മലപ്പുറം സ്വദേശിയായ യുവാവിനെ റിയാദില്‍ കാണാതായതായി പരാതി
Monday, September 29, 2014 5:21 AM IST
റിയാദ്: നാലു വര്‍ഷമായി റിയാദിലെ സുലൈയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയായ യുവാവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കളുടെ പരാതി. മലപ്പുറം വേങ്ങര ഊരകംമുറി പള്ളിത്തൊടി മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് നബീല്‍ പള്ളിത്തൊടി (26) എന്ന യുവാവിനെക്കുറിച്ചാണ് കഴിഞ്ഞ ഒന്‍പത് മാസമായി ബന്ധുക്കള്‍ക്ക് യാതൊരു വിവരവും ലഭിക്കാതിരിക്കുന്നത്.

നാലു വര്‍ഷമായി റിയാദിലെ സുലൈയില്‍ താമസിച്ച് സുലൈയിലും മറ്റു പ്രദേശങ്ങളിലും ജോലി ചെയ്തുവരികയായിരുന്നു. ബന്ധുക്കളുടെ അന്വേഷണത്തില്‍ ഇയാളെ അവസാനമായി റിയാദിലെ നദീമില്‍ വെച്ച് നാട്ടുകാരനായ ഒരാള്‍ കണ്ടതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ റിയാദിലെ കേളി കലാ സാംസ്കാരികവേദിയുടെ നദീം യുണിറ്റുമായി ബന്ധപ്പെടുകയും മുഹമ്മദ് നബീലിനെ കണ്െടത്തുന്നതിന് സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. നാലു വര്‍ഷമായി റിയാദില്‍ എത്തിയിട്ടെങ്കിലും ഇതുവരെ നാട്ടില്‍ പോയിട്ടില്ല. ഇതിനിടയില്‍ കാണാതായതിനു ശേഷം ഒരുതവണ ജിദ്ദയിലുള്ള സഹോദരന്‍ ഫൈസലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് അറിയാന്‍ കഴിയുന്നത്. നബീലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കേളി റൌദ ഏരിയ വൈസ് പ്രസിഡന്റ് ജോയിയുമായി ബന്ധപ്പെടണം (0565937234).

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍