ഓണം അന്നും ഇന്നും: മലയാളം സൊസൈറ്റി ചര്‍ച്ച നടത്തി
Friday, September 26, 2014 4:53 AM IST
ഹൂസ്റന്‍: ഗ്രെയ്റ്റര്‍ ഹൂസ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, 'മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'മലയാളം സൊസൈറ്റി ഓഫ് അമേരിക്ക'യുടെ 2014 സെപ്ടംബര്‍ സമ്മേളനം 21-ന് വൈകീട്ട് നിലിന് സ്റാഫോര്‍ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റേറ്റ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്മേളിച്ചു. ജോസഫ് തച്ചാറ രചിച്ച 'ആധുനിക മനുഷ്യന്‍' എന്ന കഥയെക്കുറിച്ചും ഓണത്തെക്കുറിച്ചും ചര്‍ച്ചനടന്നു.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും ചര്‍ച്ചയ്ക്കുള്ള വിഷയങ്ങളെക്കുറിച്ച് പൊതുവായി സംസാരിക്കുകയും ചെയ്തു.

തുടര്‍ന്ന് ജോസഫ് തച്ചാറ അദ്ദേഹത്തിന്റെ 'ആധുനിക മനുഷ്യന്‍' എന്ന കഥ ഒരു നാടകകൃത്തിന്റെ സംഭാഷണ ചാതുര്യത്തോട് പാരായണം ചെയ്തു. ഈ കഥ ആധുനിക മനുഷ്യന്‍ എന്ന പേരിലെങ്കിലും ഭര്‍ത്താവിന്റെ അമിത സ്വാതന്ത്യ്രത്തിലും അവിഹത ബന്ധങ്ങളിലും മാനസിക സഘര്‍ഷം അനുഭവിക്കുന്ന സ്ത്രീകളുടെ വൈകാരിക വിഭ്രാന്തിയുടെ ബഹിര്‍സ്പുരണങ്ങളാണെന്ന് സദസ്യര്‍ വിലയിരുത്തി. അതില്‍ അശ്ളീലമാകേണ്ട പല സന്ദര്‍ഭങ്ങളും കഥാകൃത്ത് വളരെ വിദഗ്ദമായ രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. തികച്ചും ചിന്തോദ്ദീപകവും ഉദ്വേഗജനകവുമായ കഥയെന്ന് സദ്യസര്‍ അഭിപ്രായപ്പെട്ടു.

'ഓണം അന്നും ഇന്നും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദമായിരുന്നു അടുത്ത ഇനം. മോഡറേറ്ററായ എ.സി. ജോര്‍ജ് സംവാദത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഐതീഹത്തിന്റെ തുടര്‍ച്ചയെങ്കിലും കേരളീയര്‍ മറ്റെല്ലാം മറന്ന് ഒന്നായി ആഘോഷിക്കുന്ന ഏക ഉത്സവമാണ് ഓണമെന്ന് അദ്ദേഹം അറിയിച്ചു. ചാക്കൊ മുട്ടുങ്കല്‍ ഓണത്തെക്കുറിച്ച് ആമുഖപ്രസംഗം നടത്തി. നമ്മുടെ കുട്ടിക്കാലത്ത് അനുഭവിച്ച സാഹോദര്യം ഇന്ന് അന്യം നിന്നുപോയിരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

തോമസ് തയ്യില്‍ താന്‍ അധിവസിക്കുന്ന ഹൂസ്റനിലെ ഓണത്തെക്കുറിച്ച് വാചാലനായി. ഇന്ന് വിഭാഗിയതയും അനക്യവുമാണ് ഓണാഘോഷത്തില്‍പോലും നടമാടുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പൊന്നുപിള്ള ഓണത്തിന്റെ ഐതീഹത്തെക്കുറിച്ച് ചുരുക്കമായി വിശദീകരിച്ചു. മഹാബലിയെ ദേവന്മാര്‍ തന്ത്രത്തില്‍ കുടുക്കി പാതാളത്തില്‍ ചവിട്ടിത്താഴ്ത്തി. ഇന്ന് അത്തരത്തിലുള്ള തന്ത്രത്തിന്റെയും അസൂയയുടെയും അസുരവിത്തുക്കള്‍ സംഘടയുടെ നേതൃസ്ഥാനം പിടിച്ചടക്കി ഓണത്തെപ്പോലും കളങ്കപ്പെടുത്തുകയാണെന്ന് പൊന്നു പിള്ള അറിയിച്ചു.

ജി. പുത്തന്‍കുരിശ് ഓണത്തെ ആസ്പദമാക്കി എഴുതിയ 'ഓണം' എന്ന കവിത ആലപിച്ചു. മണ്ണിക്കരോട്ട് തന്റെ കുട്ടിക്കാലത്തെ ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു. ജോസഫ് മണ്ഡവത്തില്‍, സജി പുല്ലാട് എന്നിവരും സംവാദത്തില്‍ സജീവമായി പങ്കെടുത്തു. ജി. പുത്തന്‍കുരിശിന്റെ നന്ദിപ്രസംഗത്തോടെ 6.30-തിന് സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (ംംം.ാമിിശരസമൃീൌ.ില) , ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

റിപ്പോര്‍ട്ട്: ജോര്‍ജ് മണ്ണിക്കരോട്ട്