്രവാസനാട്ടിലെ ബിസിനസ് സമൂഹത്തിനാണ് ഈ വിജയാഘോഷ കുതിപ്പിന് ഒപ്പിടാനുളളത്. ഇന്ത്യ പ്രസ്ക്ളബിന് എന്നും തുണയായി നിന്നവരാണിവര്‍.

കേരളത്തിലെ മികച്ച പത്രപ്രവര്‍ത്തകന് നല്‍കുന്ന ഏറ്റവും മൂല്യമുളള ഈ അവാര്‍ഡിന് സ്പോണ്‍സര്‍മാരാകാന്‍ മറ്റൊന്നും ആലോചിക്കാതെ ഇക്കുറിയും ആദ്യം മുന്നോട്ടു വന്നതും ഈ സമൂഹം തന്നെ. പലരും സ്പോണ്‍സര്‍ഷിപ്പ് ഇങ്ങോട്ടു വാഗ്ദാനം ചെയ്തവര്‍; മറ്റുള്ളവര്‍ ഒറ്റ ഫോണ്‍ വിളിയില്‍ സമ്മതമറിയിച്ചവര്‍ അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്റെ പുരോഗതിക്ക് ഇവര്‍ ഒരിക്കല്‍ കൂടി മറക്കാനാവാത്ത പിന്നാമ്പുറ സാക്ഷികളാവുന്നു.

കഥയും കാര്യവും തുടങ്ങുന്നത് അരിസോണയില്‍ നിന്നാണ്. കൌമാരക്കാരെ പുതുലോകത്തേക്കു നയിക്കുന്ന സണ്‍ഷൈന്‍ റസിഡന്‍ഷ്യല്‍ ഹേം ഉടമ സൈമണ്‍ കോട്ടൂര്‍ ആദ്യ സ്പോണ്‍സറായി മുന്നോട്ടു വന്നു. തുടര്‍ന്നങ്ങോട്ട് വാഗ്ദാനങ്ങളുടെ കുത്തൊഴുക്കായിരുന്നു. മലയാളികള്‍ കടന്നു ചെന്നിട്ടില്ലാത്ത പച്ചക്കറി വിപണിയില്‍ വിത്തിറക്കി 30 വര്‍ഷങ്ങളിലൂടെ നേട്ടങ്ങളുടെ നൂറുമേനി വിളയിച്ച സെബാസ്റ്യന്‍ കുഴികണ്ടത്തില്‍ (തമ്പി), സുഗന്ധോല്‍പ്പന്ന കയറ്റുമതി മേഖലയില്‍ വിജയത്തിന്റെ നേര്‍രേഖ സൃഷ്ടിച്ചെടുത്ത ജോണ്‍ ആകശാല, അച്ചടക്കമുളള സാമ്പത്തിക ജീവിതത്തിന് നിര്‍ദ്ദേശവും ഉപദേശവും നല്‍കുന്ന ഫിനാന്‍ഷ്യല്‍, ടാക്സ് അഡ്വൈസര്‍ ജയിന്‍ ജേക്കബ്, സാമ്പത്തിക വിദഗ്ധന്‍ ഫിലിപ്പ് തമ്പാന്‍; മെഡിക്കല്‍ സയന്‍സിന്റെ സാധ്യതകള്‍ക്ക് ബിസിനസ് കാഴ്ചപ്പാട് നല്‍കിയ ഈസ്റ് ഫ്ളഷിംഗ് ഫിസിക്കല്‍ തെറപ്പി ഉടമ സഞ്ജു ചാക്കോ, ഫൊക്കാനയുടെ ട്രഷററും ബിസിസനുകാരനുമായ ജോയി ഇട്ടന്‍. ഇവര്‍ക്കു പുറമെ അക്ഷരകൂട്ടത്തിന്റെ സഹയാത്രികയും സ്പോണ്‍സറായി.

ഇന്ത്യന്‍ വ്യോമസേനയില്‍ ആതുരസേവനം തുടങ്ങി തുടര്‍ന്ന് അമേരിക്കയില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ട കര്‍മമേഖലയില്‍ നിന്ന് വിരമിച്ച എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സരോജാ വര്‍ഗീസ്. ഇവര്‍ക്കൊക്കെ ഒന്നേ പറയാനുണ്ടായിരുന്നുളളൂ. ഇന്ത്യ പ്രസ്ക്ളബിന്റെ പ്രവര്‍ത്തങ്ങള്‍ മുന്നേറട്ടെ. പ്രവാസ നാട്ടിലെ മാധ്യമ സമൂഹം പിറന്ന നാട്ടിലെ മാധ്യമ സമൂഹത്തിന് നല്‍കുന്ന പിന്തുണ ഇതര വിഭാഗങ്ങളും അനുകരിക്കട്ടെ. കേരളത്തിലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകന്‍ ആദരിക്കപ്പെടുന്നതുവഴി മലയാള ഭാഷ തന്നെയാണെന്ന് ആദരിക്കപ്പെടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ പ്രസ്ക്ളബ് മാധ്യമശ്രീ പുരസ്കാര പദ്ധതി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ സ്പോണ്‍സര്‍മാരെ സമാഹരിക്കുമെന്നാണ് ഇതുവരെയുളള മുന്നേറ്റങ്ങള്‍ വ്യക്തമാക്കുന്നത്. പലരും സ്പോണ്‍സര്‍ഷിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ പുരസ്കാരദാനം നവംബര്‍ എട്ടിന് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററിലാണ് നടക്കുന്നത്. ട്രൈസ്റേറ്റ് മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള സംവാദവും ഇതോടൊപ്പമുണ്ട്. കേരളത്തിലെ അച്ചടി, ദൃശ്യമാധ്യമ രംഗത്തുനിന്നുളള ഏറ്റവും മികച്ച പത്രപ്രവര്‍ത്തകന് നല്‍കുന്ന മാധ്യമശ്രീ പുരസ്കാരദാന ചടങ്ങില്‍ കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

ന്യൂയോര്‍ക്ക് ട്രൈസ്റേറ്റ് മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുളള സംവാദത്തോടെയാണ് പരിപാടികള്‍ രാവിലെ പത്തിന് ആരംഭിക്കുക. സംഘടനകള്‍ നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍, മതസംഘടനകളും മതസ്ഥാപനങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവയൊക്കെ വിശകലനം ചെയ്യുന്ന സംവാദത്തിന് പ്രസ് ക്ളബ് ന്യൂയോര്‍ക്ക് ചാപ്റ്ററാണ് ആതിഥേയത്വം വഹിക്കുക. ഉച്ചഭക്ഷണത്തിനുശേഷമാണ് മാധ്യമശ്രീ പുരസ്കാരദാനം. പ്രസ്ക്ളബ് ദേശീയ നേതൃത്വത്തിന്റെ ചുമതലയില്‍ നടക്കുന്ന ഈ ചടങ്ങ് രണ്ടിന് ആരംഭിച്ച് വൈകുന്നേരം പൊതുസമ്മേളനത്തോടെ സമാപിക്കും.

മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാല്‍ കണ്‍സള്‍ട്ടന്റായ മൂന്നംഗ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുക. ഡോ. എം.വി പിളള, ഡോ. റോയി പി. തോമസ്, ജോസ് കണിയാലി എന്നിവരാണ് ജൂറി അംഗങ്ങള്‍. അച്ചടി, ദൃശ്യ മാധ്യമ രംഗത്തിനു നല്‍കിയ സമഗ്ര സംഭാവന, മാധ്യമ മേഖലയിലെ പരിചയവും അനുഭവ സമ്പത്തും തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ജേതാവിനെ കണ്െടത്തുക.

റിപ്പോര്‍ട്ട്: ജോസ് കണിയാലി