വിചാരവേദിയില്‍ ഓണാഘോഷവും ഡോ. എ.കെബി. പിള്ളയ്ക്ക് ആദരവും
Tuesday, September 23, 2014 3:53 AM IST
ന്യൂയോര്‍ക്ക്: വിചാരവേദി കെസിഎഎന്‍എയില്‍ (ക്യൂന്‍സ്, ന്യൂയോര്‍ക്ക്) വച്ച് നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത, ഓണവും മതസൌഹാര്‍ദവും എന്ന വിഷയത്തെ കൂറിച്ചുള്ള ചര്‍ച്ചയും, പണ്ഡിതനുമായ ഡോ. ഏ. കെ. ബി. പിള്ളക്കു നല്‍കിയ ആദരവുമാണ്. പ്രമുഖരായ സാഹിത്യകാരന്മാരും ബുദ്ധിജീവികളും പങ്കെടുത്തു. വൈലോപ്പള്ളിയുടേയും പാലാ നാരായണന്‍ നായരുടേയും പാരമ്പര്യത്തെ ധ്വനിപ്പിച്ചുകൊണ്ട് അനുഗൃഹീത കവി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ കേരളത്തിലെ ഗ്രാമീണ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന ഹൃദ്യമായ സ്വന്തം കവിത ചൊല്ലിക്കൊണ്ട് ഓണാഘാഷം ആരംഭിച്ചു.

ജാതിമതവര്‍ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ ഒരു ജനത ഒന്നായി കേരളത്തില്‍ ബഹുമതങ്ങള്‍ ഉടലെടുക്കുന്നതിനു മുന്നമേ വേദകാലഘട്ടത്തിലെന്നോ ആരംഭിച്ച ഓണാഘോഷ പിന്നീട് മതം മാറിയവരുടേയും സംസ്കൃതിയുടെ ഭാഗമായി മാറി. അതുകൊണ്ടായിരിക്കാം വേറിട്ടു നില്‍ക്കാതെ ഓണം അവരുടേയും ആഘോഷമാക്കി മാറ്റിയത്. ഇപ്പോള്‍ എന്തേ എന്റേതെന്നും നിന്റേതെന്നും ചിന്തിക്കണം. എവിടേയോ ബോധപൂര്‍വ്വമായ ചില സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലേ. നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അതായിരിക്കും ഇത്തരം ചര്‍ച്ചകളുടെ പ്രസക്തി എന്ന് സെക്രട്ടറി സാംസി കൊടുമണ്‍ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഭാരതീയ സംസ്കാരത്തിന്റെ ആദ്യപര്‍വ്വം വേദോപനിഷത്തുക്കളുടെ കാലമാണ്. ജാതിമത ഭേദചിന്തകളോ വിവേചനങ്ങളോ ഇല്ലാതിരുന്ന കാലം. നൂറ്റാണ്ടുകള്‍ പിന്നിട്ടതോടെ മനുഷ്യരുടെ ചിന്താഗതികള്‍ക്ക് മാറ്റം വന്നു. അവരുടെ മേല്‍ മതങ്ങളുടെ സ്വാധീനമുണ്ടായി. മാനസികമായ വികാസവും ചിന്താഗതിയുടെ ഔന്നത്യവും നേടി ഉപനിഷദ്സംസ്കാരത്തെ പോലുള്ള ഒരു സംസ്കാരം വളര്‍ത്തിയെടുക്കണമെന്നും എങ്കില്‍ മാത്രമേ ഇതിഹാസത്തിലെ ചക്രവര്‍ത്തി മഹാബലിയുടെ കാലത്തിലെ പോലെ സമത്വ സുന്ദരമായ ഒരു സമൂഹവും പരസ്പര സ്നേഹവും മതസൌഹാര്‍ദ്ദവും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്നും പ്രസിഡന്റ് വാസുദേവ് പുളിക്കല്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കയിലെ മലയാളികളിലുള്ള കലാസംഗീത വിജ്ഞാനത്തിന്റെ ഉത്തമമായ ഒരു പ്രകാശനമായിരുന്നു ഓമന വാസുദേവ് ആലപിച്ച ക്ളാസ്സിക്കല്‍ സംഗീതം (രാരവേണു ഗോപാ ബാലാ..).

തുടര്‍ന്ന് ഡോ. എ.കെ.ബി പിള്ള മുഖ്യപ്രഭാഷണം ചെയ്തു. പതിവുപോലെ അദ്ദേഹം പുരാചരിത്രം, സാമൂഹ്യത, മതം, സമകാലീന പ്രശ്നങ്ങള്‍ ഇവയെ ആധാരമാക്കി ഓണത്തിന്റെ ശാസ്ത്രീയമായ പ്രത്യേകതകള്‍ വെളിവാക്കി. കേരളത്തില്‍ 200 ബിസിക്കു മുമ്പ് സമത്വവും നീതിയും സുഭിക്ഷതയുമുള്ള ഒരു വ്യവസ്ഥിതിയുണ്ടായിരുന്നു. രാജാവിന്റെ ധര്‍മ്മം അധികാരപ്രകടനമല്ല, എല്ലാ ജനങ്ങളുടേയും എല്ലാത്തരത്തിലുമുള്ള ക്ഷേമത്തിനു വേണ്ടിയുള്ള ശ്രമമായിരുന്നു. അതു പോലുള്ള ഒരു വ്യവസ്ഥിതി ഇന്നും തെക്കേ അമേരിക്കയില്‍ കൊളംബിയയില്‍ മലമുകളില്‍ ഒളിഞ്ഞു കഴിയുന്ന കോക്കി ഇന്ത്യാക്കാരിലുണ്ട്. നന്മയുടെ മൂര്‍ത്തികരണമായിരുന്ന മഹാബലിയെ സാത്വികം പുലര്‍ത്തുന്ന മഹാവിഷ്ണു അനുഹ്രഹിച്ച് ദൈവസന്നിധിയിലേക്കാണ് അയച്ചത് (ഭാഗവതം). ഇന്നത്തെ മതസംഘര്‍ഷത്തിന് പരിഹാരം മതവിശ്വാസികള്‍ പരസ്പരം മനുഷ്യത്വമൂല്യങ്ങളെ സഹാനുഭൂതിയോടെ വീക്ഷക്കണമെന്നാണ് മാനവവികാസ ശാസ്ത്രജ്ഞനായ ഡോ. ഏ. കെ. ബി. ചുണ്ടിക്കാട്ടിയത്. ഇതാണ് മതാചാര്യന്മാര്‍ പഠിപ്പിക്കുന്നത്. ഉപരിയായി ഈ വീക്ഷണം മനുഷ്യന്റെ ആരോഗ്യത്തിനും നല്ലതാണെന്നും ഡോ. എ.കെ.ബി പിള്ള പറഞ്ഞു.

പ്രതിഭാശാലിയായ ഡോ. എ.കെ. ബി.പിള്ളയുടെ സാഹിത്യം, തത്വചിന്ത, മനുഷ്യസ്നേഹം എന്നീ നിലകളില്‍ ലോകോത്തരമായ നേട്ടങ്ങളും മലയാളഭാഷക്കും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിനും വേണ്ടി നിരന്തരം പരിശ്രമിക്കുന്നതും കണക്കിലെടുത്ത് വിചാരവേദി ഘശളല ഠശാല അരവശല്ലാലി അംമൃറ (പ്രശസ്തി ഫലകവും പൊന്നാടയും) നല്‍കി ആദരിച്ചു. പ്രസിഡന്റ് വാസുദേവ് പുളിക്കലും സക്രട്ടറി സാംസി കൊടുമണ്ണൂം യഥാക്രമം പ്രശസ്തി ഫലകവും പൊന്നാടയും നല്‍കി. സഭാംഗങ്ങള്‍ ഒന്നടങ്കം ഉല്‍ഘോഷിച്ചു. ഉടന്‍ തന്നെ പ്രസിദ്ധീകരണത്തിന് തയ്യാറായി വരുന്ന ഡോ. ഏ. കെ. ബി. പിള്ളയുടെ ജീവചരിത്രത്തെ ഗ്രന്ഥകര്‍ത്താക്കള്‍ ഡോ. ജയിംസ് ഹോവല്‍, ഡോ.ഹീരാം പിന്റോ തുടങ്ങിയവരെ അടിസ്ഥാനമാക്കി വാസുദേവ് പുളിക്കല്‍ മലയാളികള്‍ക്കാകെ ഏറ്റവും പ്രചോദനകരമായ ഒരു അവതരണം നടത്തി.

മലയാള സാഹിത്യചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുള്ള ഡോ. എ.കെ. ബാലകൃഷ്ണപിള്ള അന്‍പതോളം ചെറുകഥകളുടേയും രണ്ടു സഞ്ചാരസാഹിത്യ ഗ്രന്ഥങ്ങളുടേയും (യൂണിവേഴ്സിറ്റി പാഠപുസ്തകങ്ങള്‍) ഗ്രന്ഥകര്‍ത്താവാണ്. അദ്ദേഹത്തിന്റെ ഉത്തമമയ സര്‍ക്ഷത്മകത്വത്തിന് അടിസ്ഥാനം സമഗ്രമായ അഭ്യാസമാണ്. അതില്‍ ഉന്നത വിദ്യാഭാസവും ജീവകാരുണ്യ പ്രവര്‍ത്തനവും അതി പ്രധാനമാണ്. ഇന്നത്തെ മതസൌഹാര്‍ദ്ദത്തിന് ഓണം നല്കുന്ന പരിഹാരത്തെ പറ്റി സദസ്യരില്‍ നിന്ന് പലരും സംസാരിച്ചു. ഓണാഘോഷത്തിന് പൊലിമ വര്‍ദ്ധിപ്പിച്ചത് റവ. ഡോ. യോഹന്നാന്‍ ശങ്കരത്തിലിന്റെ ഓണസന്ദേശവും ഡോ. ജോയ് കുഞ്ഞാപ്പു, മനോഹര്‍ തോമസ്, ഡോ. നന്ദകുമാര്‍, പി. റ്റി. പൌലോസ്, വര്‍ഗീസ് ചുങ്കത്തില്‍ എന്നിവരുടെ ഉള്‍ക്കാഴ്ചയോടെയുള്ള പ്രസംഗങ്ങളുമാണ്. റവ. ഡോ. ശങ്കരത്തില്‍ ഓണം ഉള്ളവരുടെ ആഘോഷത്തിനപ്പുറമായി ഇല്ലാത്തവരുടെ സംരക്ഷണം കൂടി ആകണമെന്നു പറഞ്ഞു. മുനുഷ്യത്വത്തിന്റെ മൂല്യമായ മതങ്ങള്‍ സംഘര്‍ഷം അവസാനിപ്പിക്കേണ്ട ആവശ്യകത മറ്റു പ്രാസംഗികര്‍ ചൂണ്ടിക്കാണിക്കുകയും ചില ഓണാനുഭവങ്ങള്‍ അയവിറക്കുകകയും ചെയ്തു. രാജു അബ്രാഹവും സംഘവും ചേര്‍ന്നു പാടിയ വള്ളപ്പാട്ട് ഒരു വള്ളം കളിയുടെ പ്രതീതിയുളവാക്കി. ബാബൂ പാറയ്ക്കല്‍ നന്ദി പറഞ്ഞു. ഓണസദ്യ വിഭവസമൃദ്ധവും രുചികരവുമായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം