ലോക സമാധാനദിനം- തനിമ ടേബിള്‍ ടോക്ക് ശ്രദ്ധേയമായി
Friday, September 26, 2014 6:05 AM IST
അല്‍ഖോബാര്‍: ലോക സമാധാനദിനത്തോടനുബന്ധിച്ച് തനിമ അല്‍കോബാര്‍ സോണ്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. 'സമാധാന പൂര്‍ണമായ ലോകം സാധ്യമാണ്' എന്ന തലക്കെട്ടില്‍ ഗള്‍ഫ് ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിച്ചു. മുജീബുറഹ്മാന്‍ ആലപ്പുഴ വിഷയാവതരണം നടത്തി.

മനുഷ്യന്‍ ഇടപെടുന്ന നിഖില മേഖലകളിലും അസമാധാനം നിറഞ്ഞ ഈ കാലഘട്ടത്തില്‍ ആത്മീയ ധാര്‍മിക മൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് ശാശ്വത പരിഹാരമെന്ന് അദ്ദഹേം പറഞ്ഞു. എന്തും ഏതും കച്ചവടക്കണ്ണോടെ കാണുന്ന സാമ്രാജ്യത്വ, മുതലാളിത്ത കടന്നുകയറ്റം മനുഷ്യന്റെ സാമാധാനം തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സമാധാനത്തിനുവേണ്ടി വിവിധ ഭൌതിക ദര്‍ശനങ്ങളെ സ്വീകരിച്ച മനുഷ്യന് സമാധാനം കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയകുമാര്‍, ഡോ. സുധാകര്‍ റാവു, അബ്ദുല്‍ റഷീദ്, രാജന്‍ തിരുത്തിയില്‍, എം.കെ. ഷാജഹാന്‍, ചെറിയാന്‍ കിടങ്ങന്നൂര്‍, നജ്മുസമാന്‍ മമ്പാട്, ഹുസൈന്‍ മാസ്റര്‍ പാലത്തിങ്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണുള്ളതെന്നും കുടുംബത്തകര്‍ച്ച സമൂഹത്തില്‍ പടര്‍ത്തുന്ന അസമാധാനം ഗൌരവമായി കാണേണ്ടതുണ്െടന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അഷ്റഫ് കാരക്കാട് മോഡറേറ്റായിരുന്നു. അബ്ദുള്‍ കരീം ആലുവ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. സി. കോയ ചോലമുഖത്ത്, ആസിഫ് കക്കോടി തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം