ലാനാ സാരഥികളെ കേരള സാഹിത്യ അക്കാഡമി ആദരിച്ചു
Tuesday, September 30, 2014 4:41 AM IST
തൃശൂര്‍: കേരളത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിലൂടെ ലാന നടത്തിയ ത്രിദിന തീര്‍ത്ഥയാത്രയുടെ ആദ്യ ദിവസം കേരള സാഹിത്യ അക്കാഡമിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് അക്കാഡമി ഭാരവഹികള്‍ ലാന കുടുംബാംഗങ്ങളെ ആദരിച്ചു.

മലയാള ഭാഷയേയും സാഹിത്യത്തേയും ഏഴാം കടലിനക്കരയും പരിപോഷിപ്പിക്കുവാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ലാനാ പ്രവര്‍ത്തകര്‍, കേരള മണ്ണിലും മാതൃഭാഷയേയും സംസ്കാരത്തേയും ഉത്തേജിപ്പിക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങളെ കേരള സാഹിത്യ അക്കാഡമി ആദരവോടെയാണ് കാണുന്നതെന്ന് സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ അനുമോദന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പിച്ചളയില്‍ തീര്‍ത്ത് പേരും, അക്കാഡമി ലോഗോയും മനോഹരമായി മുദ്രണം ചെയ്ത ശില്‍പമാണ് ഉപഹാരമായി ലാനാ സാരഥികള്‍ക്ക് നല്‍കിയത്. അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടിലും ചേര്‍ന്ന് ശില്‍പങ്ങള്‍ സമ്മാനിച്ചു.

ലാനാ കേരളാ കണ്‍വന്‍ഷന്റെ ഒന്നാം ദിവസത്തെ പരിപാടികളുടെ ഭാഗമായി അക്കാഡമിയിലെ വൈലോപ്പള്ളി ഹാളില്‍ വിഭവസമൃദ്ധമായ കേരളാ സദ്യയുമുണ്ടായിരുന്നു. കേരളീയ വേഷങ്ങണിഞ്ഞ് സാഹിത്യ അക്കാഡമി ജീവനക്കാര്‍ ലാനാ കുടുംബാംഗങ്ങള്‍ക്ക് സദ്യ വിളമ്പി. വൈകുന്നേരം അക്കാഡമി കോമ്പൌണ്ടിലുള്ള ചങ്ങമ്പുഴ മന്ദിരത്തിലെ പോര്‍ട്രെയിറ്റ് ഗാലറിയും ലൈബ്രറി മന്ദിരവും ലാനാ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ലാനയുടെ അംഗങ്ങളുടെ പുസ്തകങ്ങള്‍ സാഹിത്യ അക്കാഡമിയുടെ ഗ്രന്ഥശേഖരത്തിലേക്ക് ഭാരവാഹികള്‍ സ്വീകരിച്ചു. അക്കാഡമി ലൈബ്രറിയിലേക്ക് ഇനിയും പുസ്തകങ്ങള്‍ നല്‍കുവാന്‍ താത്പര്യമുള്ള അംഗങ്ങള്‍ ലാന ഭാരവാഹികളുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം