ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ അഞ്ചിന് തുടക്കം
Tuesday, September 30, 2014 5:39 AM IST
ഡാളസ്: ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മലയാളി ക്രിക്കറ്റ് ക്ളബുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ വര്‍ഷവും നടത്തിവരാറുളള ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ അഞ്ചിന് (ഞായര്‍) ഡാളസില്‍ തുടക്കം കുറിക്കും.

ഗാര്‍ലന്റ് ഒബാനിയന്‍ പാര്‍ക്കിലുളള ക്രിക്കറ്റ് ഗ്രൌണ്ടിലാണ് മത്സരങ്ങള്‍. ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന മത്സരങ്ങളില്‍ സ്ട്രൈക്കേഴ്സ് (ലൂയിസ് വില്ല), ടസ്ക്കേഴ്സ് (ഗാര്‍ലന്റ്) സ്പാര്‍ക്ക്സ് (മസ്കിറ്റ്), ഫ്രന്റ്സ് ഓഫ് ഡാളസ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും.

കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഫ്രന്റ്സ് ഓഫ് ഡാളസ് ടീം ഇത്തവണ വിജയം ആവര്‍ത്തിക്കുമെന്ന് ക്യാപ്റ്റന്‍ ബിജു തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ തലമുറയില്‍ ക്രിക്കറ്റ് അഭിനിവേശം വളര്‍ത്തുന്നതിനും അവര്‍ക്ക് അവസരം ഒരുക്കുന്നതിനുമാണ് ഇത്തരം ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ നടക്കുന്ന മത്സരത്തിന് പ്രവേശനം സൌജന്യമാണ്. ക്രിക്കറ്റില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ബാബു പി. സൈമണ്‍ (പ്രസിഡന്റ്), എബിന്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), മനു വര്‍ഗീസ് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍