മാര്‍ത്തോമ യുവജനസഖ്യം യുവജനവാരം ഒക്ടോബര്‍ 12 മുതല്‍ 18 വരെ
Friday, September 26, 2014 6:09 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ യുവജനവാരാഘോഷം ഒക്ടോബര്‍ 12 മുതല്‍ 18 വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

യുവജന വരാഘോഷത്തോടനുബന്ധിച്ച് ഭദ്രാസനതലത്തിലും ഇടവക തലത്തിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

19ന് (ഞായര്‍) യുവജന ഞായര്‍ ആയി വേര്‍തിരിച്ചിരിക്കുന്നു. അന്നേദിവസം ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷകള്‍ക്ക് യുവജന സഖ്യാംഗങ്ങള്‍ നേതൃത്വം നല്‍കും.

പ്രാര്‍ഥനാ യോഗങ്ങള്‍, ഭവനസന്ദര്‍ശനം, ഭദ്രാസന യുവജനസഖ്യത്തിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയമായ ചര്‍ച്ചിംഗ് ദി ഡയസ്പോര എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനക്ളാസുകള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യുവജനവാരത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഇതോടൊപ്പം ശാഖാ, സെന്റര്‍, റീജിയണല്‍ തലങ്ങളിലും പ്രത്യേക മീറ്റിംഗുകള്‍ സംഘടിപ്പിക്കും.

ഭദ്രാസന യുവജനസഖ്യത്തിന്റെ മിഷന്‍ ബോര്‍ഡ് ഏറ്റെടുത്തിരിക്കുന്ന പദ്ധതികള്‍ക്കാവശ്യമായ സാമ്പത്തിക സഹായവും ഇതോടനുബന്ധിച്ച് വിതരണം ചെയ്യും.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രസാനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ നേതൃത്വം നല്‍കുന്ന ഭദ്രാസന യുവജനസഖ്യം കമ്മിറ്റിക്ക് റവ. ഷാജി തോമസ് (വൈസ് പ്രസിഡന്റ്), റെജി ജോസഫ് (സെക്രട്ടറി), മാത്യു തോമസ് (മോനച്ചന്‍, ട്രഷറര്‍), ലാളി തോമസ് (ഭദ്രാസന അസംബ്ളി അംഗം) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ഭദ്രാസന യുവജനസഖ്യം മിഷന്‍ ബോര്‍ഡ് കണ്‍വീനറായി ലീബോയ് തോപ്പിലും ഭദ്രാസന യുവജന സഖ്യത്തിന്റെ മുഖപത്രമായ യുവധാരയുടെ ചീഫ് എഡിറ്ററായി അജു മാത്യുവും പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി