ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം വോളന്റിയര്‍ മീറ്റ് പരിശീലന കളരിയായി
Tuesday, September 30, 2014 5:40 AM IST
ജിദ്ദ: ഓരോ സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ ഹാജിമാരുടെ പ്രാര്‍ഥനകളില്‍ ഇടം ലഭിക്കുമെന്നും വോളന്റിയര്‍ പ്രവര്‍ത്തനം വൃക്തിത്വ വികസനത്തിനുള്ള പരിശീലന കളരി കൂടിയാണെന്നും പ്രമുഖ പരിശീലകനും കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റിയിലെ അധ്യാപകന്‍ കൂടിയായ പ്രഫ. ഇസ്മായില്‍ മരുതേരി പറഞ്ഞു.

വോളന്റിയര്‍ പ്രവര്‍ത്തനം നേരായ ദിശയിലായിരിക്കണം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ഓരോ വോളന്റിയറും ആത്മാര്‍ഥതയോടെ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദാ ഹജ്ജ് വെല്‍ഫെയര്‍ ഫോറം സംഘടിപ്പിച്ച വോളന്റിയര്‍ ട്രെയിനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സെഷനുകളിലായി നടന്ന ട്രൈയിനിംഗ് ക്യാമ്പിന് 'ലീഡ്സ് ജിദ്ദ'യാണ് നേതൃത്വം നല്‍കിയത്. 'വോളന്റിയര്‍മാരുടെ ദൌത്യം' എന്ന ശിര്‍ഷകത്തില്‍ സംസാരിച്ച റഫിഖ് ചെറുശേരി ഓരോ വോളന്റയറും ഒരു പ്രകാശ ഗോപുരം പോലെ വര്‍ത്തിക്കണമെന്ന് വോളന്റിയര്‍മാരോട് പറഞ്ഞു. ട്രെയ്നര്‍ അബ്ദുസലാം കാളികാവ് വോളന്റിയര്‍മാരുടെ മുന്നൊരുക്കത്തെ കുറിച്ച് ക്ളാസെടുത്തു. പ്രതിരോധ കുത്തിവയ്പ്, വ്യായാമം എന്നിവയുടെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. കൂടാതെ വോളന്റിയര്‍മാര്‍ തങ്ങളുടെ സേവനസമയത്തെകുറിച്ച് ബോധമുള്ളവരായിരിക്കണമെന്നും പ്രവര്‍ത്തന മേഖലയെ കുറിച്ചുള്ള ധാരണയുണ്ടായിരിക്കണമെന്നും തങ്ങളോടൊപ്പം കരുതിയിരിക്കേണ്ട അത്യാവശ്യ വസ്തുക്കളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

മിനയില്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ വിവരങ്ങളടങ്ങിയ 'മാപ്പ് റീഡിംഗ്' ഫാസില്‍ അവതരിപ്പിച്ചു. തങ്ങളുടെ കഴിവിന്റെ പരമാവധി മികച്ച സേവനങ്ങള്‍ ഹാജിമാര്‍ക്കു നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു ഇര്‍ഷാദ് ഹരിപ്പാട് ക്ളാസെടുത്തത്. വോളന്റിയര്‍ പ്രവര്‍ത്തനത്തിന്റെ ആത്മീയവശത്തെ കുറിച്ച് കെ.പി അബൂബക്കര്‍ സംസാരിച്ചു. ഓരോ സന്നദ്ധ പ്രവര്‍ത്തകനും ഓരോഘട്ടത്തിലും ഉത്സാഹപൂര്‍വം പ്രേരകശക്തിയായി പ്രവര്‍ത്തിക്കണമെന്നും ക്രിയാത്മകമായും സഹനത്തോടെയുമുള്ള സന്നദ്ധ പ്രവര്‍ത്തകനാകാന്‍ അദ്ദേഹം വോളന്റിയര്‍മാരോട് ആഹ്വാനം നല്‍കുകയും ചെയ്തു. സിദ്റ പോളിക്ളിനിക്കിലെ ഡോ. ഉമ്മര്‍ ഹാജിമാര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ച് സംസാരിച്ചു.

ചടങ്ങില്‍ ജിദ്ദാ ഹജജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ ചെമ്പന്‍ അബാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം അല്‍ അബീര്‍ മെഡിക്കല്‍ ഗ്രുപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നസിര്‍ ബാവകുഞ്ഞ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുറഹ്മാന്‍ വണ്ടൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷൌക്കത്തലി ഖിറാഅത്തും സഹല്‍തങ്ങള്‍ സ്വാഗതവും മുസ്തഫ ചെമ്പന്‍ നന്ദിയും പറഞ്ഞു.

മുസ്തഫ പെരിവള്ളൂര്‍, അന്‍വര്‍ വടക്കാങ്ങര, സഹല്‍തങ്ങള്‍, കെ.ടി.എ മുനീര്‍, ഷാനവാസ് വണ്ടൂര്‍, മൊയ്തീന്‍ കാളികാവ്, മുഹമ്മദ് റാസി, അന്‍ഷാദ് വഴിക്കടവ്, നാസര്‍ ചാവക്കാട്, പിഎം.എ ജലീല്‍, മുംതാസ് അഹമ്മദ്, കുഞ്ഞഹമ്മദ് കൊടശേരി, സലീം പള്ളിവീട്, എ.പി അബ്ദുള്‍ ഗഫൂര്‍, ഇസ്മായില്‍ കോതമംഗലം, ഹനീഫ് കൈപ്പമംഗലം, മന്‍സൂര്‍ വണ്ടൂര്‍, മജീദ് നഹ, മുഹമ്മദ്അലി കോട, ഫിറോസ് കരുനാഗപള്ളി, നൌഷാദ് അടൂര്‍. അഡ്വ. ഷുക്കൂര്‍ വക്കം, അബ്ദുറബ്, ഇസ്മായില്‍ കല്ലായി, മുഹമ്മദ് ഫാറൂഖ്, ഇസ്മായില്‍ താഹ കാഞ്ഞിപ്പുഴ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍