വൈദിക സമ്മേളവും കാതോലിക്കാ നിധി ശേഖരണ സമ്മേളനവും
Tuesday, September 23, 2014 3:53 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന വൈദിക സമ്മേളവും കാതോലിക്കാ നിധി ശേഖരണ സമ്മേളനവും സെപ്റ്റംബര്‍ 26, 27 തീയതികളില്‍ ഫിലാഡല്‍ഫിയ ഡ്രെക്സല്‍ ഹില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലത്തില്‍ (4400 സ്റേറ്റ് റോഡ്, പി.എ 19026) നടക്കും. സമ്മേളത്തില്‍ മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാതോലിക്കാ നിധി സ്വീകരിക്കും.

വ്യാഴാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന വൈദിക സമ്മേളത്തില്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ 9.30ന് പരിശുദ്ധ കാതോലിക്കാ ബാവാ വൈദികരെ അഭിസംബോധന ചെയ്യും. ഭദ്രാസന മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.

ശനിയാഴ്ച രാവിലെ എട്ടിന് വി.കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന കാതോലിക്കാ നിധി ശേഖരണ സമ്മേളനത്തില്‍ ഇടവകകളില്‍ നിന്നുള്ള കാതോലിക്കാ ദിനപ്പിരിവ് പരിശുദ്ധ കാതോലിക്കാ ബാവാ ഏറ്റുവാങ്ങും. സമ്മേളനത്തില്‍ കാതോലിക്കാനിധി ശേഖരണ ഫിനാന്‍സ് ചുമതലയുള്ള ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, പരുമല ക്യാന്‍സര്‍ സെന്റര്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഫാ. ഷാജി മുകടിയില്‍, സഭാ മാനേജിഗ് കമ്മറ്റിയംഗങ്ങള്‍. ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ബാവായോടൊപ്പം പങ്കെടുക്കും. നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കളാവോസ് അദ്ധ്യക്ഷത വഹിക്കും. ഇടവകകളില്‍ നിന്നും ടാര്‍ജറ്റ് തുകകള്‍ നല്‍കുന്നതില്‍ വികാരിമാരും ഇടവക ചുമതലക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അവശ്യപ്പെട്ടു. സമ്മേളനത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും വൈദികരും, ട്രസ്റ്റി, സെക്രട്ടറി, മറ്റു ചുമതലക്കാര്‍ തുടങ്ങിയവരും പങ്കെടുക്കും.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം