ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ ഓപ്പണ്‍ സ്കൂള്‍ ആരംഭിക്കുന്നു
Tuesday, September 23, 2014 4:48 AM IST
കുവൈറ്റ്: മിഡിലീസ്റില്‍ ആദ്യമായി റെഗുലര്‍ അടിസ്ഥാനത്തിലുള്ള ഓപ്പണ്‍ സ്കൂള്‍ കുവൈറ്റില്‍ തുടങ്ങുന്നു. കുവൈറ്റിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലാണ് നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ അംഗീകാരത്തോടെ ഓപ്പണ്‍ സ്കൂള്‍ സംവിധാനം ആരംഭിക്കുന്നത്.

പത്ത്, പന്ത്രണ്ട് ക്ളാസുകളിലേക്കാണ് പ്രവേശനം. ഒക്ടോബര്‍ ഒന്ന് മുതല്‍ ആദ്യ ബാച്ചിന്റെ അധ്യയനം ആരംഭിക്കും. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10.30ന് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ളാസ് നടക്കും. സിബിഎസ്സി, ഐസിഎസ്സി എന്നിവക്ക് തുല്യമായ ആധികാരികതയുള്ളതാണ് കോഴ്സെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

പത്താം ക്ളാസില്‍ കഠിനമായ വിഷയങ്ങള്‍ ഒഴിവാക്കി താല്‍പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. പ്ളസ്ടുവിന് സയന്‍സ്, കൊമേഴ്സ്, ഹൂമാനിറ്റീസ് എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം. സയന്‍സ് തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രാക്ടിക്കല്‍ ക്ളാസിനുള്ള സൌകര്യം ഉണ്ട്. ഏതെങ്കിലും ഒരു വിഷയത്തിലെ പരാജയം കാരണം പഠനം നിര്‍ത്തേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്കു പുതിയ പഠന രീതി ഏറെ പ്രയോജനപ്പെടുമെന്ന് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനുമോന്‍ പറഞ്ഞു.

ആദ്യ ബാച്ചിലേക്ക് നൂറോളം വിദ്യാര്‍ഥികള്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴില്‍ 1989 ലാണ് നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍