അജഗണങ്ങള്‍ സാക്ഷി; മാര്‍ ജോയി ആലപ്പാട്ട് അഭിഷിക്തനായി
Saturday, September 27, 2014 10:55 AM IST
ഷിക്കാഗോ: ദൈവം നല്‍കിയ ഇടയനുവേണ്ടി പ്രാര്‍ഥനയും ദൈവസ്തുതിയുമായി ഒത്തുചേര്‍ന്ന മൂവായിരത്തോളം വിശ്വാസികളെ ദൈവാനുഭവത്തിലേക്കും, ഹൃദയം തുളുമ്പുന്ന സന്തോഷത്തിലേക്കും നയിച്ച ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മാര്‍ ജോയി ആലപ്പാട്ട് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രനായി ഇടയദൌത്യം ഏറ്റെടുത്തു. സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങുകളില്‍ മുഖ്യകാര്‍മികനായി. ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങുകളില്‍ ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവരും കാര്‍മികത്വം വഹിച്ചു.

കേരളത്തില്‍ നിന്നു കോട്ടയം, കോഴിക്കോട്, താമരശേരി രൂപതാധ്യക്ഷന്‍മാരെ കൂടാതെ സീറോ മലങ്കര, ഉക്രെയിന്‍, റോമേനിയന്‍, ലത്തീന്‍ രൂപതകളില്‍ നിന്നായി സ്വദേശീയരും വിദേശീയരുമായ ഒരു ഡസണ്‍ ബിഷപ്പുമാരും അമേരിക്കന്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികളും ഷിക്കാഗോ രൂപതയിലെ നൂറോളം വൈദികരും ശുശ്രൂഷകളില്‍ പങ്കെടുത്തു. അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികള്‍ ചടങ്ങുകള്‍ക്കു സാക്ഷ്യംവഹിച്ചു.

പാരീഷ് ഹാളില്‍നിന്നു തിരുവസ്ത്രങ്ങള്‍ അണിഞ്ഞു കൊടിമരം ചുറ്റി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചതോടെയാണു തിരുകര്‍മങ്ങള്‍ തുടങ്ങിയത്. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ ജേക്കബ് തൂങ്കുഴി, സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു. ഫാ.സെബാസ്റ്യന്‍ അരീക്കാട്ട് മെത്രാഭിഷേക ചടങ്ങുകളില്‍ ആര്‍ച്ച്ഡീക്കനായിരുന്നു. ഷിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ.സെബാസ്റ്യന്‍ വേത്താനത്ത് മാര്‍പാപ്പയുടെ ഡിക്രി വായിച്ചു.


ഇടയനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഗാനം ഗായകസംഘം ആലപിച്ചപ്പോള്‍ ഭക്തിനിര്‍ഭരമായ മെത്രാഭിഷേക കര്‍മ്മങ്ങള്‍ ആരംഭിച്ചു.

'അസതോമ സത്ഗമയ
തമസോമാ ജ്യോതിര്‍ഗമ...'
എന്ന ഗാനം ഗായകസംഘം ആലപിച്ചപ്പോള്‍ ദീപം തെളിയിക്കപ്പെട്ടു. തുടര്‍ന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് മാര്‍ ജോയി ആലപ്പാട്ടിനെ ഷിക്കാഗോ രൂപതയുടെ സഹായ മെത്രനായി പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ നിയമിച്ചുകൊണ്ടുള്ള നിയമനപത്രം വായിച്ചു. മെത്രാഭിഷേക കര്‍മ്മങ്ങളുടെ വിവരണം ഫാ. വിനോദ് മഠത്തിപ്പറമ്പിലും, ഫാ. സജി പിണര്‍കയിലും നിര്‍വഹിക്കുകയുണ്ടായി. ശുശ്രൂഷകളുടെ ആര്‍ച്ച് ഡീക്കന്‍ ഫാ. സെബാസ്റ്യന്‍ അരീക്കാട്ട് ആയിരുന്നു. തുടര്‍ന്ന് നിയുക്ത മെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദിച്ച് മൌനമായി പ്രാര്‍ത്ഥിച്ചു. അതിനുശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് വിശ്വാസ പ്രഖ്യാപനവും, വിധേയത്വ പ്രതിജ്ഞയും ചെയ്തു. 'കര്‍ത്താവിന്റെ കാരുണ്യം ഞാന്‍ പ്രകീര്‍ത്തിക്കും. അവിടുത്തെ വിശ്വസ്തത ഞാന്‍ പ്രസംഗിക്കും' എന്ന സങ്കീര്‍ത്തനഭാഗം സമൂഹം ചൊല്ലി. അഭിവന്ദ്യ പിതാക്കന്മാര്‍ നിയുക്ത മെത്രാന്റെ ശിരസില്‍ വലതുകൈ വെച്ച് കൈവെയ്പ് ശുശ്രൂഷകള്‍ നടത്തുകയും, ചുമലില്‍ സുവിശേഷ ഗ്രന്ഥം വെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 'അങ്ങേയ്ക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ നിഷ്കളങ്കതയോടെ സകല ദൈവഭയത്തിലും , വിശുദ്ധിയിലും മേയിക്കുവാന്‍ നമ്മുടെ കര്‍ത്താവ് അങ്ങയെ സ്വര്‍ക്ഷീയ മഹത്വത്തിന്റെ കിരീടം അണിയിക്കട്ടെ' എന്ന പ്രാര്‍ത്ഥനയോടെ സ്ഥാനചിഹ്നമായ തൊപ്പിയും, നമ്മുടെ കര്‍ത്താവായ ദൈവം സെഹിയോനില്‍ നിന്ന് അയച്ച ശക്തിയുടെ ദണ്ഡായ ഈശോ മിശിഹാ അങ്ങയേയും അങ്ങ് മേയിക്കാനിരിക്കുന്നവരേയും നയിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ അംശവടിയും നല്‍കി. അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ സന്ദേശത്തില്‍ ഷിക്കാഗോ രൂപതയുടെ നേട്ടങ്ങളെ പ്രശംസിക്കുകയും നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന് എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു. ഒരു സമൂഹമായി വിശ്വാസത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ബോധിപ്പിച്ചു.


കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഇരിഞ്ഞാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകാംഗമാണ്. 1981 ഡിസംബര്‍ 31-ന് മാര്‍ ജയിംസ് പഴയാറ്റില്‍ നിന്ന് പട്ടം സ്വീകരിച്ച പിതാവ് വൈദീകനായിട്ട് 33 വര്‍ഷമായി. പിതാവ് 27 വര്‍ഷം മുമ്പും, മാതാവ് ഒരുവര്‍ഷം മുമ്പും നിര്യാതരായി. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. സഹോദരി സിസ്റര്‍ കോല്ലാട്ട് ഉപവി സന്യാസ സഭാഗംമാണ്. റോമില്‍ സേവനം അനുഷ്ഠിക്കുന്നു. ഭദൈവമേ നിന്റെ ആത്മാക്കള്‍ക്കുവേണ്ടി സന്തോഷത്തോടെ’ എന്ന ആപ്തവാക്യമാണ് മാര്‍ ജോയി ആലപ്പാട്ട് സ്വീകരിച്ചത്.

പുതിയ ഇടയന്‍ നല്‍കിയ നന്ദി പ്രസംഗം ഏറെ വികാരതീവ്രവും ഹൃദയസ്പര്‍ശിയുമായിരുന്നു. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കരയില്‍ ജനിച്ചുവളര്‍ന്ന താന്‍ ഒരിക്കലും മെത്രാന്‍ പദവി സ്വപ്നം കണ്ടിട്ടുപോലുമില്ലായിരുന്നു എന്നും വൈദികനാകണമെന്ന തന്റെ ആഗ്രഹത്തിന് ദൈവപരിപാലനയുടെ അനന്തനായ ആശീര്‍വാദമാണ് ഇത്തരമൊരു പൂര്‍ണത വരുത്തിയതെന്നും മാര്‍ ആലപ്പാട്ട് അനുസ്മരിച്ചു. തന്നെ വളര്‍ത്തിവലുതാക്കിയ പരേതരായ മാതാപിതാക്കളെ അനുസ്മരിച്ചപ്പോള്‍ പിതാവിന്റെ കണ്ഠമിടറി, കണ്ണുകള്‍ നിറഞ്ഞു. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യം പരിപൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചെയ്യുവാനുള്ള ദൈവകൃപയ്ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ വിശ്വാസികളെ അദ്ദേഹം ഉത്ബോധിപ്പിച്ചു. ഈ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും, ഇതില്‍ പങ്കെടുത്ത എല്ലാ വിശ്വാസികളോടും, തിരുകര്‍മങ്ങളില്‍ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാരോടും, വൈദീകരോടും, കന്യാസ്ത്രീകളോടും, കുടുംബാംഗങ്ങളോടും തനിക്കുള്ള അകൈതവമായ നന്ദി അദ്ദേഹം രേഖപ്പെടുത്തി. ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച വികാരി ജനറാളും കത്തീഡ്രല്‍ പള്ളിയുടെ പുതിയ വികാരിയുമായ റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിനേയും, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് ചാമക്കാലയേയും അദ്ദേഹം അനുമോദിച്ചു. എല്ലാ കാര്യങ്ങളിലും ഒരു സഹോദരനെ പോലെ കഴിഞ്ഞ രണ്ടുവര്‍ഷം തന്നോടൊത്ത് ജോലി ചെയ്ത അസിസ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലിലിനേയും അദ്ദേഹം സ്നഹപൂവ്വം അനുസ്മരിച്ചു.


ഭാരതത്തിനുപുറത്ത് ആദ്യമായി ലഭിച്ച രൂപതയാണ് ഷിക്കാഗോ സീറോ മലബാര്‍ രൂപത. രണ്ട് ഇടവകകളുമായി പ്രവര്‍ത്തനം ആരംഭിച്ച രൂപത 13 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ 36 ഇടവകകളും, 34 മിഷനുകളും, 57 വൈദീകരും, ഒരു ലക്ഷത്തോളം വിശ്വാസികളുമായി വളര്‍ന്നു. ഭൂവിസ്തൃതിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രൂപതകളില്‍ ഒന്നായ ചിക്കാഗോ രൂപതയ്ക്ക് ഒരു ഇടയനെക്കൂടി ലഭിച്ചതിലൂടെ സഭാ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കപ്പെടുകയാണ്. യു.എസ്.എയും, കാനഡയും ഉള്‍പ്പെടുന്ന അതിവിശാലമായ ഭൂപ്രദേശമത്തുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ പരിപാലനമാണ് ചിക്കാഗോ രൂപതയ്ക്ക് നല്‍കപ്പെട്ടിരിക്കുന്നത്. മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ 13 വര്‍ഷം കൊണ്ട് അത്ഭുതകരമായ വളര്‍ച്ച നേടിയ രൂപത്യ്ക്ക് ഇത് ആനന്ദത്തിന്റെ നിമിഷമാണ്.

കത്തീഡ്രലിലും പുറത്തുമായി നാലായിരം പേര്‍ക്ക് ഇരുന്ന് തിരുകര്‍മങ്ങള്‍ വീക്ഷിക്കാനും വാഹന പാര്‍ക്കിംഗിനുമുള്ള സൌകര്യങ്ങളും ഒരുക്കിയിരുന്നു. ഇരുനൂറോളം വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പാകം ചെയ്ത് വിതരണം ചെയ്ത ഉച്ചഭക്ഷണവും പരിപാടിയുടെ ഭാഗമായിരുന്നു. ബെല്‍വുഡ് മേയര്‍, പോലീസ് ചീഫ് എന്നിവരുടെ എല്ലാ പിന്തുണയും ലഭിച്ചിരുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കുതന്നെ പാരീഷ് ഹാളില്‍ പൊതുയോഗം ചേര്‍ന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മറ്റു പിതാക്കന്മാരും പ്രതിനിധികളും മാര്‍ ജോയി ആലപ്പാട്ടിന് അനുമോദനങ്ങളും അഭിവാദനങ്ങളും നേര്‍ന്നു. പൊതുയോഗത്തില്‍ ബീന വള്ളിക്കളം എം.സിയായിരുന്നു. ജനറള്‍ കോര്‍ഡിനേറ്റര്‍ ജോസ് ചാമക്കാല സ്വാഗതവും, പാരീഷ് കൌണ്‍സില്‍ ട്രസ്റി ജോണ്‍ കൂള കൃതജ്ഞതയും രേഖപ്പെടുത്തി.

ആലപ്പാട്ട് പിതാവിന്റെ തൂലികയില്‍ നിന്നുയരെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി സീറോ മലബാറിലെ കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറോളം പേര്‍ ഒരുക്കിയ ദൃശ്യാവിഷ്കാരം ഭക്തിനിര്‍ഭരവും നയനാന്ദകരവുമായിരുന്നു. മാര്‍ ആലപ്പാട്ടിന്റെ ജീവിതവഴികളെ അടിസ്ഥാനമാക്കി തയാറാക്കിയ ഒരു ഡോക്യുമെന്ററിയും മനോഹരമായി സ്റേജില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്ക് ഗാര്‍ഫീല്‍ഡ് ഇടവകാംഗങ്ങള്‍ അവരുടെ പ്രിയപ്പെട്ട വികാരിയായിരുന്ന ജോയ് അച്ചനെ അനുസ്മരിച്ച് സ്കിറ്റും ഡോക്യുമെന്ററിയും അവതരിപ്പിച്ചു. ഷിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ച്, എസ്.എം.സി.സി. ചിക്കാഗോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പ്രശംസാ ഫലകങ്ങള്‍ നല്‍കി പിതാവിനെ അനുമോദിച്ചു. ആന്‍ഡ്രൂസ് തോമസിന്റെ നേതൃത്വത്തില്‍ ഷിക്കാഗോ ഡയോസിസ് സെമിനാരി ഫണ്ടിലേക്ക് ഏകദേശം 400,000 ഡോളര്‍ സമാഹരിക്കുകയും ഇതിന് സഹകരിച്ചവരെ സ്റേജില്‍ അനുമോദിക്കുകയും ചെയ്തായി റോയ് വരകില്‍പറമ്പില്‍ അറിയിച്ചു

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം