പ്രവാസി സാാംസ്കാരിക വേദി അല്‍കോബാര്‍ -ഷിമാലിയ മേഖല സമ്മേളനം
Monday, September 29, 2014 6:16 AM IST
ദമാം: പ്രവാസി സാംസ്കാരിക വേദി അല്‍കോബാര്‍ - ഷിമാലിയ മേഖലാ സമ്മേളനവും അംഗത്വ കാമ്പയിന്‍ ഉദ്ഘാടനവും വിവിധ പരിപാടികളോടെ അല്‍ഖോബാറില്‍ നടന്നു.

സാംസ്കാരിക പരിപാടിയില്‍ പ്രവാസി അല്‍ഖോബാര്‍ മേഖലാ കോഓര്‍ഡിനേറ്റര്‍ രാജന്‍ ടി. നായര്‍ ചേലക്കര അധ്യക്ഷത വഹിച്ചു. പ്രവാസി സാംസ്കാരിക വേദി അല്‍ഖോബാര്‍ സോണല്‍ ചെയര്‍മാന്‍ വിജയകുമാര്‍ തിരുവനന്തപുരം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അപചയം സംഭവിച്ച് ജനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ വിശ്വാസവും മതിപ്പും നഷ്ടപ്പെട്ടുപോയ, അപകടകരമായ ദശാസന്ധിയിലാണ്എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും മാതൃകയും ബദലുമായി ജനപക്ഷ രാഷ്ട്രീയവും മൂല്യാധിഷ്ടിത രാഷ്ട്രീയവും ഉയര്‍ത്തിപിടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഉദയം ചെയ്തതെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. തതുല്യ സാഹചര്യത്തില്‍ സൌദി അറേബ്യയിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് ഊന്നലും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതത്വവും മാര്‍ഗദര്‍ശനവും നേതൃത്വം നല്‍കാനും സൌദി അറേബ്യയില്‍ ഉടലെടുത്ത കൂട്ടായ്മയാണ് സാംസ്കാരിക വേദിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

നൌഫര്‍മംബാട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. നാട്ടില്‍ ജനാധിപത്യ പോരാട്ടങ്ങള്‍ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും ജാതി, മത, വര്‍ണ, വര്‍ഗ, രാഷ്ട്രീയ വിവേചനങ്ങളെ വകഞ്ഞുമാറ്റി പുതിയ മൂല്യാധിഷ്ടിത രാഷ്ട്രീയ സംസ്കാരത്തിനു വഴിയൊരുക്കുന്ന തെറ്റായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബദലായി സമഗ്രവും ജനപക്ഷവുമായ വികസനത്തിന് നാന്ദികുറിച്ചിട്ടുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചോദനത്തില്‍നിന്നും പ്രവാസിയുടെ പൊള്ളുന്ന അനുഭവങ്ങളില്‍നിന്നും ഉയിരെടുത്ത ഒരു മഹത് സംവിധാനമാണ് പ്രവാസി സാംസ്കാരിക വേദിയെന്നും പ്രവാസികള്‍ക്ക് വോട്ടവകാശം മൌലികമാണെന്നും അത് നിഷേധിക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണെന്നും അഭിപ്രായപെട്ടു. നാടിനെ താങ്ങിനിര്‍ത്തുന്നത് പ്രവാസികളാണെന്നും രോഗിയായും അവശനായും മടങ്ങിവരുന്ന പ്രവാസിയുടെ പുനരധിവാസം സര്‍ക്കാരുകളുടെ കടമയാണെന്നും ഇത് മനഃപൂര്‍വം വിസ്മരിക്കുന്ന രാഷ്ട്രീയ കാപഢ്യത്തെ ജനം തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവബോധം ലഭിച്ച സംഘശക്തിക്കുവിജയവും പുരോഗതിയും സുനിശ്ചിതമാണെന്നു സൂചിപ്പിച്ച അദ്ദേഹം പ്രവാസികള്‍ ഭിന്നിക്കാതെ എല്ലാ വിഭാഗീയതയും മറന്ന് നന്മക്കായ് ഒന്നിക്കാന്‍ ആഹ്വാനം ചെയ്തു.

ദേശഭക്തിഗാനങ്ങള്‍ ലിജോയും സംഘവും നിര്‍വഹിച്ചു. കലാ പരിപാടികള്‍ക്ക് ലിജോ ജോര്‍ജ്, ഗായകന്‍ അജിത്, മുഗേഷ്, ജയേഷ് പട്ലം, രാമദാസ്, സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആദിവാസികളുടെ നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യ പ്രമേയമവതരിപ്പിച്ചുകൊണ്ട് നാസിമുദ്ദീന്‍ തിരുവനന്തപുരം സംസാരിച്ചു.

അനുഗ്രഹീത ഗായകന്‍ ശ്രീഅജിത് അംഗത്വഫോറം ഏറ്റുവാങ്ങി. പ്രവാസി സാംസ്കാരിക വേദിയില്‍ എല്ലാവരും അഗമാകണമെന്നും ഇത് നമ്മുടെ നാടിന് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

പ്രവാസി ഷിമാലിയ ഏര്യാ കോഓര്‍ഡിനേറ്റര്‍ ജയേഷ് സ്വാഗതവും അല്‍ഖോബാര്‍ ഏര്യാ കോഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം