ഫാ. കെ. സി. മാത്യൂസ് കുട്ടോലമഠം ദിവംഗതനായി
Thursday, September 25, 2014 8:51 AM IST
ന്യൂജഴ്സി: മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിലെ ഏറ്റവും സീനിയര്‍ വൈദികനായ ഫാ. കെ.സി. മാത്യൂസ് കുട്ടോലമഠം (98) തിരുവനന്തപുരത്തെ വസതിയില്‍ ദിവംഗതനായി. സംസ്കാരം സെപ്റ്റംബര്‍ 27 ന് (ശനി) രാവിലെ ഒമ്പതിന് പാറ്റൂര്‍ സെന്റ് ഇഗ്നേഷ്യസ് ക്നാനായ പള്ളി സെമിത്തേരിയില്‍. സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ പളളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നുമുണ്ട്.

കുറിച്ചി പുതിയമഠം പരേതയായ ശോശാമ്മയാണ് ഭാര്യ. മക്കള്‍ : പരേതനായ മാത്യു ജേക്കബ്, കെ.എം. മാത്യു, കെ.എം. തോമസ് (റിട്ട. കമാന്‍ഡര്‍), ഡോ. കെ. ഏബ്രഹാം (റിട്ട. ട്യൂബര്‍ ക്രോപ്സ്), ജോസഫ് മാത്യു (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ, ന്യൂയോര്‍ക്ക്), സൂസി മാത്യു (റിട്ട. സൂപ്രണ്ട്, കെഎസ്ആര്‍ടിസി), ആനി സൈമണ്‍ (റിട്ട. കുമരകം കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥ) ഡോ. മറിയാമ്മ രാജു, സാറാമ്മ രാജു (റിട്ട. പ്രഫ. എന്‍ജിനിയറിംഗ് കോളജ് തൃശൂര്‍).

മരുമക്കള്‍ : സാറാമ്മ ജേക്കബ്, ലില്ലി മാത്യു, ഓമന തോമസ്, വല്‍സാ ഏബ്രഹാം, തങ്കമണി ജോസഫ് (ഹായ്ക്കന്‍സാക്ക് മെഡിക്കല്‍ സെന്റര്‍, പാറ്റേഴ്സണ്‍, ന്യൂയോര്‍ക്ക്), കെ.എം. മാത്തന്‍, കെ.കെ. സൈമണ്‍, ഡോ. രാജു ഏബ്രഹാം, രാജു ഇരണയ്ക്കന്‍.

ഉത്തമനായ അജപാലകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, സ്നേഹ സമ്പന്നന്‍ എന്നീ നിലകളില്‍ പ്രസാദം നിറഞ്ഞ പെരുമാറ്റവും ശാന്തസുന്ദരമായ സംഭാഷണവും കാരുണ്യം നിറഞ്ഞ പ്രവര്‍ത്തനശൈലിയും കൂടി ചേര്‍ന്ന വ്യക്തിത്വത്തിന് ഉടമയായ വല്യച്ചന്‍ ക്നാനായ സമുദായത്തിന്റെ മാത്രമായിരുന്നില്ല. തിരുവനന്തപുരം സിറ്റിയില്‍ വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വല്യച്ചനെ തിരുവനന്തപുരത്തിന്റെ നഥാനിയേല്‍ എന്നാണ് ഡോ. ഡി. ബാബു പോള്‍ വിശേഷിപ്പിക്കുന്നത്.

19 കൊച്ചുമക്കളും 14 പേരക്കുട്ടികളുമുണ്ട്. കോട്ടയം ചെങ്ങളം കുട്ടോലമഠത്തില്‍ പരേതനായ കെ.എം. ചാക്കോയ്ക്കും അച്ചാമ്മയുടെയും സാമന്ത പുത്രനായി 1916 മാര്‍ച്ച് 30 ന് ജനിച്ചു. ഒളശ മിഷന്‍ സ്കൂള്‍, സിഎംഎസ്. കോളജ് ഹൈസ്കൂള്‍, സിഎംഎസ് കോളജ് കോട്ടയം, മാര്‍ ഈവാനിയോസ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി.

1932 ജനുവരി 13 ന് തേര്‍ഡ് ഫോമില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് പരി. ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും ശെമ്മാശപട്ടവും 1940 നവംബര്‍ 26 ന് മാര്‍ യൂലിയോസ് മെത്രാപോലീത്തായില്‍ നിന്നും കശീശാ പട്ടവും സ്വീകരിച്ചു. ഇടവക പളളിയായ ചെങ്ങളം പളളിയില്‍ സേവനമനുഷ്ഠിച്ചശേഷം പോത്താനിക്കാട് സെന്റ് മേരീസ് പളളിയില്‍ വൈദികാനായും പളളിവക സ്കൂളില്‍ അധ്യാപകനായും സേവനം ചെയ്തു. ചിങ്ങവനം പുത്തന്‍പളളിയില്‍ വികാരിയായും മാര്‍ അപ്രേം സെമിനാരിയില്‍ സമുദായ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് വേളൂര്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. ചെങ്ങളം പള്ളിയില്‍ വികാരിയായിരിക്കുമ്പോഴാണ് 1951 ല്‍ തിരുവനന്തപുരം മാര്‍ ഇഗ്നേഷ്യസ് ക്നാനായ പളളിയില്‍ വികാരിയായി നിയമിതനായത്. സെന്റ് ജോസഫ് സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. 1981 ല്‍ വികാരി സ്ഥാനം ഒഴിഞ്ഞു. രണ്ട് വര്‍ഷം കുറിച്ചി വനിതാ മന്ദിരം ചാപ്പലില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് പാപ്പനംകോട്ട് കുടുംബസഹിതം സ്വസ്ഥമായ ജീവിതം നയിച്ചുവരികയായിരുന്നു.

സെന്റ് ഇഗ്നേഷ്യസ് ക്നാനായ ഇടവകയുടെ ആഭിമുഖ്യത്തില്‍ പൌരോഹിത്യ സപ്തതി ആഘോഷിക്കുകയും സ്മരണിക പ്രസിദ്ധീകരിക്കുകയും ചെയ്തു.

പല തവണ കോര്‍ എപ്പിസ്കോപ്പാ സ്ഥാനം തേടി വന്നെങ്കിലും അതെല്ലാം വേണ്െടന്ന് വെച്ചകാര്യം ഡോ. ഡി. ബാബുപോള്‍ സ്മരണികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അടുത്തയിടെ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് ലഭിച്ച കുരിശും മാലയും അത്യാദരപൂര്‍വം അണിയുന്നതിനും അതേപറ്റി വാചാലനായി സംസാരിക്കുവാനും വല്യച്ചന്‍ താല്‍പര്യം കാട്ടിയിരുന്നു. അമേരിക്കയില്‍ പത്നീ സമേതം പര്യടനം നടത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍