നവയുഗം വനിതാവേദി സൌദി ദേശീയ ദിനം ആഘോഷിച്ചു
Thursday, September 25, 2014 8:55 AM IST
ദമാം: നവയുഗം വനിതാവേദി വിവിധ പരിപാടികളോടുകൂടി 84-ാമത് സൌദി ദേശീയ ദിനം ആഘോഷിച്ചു. സൌദിയിലെ ഇന്ത്യക്കാരടക്കമുള്ള എല്ലാ പ്രവാസികള്‍ക്കും സൌദി ഭരണകൂടം ചെയ്യുന്ന എല്ലാ സഹായങ്ങളും മാതൃകാപരമാണ്. പോറ്റമ്മയുടെ പുരോഗതിയില്‍ പ്രവാസികളായ എല്ലാവര്‍ക്കും ഇനിയും ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ കഴിയട്ടെ എന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു.

രാജ്യത്തിന്റെ പുരോഗതിക്ക് അക്ഷീണം പ്രയത്നിക്കുന്ന അബ്ദുള്ള രാജാവിന് ആയുരാരോഗ്യ സൌഖ്യം നേര്‍ന്നു. ലോകത്തിനു മുന്നില്‍ വളരെ വലിയ വളര്‍ച്ച കൈവരിക്കാന്‍ സൌദി അറേബ്യക്ക് സാധിച്ചുവെന്നും ഇനിയും വലിയ ഉയരങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെയെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു.

തൊഴില്‍ പീഡനത്തിനിരയായി ജുബൈലില്‍ നിന്നും നവയുഗം സാംസ്കാരിക വേദിയുടെ സംരക്ഷണയില്‍ അല്‍കോബാറില്‍ എത്തിയ 43 തൊഴിലാളികള്‍ക്ക് സൌദി ദേശീയ ദിനത്തോട് അനുബന്ധിച്ച് നവയുഗം വനിതാവേദി നാലു ദിവസത്തെ ഭക്ഷണം നല്‍കും.

ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ വനിതാവേദി പ്രവര്‍ത്തകരായ റീജ ഹനീഫ, ഖദീജ ഹബീബ്, പ്രതിഭ പ്രിജി, സിനി റിയാസ്, ലത മോഹന്‍ദാസ്, സുമി ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ബാലവേദി അംഗങ്ങള്‍ സൌദി ദേശീയ ഗാനം ആലപിച്ചു. വനിതാവേദി കണ്‍വീനര്‍ ലീന ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷമീറ ഷാജഹാന്‍ സ്വാഗതവും മീനു അരുണ്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം