റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കത്തീഡ്രല്‍ വികാരി
Tuesday, September 23, 2014 3:54 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ ഇടവകയുടെ പുതിയ വികാരിയായി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിനെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് നിയമിച്ചു. ഇപ്പോള്‍ കത്തീഡ്രല്‍ വികാരിയായിരിക്കുന്ന മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ട് രൂപതയുടെ സഹായ മെത്രനായി നിയമിതനാകുന്നതിനാലാണ് അഗസ്റിനച്ചനെ കത്തീഡ്രല്‍ ദേവാലയത്തിന്റെ പുതിയ വികാരിയായി നിയമിച്ചിരിക്കുന്നത്.

രൂപതയുടെ വികാരി ജനറാളും, മെത്രാഭിഷേക ചടങ്ങുകളുടെ ജനറല്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന അഗസ്റിനച്ചന്‍ 2014 ഒക്ടോബര്‍ അഞ്ചാം തീയതിയാണ് പുതിയ നിയമനപ്രകാരം ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. പുതിയ വികാരിയുടെ നിയമനം സംബന്ധിച്ചുള്ള അറിയിപ്പ് സെപ്റ്റംബര്‍ 21-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നടത്തി. മെത്രാന്റെ ഔദ്യോഗിക സിംഹാസന ദേവാലയമാണ് കത്തീഡ്രല്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം