ഇറാം സയന്റിഫിക് സൊലൂഷന്‍സിന് ഫ്ളോസ്റ് ആന്‍ഡ് സുള്ളിവന്‍ പുരസ്കാരം
Saturday, September 27, 2014 7:53 AM IST
റിയാദ്: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്ലെറ്റ് നിര്‍മാതാക്കളായ ഇറാം സയന്റഫിക് സൊലൂഷന്‍സിന് സാനിട്ടേഷന്‍ മേഖലയിലെ നവീനാവിഷ്കാരത്തിനായി ഏര്‍പ്പെടുത്തിയ ഫ്ളോസ്റ് ആന്‍ഡ് സുള്ളിവന്‍ 2014 പുരസ്കാരം ലഭിച്ചു.

മുംബൈ താജ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇറാം, ഐടിഎല്‍ ഗ്രൂപ്പ് സിഎംഡി ഡോ. സിദ്ദീഖ് അഹമ്മദ് ഫ്ളോസ്റ് ആന്‍ഡ് സുള്ളിവന്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജി രാമകൃഷ്ണനില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഇറാം സയന്റിഫിക് സൊലൂഷന്‍സ് സിഇഒ അന്‍വര്‍ സാദത്ത് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ദൈനംദിന ജീവിതത്തില്‍ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ ആവിഷ്കാരങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ പ്രസ്തുത പുരസ്കാരം ഊര്‍ജം നല്‍കുമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് ചടങ്ങില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളം 11 സംസ്ഥാനങ്ങളിലായി 600 ലധികം ഇ-ടോയ്ലെറ്റുകള്‍ ഇറാം ഗ്രൂപ്പ് സ്ഥാപിച്ച് തുടര്‍ പരിപാലനം നടത്തി വരുന്നുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പൊതു ശുചിമുറികളുടെ അതിരൂക്ഷമായ അപര്യാപ്തതക്ക് പരിഹാരം കാണാനുതകുന്ന വിധത്തില്‍ കൂടുതല്‍ പൊതുജന സൌഹാര്‍ദ്ദ ഇടോയ്ലെറ്റ് മാതൃകകള്‍ കമ്പനി ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ച്ചയിലും നവീകരണത്തിലും നേതൃപാടവത്തിലും മുന്നേറ്റം കൈവരിക്കാനുതകുന്ന തരത്തിലുള്ള നയരൂപീകരണം തങ്ങളുടെ പങ്കാളികള്‍ക്ക് കൈമാറുകയും അതിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന മുന്‍നിര സ്ഥാപനമാണ് ഫ്ളോസ്റ് ആന്‍ഡ് സുള്ളിവന്‍.

കഴിഞ്ഞ 50 വര്‍ഷമായി പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ആഗോള തലത്തില്‍ ആയിരത്തിലധികം സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍