ഇര്‍വിംഗില്‍ മഹാത്മാഗാന്ധിയുടെ മെമ്മോറിയലും പ്രതിമ അനാച്ഛാദനവും ഒക്ടോബര്‍ രണ്ടിന്
Tuesday, September 30, 2014 5:37 AM IST
ഇര്‍വിംഗ്: ടെക്സസിലെ ഇര്‍വിംഗ് സിറ്റിയിലുള്ള ജെഫേഴ്സണ്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ പ്രതിമയുടെ അനാഛാദനം ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിദിനത്തില്‍ വൈകുന്നേരം 4.30ന് നടക്കും.

മഹാത്മാ ഗാന്ധിയുടെ പൌത്രന്‍ സതീഷ് ധൌപ്പേലിയ മുഖ്യാതിഥിയായിരിക്കും. നെല്‍സണ്‍ മണ്ഡേലയുടെ പൌത്രന്‍ ഡാബാ മണ്ഡേല, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് റവ. ജെറോം ലെഡോക്സ്, ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം തുളസി ഗാബാര്‍ഡ്, ഹൂസ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പി. ഹരീഷ്, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം (ഡാളസ്) എഡി. ബി ജോണ്‍സണ്‍, ഇര്‍വിംഗ് സിറ്റി മേയര്‍ ബെത്ത് വാന്‍ ഡ്യൂയ്നി, സേവാഗ്രാം സബര്‍മതി ആശ്രമത്തെ പ്രതിനിധീകരിച്ച് പ്രസാദ് ഗൊലാനപള്ളി എന്നിവര്‍ ആശംസകളര്‍പ്പിക്കും.

ഇന്ത്യന്‍ അമേരിക്കന്‍ ഫ്രന്റ്ഷിപ്പ് കൌണ്‍സിലും ഇന്ത്യന്‍ അസോസിയേഷനും സംയുക്തമായി ചേര്‍ന്നു രൂപീകരിച്ച മഹാത്മഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ് എന്ന സംഘടനയാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഭാരതീയരായ ഏവര്‍ക്കും അഭിമാനമേകുന്ന ഈ ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി