ഹൂസ്റണ്‍ സെന്റ് മേരീസില്‍ ഇടവകദിനം ആചരിച്ചു
Wednesday, September 24, 2014 6:15 AM IST
ഹൂസ്റണ്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ സെപ്റ്റംബര്‍ 21 ന് നടന്ന ഇടവകദിനം വര്‍ണാഭമയി. രാവിലെ പത്തിന് നടന്ന ദിവ്യബലിക്കു വികാരി ഫാ. മാത്യു മേലേടത്ത് കാര്‍മികത്വം വഹിച്ചു.

വൈകിട്ട് ഏഴിന് ഹൂസ്റണ്‍ ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വികാരി ഫാ. മാത്യു മേലേടത്തിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം ചീഫ് ഗസ്റ് ഫാ. ജോസഫ് കല്ലടന്തിയില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് തറയില്‍, ഫാ. ചാക്കോ പുതുമയില്‍, ഫാ. ജോണ്‍ പുത്തന്‍വില്ല, ഫാ. സണ്ണി പ്ളാമുട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കൈക്കാരന്‍ ജാസിം ജേക്കബ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ക്നാനായ പാരംബര്യ കലയായ മാര്‍ഗം കളിയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. ജിജോ വടാത്തല, സുനിത മാക്കില്‍, ജൂലി വെന്നലശേരി എന്നിവരുടെ പരിശീലനത്തില്‍ ഇടവകയിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച മാര്‍ഗംകളി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പരിശുദ്ധിയുടെ പ്രതീകമയ വെള്ള വസ്ത്രങ്ങളണിഞ്ഞു കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ് ദിവ്യാനുഭവം ഉളവാക്കി. പെണ്‍കുട്ടികളെ നൃത്തരൂപത്തില്‍ അവതരിപ്പിച്ച കാനായിലെ കല്യാണവും ഗലീലിയ കടല്‍ത്തിരയും പുതുമ ഉണര്‍ത്തി. മതാധ്യാപകര്‍ അവതരിപ്പിച്ച സ്വര്‍ഗവും നരകവും എന്ന സ്കിറ്റ് സദസിന്റെ പ്രശംസ പിടിച്ചുപറ്റി. സിസിഡി അവാര്‍ഡുദാനത്തിന് അധ്യാപകര്‍ നേതൃത്വം നല്‍കി.

പ്രോഗ്രാം കോഓര്‍ഡിനേറ്റേഴ്സ് ഷീബ താന്നിച്ചുവട്ടില്‍, ഷീബ പെരുമാനസേരില്‍, അതുപോലെ ഇടവകയുടെ വളര്‍ച്ചയ്ക്ക് നിസ്തുല സേവനം ചെയ്തവരെയും ആദരിച്ചു. കൈക്കരാന്‍ ജോസ് പുളിക്കതോട്ടിയില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: സജി മരങ്ങട്ടില്‍