മോദിക്ക് ഉജ്ജ്വല സ്വീകരണം നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
Saturday, September 27, 2014 3:10 AM IST
ന്യൂയോര്‍ക്ക് : നാലുദിവസത്തെ ഔദ്യോഗികസന്ദര്‍ശനാര്‍ഥം അമേരിക്കന്‍ മണ്ണിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്ജല സ്വീകരണം നല്‍കാന്‍ മുഴുവന്‍ മലയാളി സമൂഹവും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ഫോമ വൈസ് പ്രസിഡന്റും സ്റാറ്റന്‍ ഐലന്റ് കമ്മ്യൂണിറ്റി ബോര്‍ഡ് പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ന്യൂയോര്‍ക്കില്‍ അഭ്യര്‍ഥിച്ചു.

മോദിയുടെ പ്രധാന രണ്ടു പരിപാടികള്‍ ന്യൂയോര്‍ക്കിലാണ് നടക്കുന്നത്. ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിക്ക് രാജോചിത സ്വീകരണപരിപാടിയാണ് ലോകപ്രശസ്തമായ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍ സമുച്ഛയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇരുപതിനായിരത്തില്‍പ്പരം ആളുകള്‍ക്ക് പരിപാടികള്‍ നേരില്‍ ദര്‍ശിക്കുവാനുള്ള ക്രമീകരണമാണുള്ളത്. മാഡിസണ്‍ സ്ക്വയറിനു പുറത്ത് പൊതുജനങ്ങള്‍ക്ക് പരിപാടികള്‍ തല്‍സമയം കാണുവാന്‍ ടിവി സംവിധാനം ഒരുക്കിയിട്ടുണ്ട്. 42-ാം സ്ട്രീറ്റിലുള്ള ടൈംസ്ക്വയറിലെ കൂറ്റന്‍ ടെലിവിഷനില്‍ മോദിയുടെ പ്രസംഗം ഇംഗ്ളീഷ് മൊഴിമാറ്റ സംവിധാനത്തോടെ കാണുവാന്‍ ക്രമീകരിച്ചിരിക്കുന്നത് ആയിരങ്ങള്‍ക്ക് പ്രയോജനമാകും. ഫോമാ, ഫൊക്കാന തുടങ്ങിയ ദേശീയ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ മോദിയുടെ സ്വീകരണ പരിപാടികളില്‍ പങ്കുചേരും. ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി ബിനോയ് തോമസ് സ്വീകരണഘോഷങ്ങളുടെ സംഘാടകരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് മലയാളി സമൂഹത്തിന് ഏറെ അഭിമാനകരമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം