നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും മാഡിസന്‍ സ്ക്വയര്‍ ഗാര്‍ഡനും ഒരുങ്ങി
Tuesday, September 23, 2014 3:52 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപതിനായിരത്തിലധികം അമേരിക്കന്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂയോര്‍ക്കിലെ ഏറ്റവും പുരാതനവും സജീവവുമായ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ നടത്തുന്ന പൊതു പരിപാടിയില്‍ സംസാരിക്കുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഫൌണ്േടഷന്‍ എന്ന നൂതന സംഘടനയുടെ കീഴില്‍ എച്എസ്എസ്, ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി എന്നിവയുടെ നേതൃത്വത്തില്‍ നാനൂറിലധികം വരുന്ന സംഘടനകള്‍ ഒത്തുചേര്‍ന്നാണ് ഈ സംരഭം വിജയകരമായി നടത്തുന്നതിന് പരിശ്രമിക്കുന്നത്. ഡോ ഭരത് ഭരായ്, ചന്ദ്രകാന്ത് പട്ടേല്‍ , ഡോ. യെല്ലോജി മിരാജ്കര്‍തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എല്ലാവിധ പരിപാടികളും ആസൂത്രണം ചെയ്തുവരുന്നത്.

പ്രസംഗം നടക്കുന്ന വേദിയിലേക്ക് ഫോണ്‍ മാത്രമേ കടത്താന്‍ അനുവാദമുള്ളൂ, അതായത് മീഡിയ, ക്യാമറ ഇവ ഉള്ളില്‍ അനുവദനീയമല്ല. ഉള്ളില്‍ അഞ്ചു ക്യാമറകള്‍ സെറ്റ് ചെയ്തിട്ടുണ്ട് ടി വി ഏഷ്യയുടെ നേതൃത്വത്തില്‍ മറ്റു ഇന്ത്യന്‍ ചാനലുകലോടൊപ്പം. അതില്‍ നിന്നുള്ള പോര്‍ട്ടല്‍ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനു പുറത്തു ലഭ്യമാണ്. ചാനലുകള്‍ക്ക് 10000 കൊടുത്തു വരിക്കാരാകാം. മോദി ഹിന്ദിയില്‍ ആവും പ്രസംഗിക്കുക. അപ്പോള്‍ ഇംഗ്ളീഷ് പരിഭാഷ ലൈവായി ലഭ്യമാണ്. അരീനയുടെ മുകളില്‍ നാല് സ്ക്രീന്‍ ഇംഗ്ളീഷ് ഉപശീര്‍ഷകത്തോടെ കാണിക്കുന്നതായിരിക്കും. അതേസമയം മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനു പുറത്തുള്ള സ്ക്രീനിലും ലൈവ് കാണാം. ഉള്ളില്‍ കടക്കാന്‍ ഇനിയും ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് പുറത്തു നിന്ന് കാണാവുന്നതാണ്. അതുപോലെ മീഡിയക്കും പുറത്തു നിന്ന് ലൈവ് ആയി കാണാവുന്നതാണ്. അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ന്യൂ യോര്‍ക്കിലെ മറ്റൊരു സുപ്രസിദ്ധ സ്ഥലമായ ടൈം സ്ക്വയറില്‍ പ്രസംഗം തത്സമയം ഉപശീര്‍ഷകത്തോടെ കാണിക്കുന്നതായിരിക്കും. ടിക്കറ്റ് കിട്ടാത്തവര്‍ക്കുള്ള രണ്ടാമത്തെ പരിഹാരമാണിത്. അതുമല്ലെങ്കില്‍ ടി വി ഏഷ്യയുമായി ബന്ധപ്പെട്ടു ഒരു കൂട്ടം ആളുകള്‍ക്ക് ഒരു സ്ഥലത്ത് കൂടി കാണാനുള്ള സംവിധാനം ചെയ്യാവുന്നതാണ്. ഇതൊന്നുമല്ലെങ്കില്‍ ലൈവ് ആയി യു ട്യൂബ് കാണാവുന്നതാണ് മൊബൈല്‍ ഫോണില്‍ കൂടിയും.

ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ യൂത്ത് കണ്‍വീനര്‍ ശിവദാസന്‍ നായര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം