സന്തോഷാശ്രുക്കളുമായി അബ്ദുറഹ്മാന്‍ നാട്ടലേക്ക് തിരിച്ചു
Monday, September 29, 2014 5:21 AM IST
റിയാദ്: നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സന്തോഷാശ്രുക്കളോടെ പുനോത്ത് അബ്ദുറഹ്മാന്‍ നാട്ടിലേക്ക് തിരിച്ചു. നിരപരാധിത്വം തെളിയിക്കാനും വൈകിയാണെങ്കിലും നാട്ടിലേക്ക് തിരിക്കാനും കുടുംബവുമായി ചേരാനും സഹായിച്ച എല്ലാ സഹൃദയരോടും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ച അബ്ദുറഹ്മാന്‍ പക്ഷേ പലവട്ടം മുട്ടിയിട്ടും തന്റെ കണ്ണീര് കാണാനോ കരുണ കാണിക്കാനോ തയ്യാറാകാതിരുന്ന ഇന്ത്യന്‍ മിഷനോടുള്ള പ്രതിഷേധവും പ്രകടിപ്പിച്ചു. മതിയായ പരിഗണന ഇന്ത്യന്‍ എംബസി ജയിലിലുള്ള ഇന്ത്യക്കാരുടെ വിഷയങ്ങളില്‍ നല്‍കിയിരുന്നെങ്കില്‍ എത്രയോ ഇന്ത്യക്കാര്‍ വര്‍ഷങ്ങളായി സൌദി അറേബ്യയിലെ ജയിലുകളില്‍ കഴിയേണ്ടി വരില്ലെന്ന് അബ്ദുറഹ്മാന്‍ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പറഞ്ഞു. സഹപ്രവര്‍ത്തകനായ പാക്കിസ്ഥാനി പൌരന്‍ 2006 ല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളി സ്വദേശിയായ പുനോത്ത് അബ്ദുറഹ്മാന്‍ (43) റിയാദില്‍ ജയിലിലായത്. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ മുനീബ് പാഴൂരും ബന്ധുവായ എടവണ്ണപ്പാറ സ്വദേശി അഫ്സല്‍ ഖാനും ചേര്‍ന്ന് നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അബ്ദുറഹ്മാന് ജയില്‍ മോചനം സാധ്യമായത്.

ഞായറാഴ്ച ഉച്ചക്ക് 2.45 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് അബ്ദുറഹ്മാന്‍ നാട്ടിലേക്ക് തിരിച്ചത്. ജയിലില്‍ നിന്ന് ലഭിച്ച വെള്ള തോബ് മാത്രം ധരിച്ച് എയര്‍പോര്‍ട്ടിലെത്തിയ അബ്ദുറഹ്മാന് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റും അഫ്സല്‍ ഖാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടു വന്നിരുന്നു. നേരിട്ട് അബ്ദുറഹ്മാന് നല്‍കാന്‍ കഴിയാത്തതിനാല്‍ അതേ വിമാനത്തില്‍ യാത്ര ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനായ നാസര്‍ കാരന്തൂരിന്റെ കൈവശമാണ് വസ്ത്രങ്ങളടങ്ങിയ ബാഗ് നല്‍കിയതെന്ന് അഫ്സല്‍ പറഞ്ഞു. അബൂബക്കറിന്റെ മോചനശ്രമങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ കഴിഞ്ഞ ദിവസം അംബാസഡറുമായി നടത്തിയ ചര്‍ച്ചയില്‍ സൌദി സന്ദര്‍ശിക്കുന്ന കോഴിക്കോട് എം.പി എം.കെ രാഘവനും ആവശ്യപ്പെട്ടിരുന്നു. എം.കെ രാഘവന്‍ ത്രിദിന സന്ദര്‍ശനശേഷം നാട്ടിലേക്ക് തിരിച്ച അതേ എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ അബ്ദുറഹ്മാനും നാട്ടിലേക്ക് തിരിക്കാനായത് തീര്‍ത്തും യാദൃശ്ചികമായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍