സൌദി ദേശീയ ദിനം: കെഎംസിസി രക്തദാന കാമ്പയിന്‍ ചൊവ്വാഴ്ച മുതല്‍
Tuesday, September 23, 2014 4:50 AM IST
റിയാദ്: 84-ാമത് സൌദി ദേശീയദിനത്തില്‍ കെഎംസിസി പ്രവര്‍ത്തകര്‍ രക്തം നല്‍കി സൌദി ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. ഓരോ യൂണിറ്റിലും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഇന്ന് (ചൊവ്വ) മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ വിജയിപ്പിക്കാന്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും അഭ്യര്‍ഥിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ദേശീയ ദിനത്തില്‍ രക്തം ദാനം നല്‍കിയത്.

ജീവകാരുണ്യമേഖലയില്‍ ഇതിനകം ഒട്ടേറെ സേവനങ്ങള്‍ നല്‍കി പ്രശംസ പിടിച്ചുപറ്റിയ കെഎംസിസിയുടെ ഈ ഉദ്യമത്തിന് കഴിഞ്ഞ ദിവസം സൌദി ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

റിയാദ്, ജിദ്ദ, മക്ക, മദീന, ദമാം, അല്‍ജൌഫ്, യാമ്പു, അറാര്‍, അല്‍ഖര്‍ജ്, ബുറൈദ, ഖമീസ്മുശൈത്ത് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കെഎംസിസി പ്രവര്‍ത്തകര്‍ എത്തി രക്തദാനം നിര്‍വഹിക്കും. റിയാദില്‍ ബത്ഹയിലെ കെഎംസിസി ഓഫീസ് പരിസരത്തുനിന്നും ഓള്‍ഡ് സനായയില്‍നിന്നും വാഹന സൌകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രക്തദാനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ രാവിലെ 8.30 മുതല്‍ രണ്ടു വരെ ഷുമൈസി ആശുപത്രിയില്‍ എത്തണം. ജിദ്ദയിലെ രക്തദാനം 8.30ന് കിംഗ് ഫഹദ് ആശുപത്രിയില്‍ നടക്കും.

മദീനയില്‍ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ രക്തദാനം രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കും. മീഖാത്ത്, ഖുബാ, അവാലി സിറ്റി, സുല്‍ത്താന, ജുറൂഫ് എന്നിവടങ്ങളില്‍ നിന്ന് രാവിലെ മുതല്‍ വാഹന സൌകര്യം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മദീനയിലെ പോലീസ് സേനയലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നവാഫ് നഹാസ് രക്തദാന ക്യാമ്പിന് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

റിയാദ്- ജലീല്‍ തിരൂര്‍ (0509099849), ജിദ്ദ- അഹ്മദ് പാളയാട്ട് (0501821152), മക്ക- മുജീബ് പൂക്കോട്ടൂര്‍ (0502336683), കിഴക്കന്‍ പ്രവിശ്യ - ഖാദര്‍ ചെങ്കള (0500073288), മദീന- മുഹമ്മദ് ഷരീഫ് (0509561870), അല്‍ജൌഫ്- അബ്ദുസമദ് (0501097833), യാമ്പു- അബ്ദുള്‍കരീം (0502759745), അറാര്‍- നജീബ് (0501239224), അല്‍ഖര്‍ജ്- അസീസ് ചുങ്കത്തറ ( 0507032985), ബുറൈദ- അബ്ദുള്‍ലത്തീഫ് തച്ചംപൊയില്‍ (500138640), ഖമീസ് മുശൈത്ത്- ബഷീര്‍ മൂന്നിയൂര്‍ (0597641441) എന്നിവരാണ് കോ-ഓര്‍ഡിനേറ്റര്‍മാര്‍.

അതത് പ്രവിശ്യയിലുള്ളവര്‍ ഇവരുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പി.ടി മുഹമ്മദും ആക്ടിംഗ് സെക്രട്ടറി ബഷീര്‍ മൂന്നിയൂരും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍