അസീസിയ സോക്കര്‍ ടൂര്‍ണമെന്റ്; ലാന്റേണ്‍ എഫ്സി ജേതാക്കള്‍
Tuesday, September 23, 2014 7:49 AM IST
റിയാദ്: അസീസിയ സോക്കര്‍ ക്ളബ് സംഘടിപ്പിച്ച ദ്വിദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആവേശകരമായ കലാശപോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോയല്‍ റിയാദ് സോക്കറിനെ പരാജയപ്പെടുത്തി ലാന്റേണ്‍ എഫ്സി സിറ്റി ഫ്ളവര്‍ ട്രോഫി കരസ്ഥമാക്കി.

പൊരുതിക്കളിച്ച് പരാജയപ്പെട്ട റോയല്‍ റിയാദ് സോക്കര്‍ റോളക്സ് കാര്‍ഗോ റണ്ണര്‍ അപ്പ് ട്രോഫിയും നേടി. രണ്ട് വെള്ളിയാഴ്ചകളിലായി നടന്ന ടൂര്‍ണമെന്റിന്റെ സമാപനചടങ്ങില്‍ സിറ്റി ഫ്ളവര്‍ സിഇഒ ഫസല്‍ റഹ്മാന്‍, അമാന മാനേജിംഗ് ഡയറക്ടര്‍ മാജിദ് അല്‍ ഹൌഫ്, റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, നാസര്‍ കാരന്തൂര്‍, ബീരാന്‍ കോഴിക്കോട്, ദേവന്‍ പാലക്കാട് തുടങ്ങിയവര്‍ അതിഥികളായിരുന്നു.

അവസാന ദിവസം നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ റോയല്‍ റിയാദ് സോക്കര്‍ ടൈ ബ്രേക്കറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുണൈറ്റഡ് ചാലിയാറിനെ പരാജയപ്പെടുത്തിയും ലാന്റേണ്‍ എഫ്സി ഷൂട്ടൌട്ടില്‍ റെയിന്‍ബോ ക്ളബിനെ പരാജയപ്പെടുത്തിയും ഫൈനലില്‍ പ്രവേശിച്ചു.

വെറ്ററന്‍സ് സൌഹൃദ മത്സരത്തില്‍ ബഷീര്‍ ചേലേമ്പ്രയുടെ ടീം വിജയിച്ചു. ആദ്യാവസാനം ആവേശം മുറ്റി നിന്ന ഫൈനല്‍ മത്സരത്തില്‍ ലാന്റേണ്‍ എഫ്സിക്കുവേണ്ടി ബുഷൈര്‍ അരീക്കോട് രണ്ട് ഗോളുകള്‍ നേടി. കളിയില്‍ മികച്ച ഗോള്‍ കീപ്പര്‍ സിനു (ലാന്റേണ്‍ എഫ്സി), ഡിഫന്റര്‍ ബിജു റാഫേല്‍ (റോയല്‍ റിയാദ് സോക്കര്‍), നല്ല കളിക്കാരന്‍ ഷാഹിദ് (ലാന്റേണ്‍ എഫ്സി), മികച്ച ഫോര്‍വേര്‍ഡ് നജീബ് ചെറുകര (റോയല്‍ റിയാദ് സോക്കര്‍), ടോപ്പ് സ്കോറര്‍ ബുഷൈര്‍ അരീക്കോട്, മികച്ച വിംഗ് ബാക്ക് അബ്ദുള്ള അരീക്കോട് (ലാന്റേണ്‍ എഫ്സി) എന്നിവരെ തെരഞ്ഞെടുത്തു.

ഫൈനല്‍ മത്സരത്തിന്റെ കിക്കോഫ് ഫസല്‍ റഹ്മാന്‍ നിര്‍വഹിച്ചു. മാജിദ് അല്‍ ഹൌഫ്, ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, ഹൈദ്രോസ് തങ്ങള്‍, ബഷീര്‍ ചേലേമ്പ്ര, അബൂബക്കര്‍ തൃക്കടീരി തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഹംസ തൃക്കടീരി അധ്യക്ഷത വഹിച്ച സമാപനചടങ്ങില്‍ കബീര്‍ വല്ലപ്പുഴ സ്വാഗതവും ഹൈദ്രോസ് തങ്ങള്‍ നന്ദിയും പറഞ്ഞു. ടൂര്‍ണമെന്റിന് നേതൃത്വം നല്‍കിയ കബീര്‍ വല്ലപ്പുഴയെ അസീസിയ സോക്കര്‍ മൊമെന്റോ നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍