കെഎംസിസി പലിശ വിരുദ്ധ കാമ്പയിന്‍
Tuesday, September 23, 2014 4:49 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസിയുടെ റിവൈവ് 2014 കാമ്പയിനിന്റെ ഭാഗമായുള്ള പലിശ വിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പലിശയുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

ബത്ഹയിലെ ന്യൂസഫാ മക്കാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. ലിയാവുദ്ദീന്‍ ഫൈസി മേല്‍മുറി വിഷയമവതരിപ്പിച്ചു. ജൂതന്‍മാര്‍ ഇന്നത്തെ രീതിയില്‍ നടപ്പാക്കിയ പലിശ തീര്‍ത്തും ജനദ്രോഹപരമാണെന്നും അത് സമൂഹത്തില്‍ നിന്നും വേരോടെ നിര്‍മാര്‍ജനം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്ലാം മതം സകാത്ത് നിര്‍ബന്ധമാക്കിയത് ധനികരില്‍ പാവങ്ങള്‍ക്കുള്ള അവകാശം അവര്‍ക്ക് നേടിക്കൊടുക്കുന്നതിന് വേണ്ടിയാണെന്നും ആധുനിക ബാങ്കുകള്‍ പാവങ്ങള്‍ക്ക് നല്‍കുന്ന വായ്പയിലൂടേയും മറ്റും അവരെ ചൂഷണം ചെയ്ത് പണക്കാരന്റെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പലിശയുടെ വിപത്തുകളെ ഉദാഹരണ സഹിതം വിശദീകരിച്ച അദ്ദേഹം സദസില്‍ നിന്നും ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ഷാഫി പുറത്തൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നുമ്മല്‍ കോയ, കോയാമു ഹാജി, അബ്ദുസമദ് കൊടിഞ്ഞി, ഷരീഫ് കൈപ്പുറം, റഫീഖ് പുല്ലാര, ഷാജഹാന്‍ തിരുവനന്തപുരം, മുഹമ്മദലി വണ്ടൂര്‍, മുഹമ്മദ് വേങ്ങര, സ്വാലിഹ് അമ്മിനിക്കാട് എന്നിവര്‍ പ്രസംഗിച്ചു. മൊയ്തീന്‍ കുട്ടി തെന്നല, അഡ്വ. അനീര്‍ ബാബു, യൂനുസ് സലിം താഴെക്കോട്, അഷ്റഫ് കല്‍പ്പകഞ്ചേരി, സാജിദ് മൂന്നിയൂര്‍, അസീസ് വെങ്കിട്ട, മുജീബ് ഇരുമ്പുഴി, അലി ഹസന്‍ മൈത്ര, ഇബ്രാഹിം ഹാജി, ഷുക്കൂര്‍ വടക്കേമണ്ണ, ഇസ്മായില്‍ കുന്നപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷൌക്കത്ത് കടമ്പോട് സ്വാഗതവും ശുഹൈബ് പനങ്ങാങ്ങര നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍